സിനിമാ ലോകത്തെ ലൈംഗിക പീഡനങ്ങള്‍ക്കെതിരായി സ്ത്രീകളുടെ ഉറച്ച ശബ്ദങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ആരോപണവിധേയര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്ന് ബോളിവുഡിലെ പല അഭിനേതാക്കളും സംവിധായകരും നിര്‍മ്മാതാക്കളും പ്രഖ്യാപിച്ചു. നന്ദിത ദാസ്, കൊങ്കണ സെന്‍ ശര്‍മ തുടങ്ങിയ സംവിധായകരും ആരോപണമുന്നയിച്ച സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിനു പിന്നാലെയാണ് നന്ദിതാ ദാസിന്റെ പിതാവും പ്രമുഖ ചിത്രകാരനുമായ ജതിന് ദാസിനെതിരെ മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്. ഈ വിഷയത്തില്‍ മൗനം വെടിയുകയാണ് നന്ദിത.
തന്റെ അച്ഛനെതിരായ ആരോപണം ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും അതിനെല്ലാമപ്പുറം മീ ടൂവിന്റെ ഭാഗമായ സ്ത്രീകള്‍ക്കൊപ്പം തന്നെയാണ് താനെന്ന് നന്ദിത പറഞ്ഞു. അതിനൊപ്പം തന്നെ ആരോപണമുന്നയിച്ച് വരുന്ന സ്ത്രീകള്‍ക്ക് തങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ഉറപ്പുണ്ടാകണമെന്നും നന്ദിത ദാസ് തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
Read More: #MeToo: കുറ്റവാളികൾക്കൊപ്പം ജോലിചെയ്യാനില്ലെന്ന് സംവിധായികമാർ
അച്ഛനെതിരായ ആരോപണം വന്നപ്പോള്‍ മുതല്‍ തനിക്ക് പിന്തുണയുമായി സുഹൃത്തുക്കളും അപരിചിതരുമായി നിരവധിപേര്‍ എത്തിയെന്നും തന്റെ സത്യസന്ധതയെ അവര്‍ക്ക് വിശ്വാസമായിരുന്നുവെന്നും നന്ദിത പറഞ്ഞു. സത്യം വിജയിക്കുമെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും അത്രമാത്രമേ ഇക്കാര്യത്തില്‍ പറയാനുള്ളൂവെന്നും നന്ദിത ദാസ് വ്യക്തമാക്കി.
പതിനാല് വര്‍ഷം മുമ്പ് ചിത്രകാരനായ ജതിന് ദാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി നിഷ ബോറ എന്ന യുവതിയാണ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് നിഷ ഈ വിവരം പറഞ്ഞത്. പേപ്പര്‍ നിര്‍മ്മാണ കമ്പനിയുടെ സഹ ഉടമയാണ് ഇവര്‍. എന്നാല്‍ ഈ ആരോപണം ജതിന് ദാസ് നിഷേധിക്കുകയായിരുന്നു. ആരോപണമുന്നയിച്ച സ്ത്രീയെ തനിക്കറിയില്ലെന്നും ജതിന് ദാസ് പറഞ്ഞു.