തിരുവിതാംകൂർ രാജഭരണകാലത്ത് ഏർപ്പെടുത്തിയ മുലക്കരം പോലുള്ള അന്യായനികുതികളിൽ പ്രതിഷേധിച്ച് രക്തസാക്ഷിയായ വിപ്ലവനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു. സംവിധായകൻ വിനയനാണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ” കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറയ്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുൻപ് പല പ്രാവശ്യം ഇതിനെക്കുറിച്ച് ഞാൻ എഴുതിയിട്ടുണ്ട്. 2019 ൽ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയുമെന്നും ചിത്രം തീയറ്ററിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു,” വിനയൻ പറയുന്നു. ‘നങ്ങേലി’ എന്നു തന്നെയാണ് ചിത്രത്തിന്റെ പേര്.

” നമ്മുടെ ആദരണീയ ചരിത്രകാരൻമാർ അറിഞ്ഞോ അറിയാതെയോ തമസ്കരിച്ച 19-ാം നൂറ്റാണ്ടിൻെറ ഒരു യഥാർത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്ക്രിപ്റ്റ് തീർന്നു വന്നപ്പോൾ വിപ്ളവനായിക നങ്ങേലിയുടെ ആരാധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രം ഇതു വരെ മലയാളത്തിൽ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം. ആറാട്ടു പുഴ വേലായുധൻ താണ ജാതിയിൽ പെട്ടവനായിരുന്നെങ്കിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂർ മഹാരാജാവ് ‘പണിക്കർ’ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടനായിരിക്കും. ലോകം മുഴുവൻ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്കരിച്ച് രണ്ടു വരിയിൽ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി, വലിയ ക്യാൻവാസിൽ തന്നെ നങ്ങേലിയെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്,” വിനയൻ കൂട്ടിച്ചേർക്കുന്നു.

‘ചാലക്കുടിക്കാരൻ ചങ്ങാതി’യായിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ വിനയൻ ചിത്രം. കലാഭവൻ മണിയുടെ ജീവിതകഥ പറഞ്ഞ ചിത്രം തിയേറ്ററുകളിൽ ഏറെ പ്രേക്ഷകപ്രശംസ നേടി. ഒപ്പം സിനിമയുടെ ക്ളൈമാക്സിൽ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയതിനെ തുടർന്ന് സിബിഐ വിനയന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

Read more: മണിയുടെ മരണകാരണം അറിയാൻ എനിക്കും ആഗ്രഹമുണ്ട്: സിബിഐയ്ക്ക് മൊഴി കൊടുത്ത് വിനയൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook