Aelay Movie OTT: 2021ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘ഏലേയ്.’ കോമഡി ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തിന്റെ സംവിധായിക ഹലിതാ ഷമീമാണ്. രണ്ടു വർഷങ്ങൾക്കു മുൻപ് റിലീസിനെത്തിയ ചിത്രം ഇപ്പോൾ ചർച്ചകളിലിടം നേടിയിരിക്കുകയാണ്. ലിജോ ജോസ്- മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിനു ‘ഏലേയു’മായി സാമ്യമുണ്ടെന്ന സംവിധായികയുടെ ആരോപണമാണ് ഇതിനു വഴിവച്ചത്. ‘ഏലേയ്’യുടെ എയ്സ്തെറ്റിക്സ് അതേപടി നൻപകലിലും പകർത്തിയെന്നാണ് സംവിധായികയുടെ പ്രധാന ആരോപണം.
2021 ഫെബ്രുവരി 12നു തിയേറ്റിലെത്തിയ ചിത്രം അതേ വർഷം മാർച്ചിലാണ് ഒടിടിയിലെത്തിയത്. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ‘നൻപകൽ നേരത്ത് മയക്ക’വും ഫെബ്രുവരി 23 മുതൽ നെറ്റ്‌ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.
ഹലിതാ ഷമീമ തന്നെയാണ് ‘ഏലേയ്’ യുടെ തിരക്കഥ ഒരുക്കിയത്. സമുദ്രകനി, മണികണ്‌ഠൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ് ശശികാന്ത്, രാമചന്ദ്രാ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. നൻപകലിന്റെ ഛായാഗ്രാഹകനും ഈശ്വർ തന്നെയായിരുന്നു.
ഇരു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ള സാമ്യതയാണ് പ്രേക്ഷകർ ആദ്യം ചൂണ്ടി കാണിച്ചത്. പോസ്റ്റിറിന്റെ ഡിസൈനിങ്ങിലും കളറിങ്ങിലും സാമ്യകളുണ്ടെന്നത് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്. അതു കൂടാതെ പ്രധാനമായും ഉയരുന്നത് ഇരു ചിത്രങ്ങളുടെയും എയ്‌സ്തെറ്റിക്‌സിലുള്ള സാമ്യതയാണ്. ഒരു ചിത്രത്തിന്റെ ദൃശ്യ- ശ്രവ്യ ഘടകങ്ങൾ ഒന്നിച്ചെത്തി ആ സൃഷ്‌ടിക്കു നൽകുന്ന സൗന്ദര്യത്തെ എയ്‌സ്തെറ്റിക്സ് എന്നതു കൊണ്ട് നിർവചിക്കാനാകും. ഒരോ ചിത്രങ്ങൾക്കു അതു വേറിട്ടതായിരിക്കും.
ഇരു ചിത്രങ്ങളുടെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. അപ്പോൾ ഈ സാമ്യത സ്വാഭാവികമല്ലേയെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരേ ലൊക്കേഷനും ഒരേ ഛായാഗ്രാഹകനുമാകുമ്പോൾ സാമ്യത തോന്നും എന്നത് സ്വാഭാവികമാണെന്ന വാദത്തെ തള്ളികളയാനാകില്ലെന്നും ഒരു കൂട്ടം ആസ്വാദകർ പറയുന്നു.
തമിഴ് സംവിധായിക ഹലിതാ ഷമീമാണ് ‘നൻപകൽ നേരത്ത് മയക്ക’ത്തിനെതിരെ ആരോപണം ഉയർത്തിയിരിക്കുന്നത്. “എന്റെ ചിത്രമായ ഏലേയുടെ എയ്സ്തെറ്റിക്സ് അതേപടി നൻപകലിൽ പകർത്തിയിരിക്കുകയാണ്. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തത് ഒരേ സ്ഥലത്താണെന്നത് സന്തോഷമുള്ള കാര്യമാണ് പക്ഷെ അതേ പോലെ കോപ്പിയടിക്കുന്നത് സഹിക്കാനാവില്ല. വില്ലേജിലുള്ള ആളുകളെ ഏലേയ്ക്കു വേണ്ടി ഞങ്ങൾ ട്രെയിൻ ചെയ്തിരുന്നു” ഹലിതാ പറഞ്ഞു. ഇരു ചിത്രങ്ങളുടെയും കഥയിലുള്ള സാമ്യതകളെ കുറിച്ചും സംവിധായിക പറയുന്നുണ്ട്.