തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ഫിദയ്ക്കു ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സായി പല്ലവി. മിഡിൽ ക്ലാസ് അബ്ബായ് ചിത്രത്തിലാണ് സായി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടൻ നാനിയോട് സായി പല്ലവി ദേഷ്യപ്പെട്ടുവെന്നാണ് ടോളിവുഡിൽനിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. തെലുങ്ക് ഓൺലൈൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ നാനിയും സായി പല്ലവിയും ചേർന്നുളള രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സായി പല്ലവിയും നാനിയും നടന്നുവരുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. സായി പല്ലവി നാനിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. കുപിതനായ നാനി ഷൂട്ടിങ് സെറ്റിൽനിന്നും ഇറങ്ങിപ്പോയി. ഒടുവിൽ സായി പല്ലവി തന്റെ പ്രവൃത്തിയിൽ നാനിയോട് ക്ഷമ ചോദിച്ചുവെന്നും അതിനുശേഷം നാനി തിരികെയെത്തി ഷൂട്ടിങ് പുനരാരംഭിച്ചുവെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്തിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്ന് വ്യക്തമല്ല.

ചിത്രത്തിലെ ഷൂട്ടിങ് സെറ്റിൽനിന്നുളള നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിൽ സായി പല്ലവിയും നാനിയും ചേർന്നുളള ഗാനരംഗത്തിന്റെ വിഡിയോയുമുണ്ട്.

(ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണ വിഡിയോ)

ഫിദയ്ക്കുശേഷം തെലുങ്ക് പ്രേക്ഷകർ കാത്തിരിക്കുന്ന സായി പല്ലവി ചിത്രമാണ് മിഡിൽ ക്ലാസ് അബ്ബായ്. നായകനായി നാനി എത്തുന്നത് പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്. ഡിസംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന കരു എന്ന ചിത്രത്തിലും സായി പല്ലവി അഭിനയിക്കുന്നുണ്ട്. സായി പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്.

(ചിത്രത്തിലെ ഷൂട്ടിങ് സെറ്റിൽനിന്നുളള വിഡിയോ)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ