2002-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത കൃഷ്ണഭക്തയായ ബാലാമണിയെന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ ‘നന്ദനം’ മലയാളികൾ നെഞ്ചോട് ചേർത്ത ചിത്രങ്ങളിലൊന്നാണ്. ബാലാമണി എന്ന കഥാപാത്രത്തിലൂടെ മികച്ചനടിക്കുള്ള സംസ്ഥാനപുരസ്കാരം നവ്യ നേടി. നന്ദനത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കാർമുകിൽവർണ്ണന്റെ ചുണ്ടിൽ’ എന്ന ഗാനം കെ എസ് ചിത്രയ്ക്ക് ആ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി കൊടുത്തു.
ചിത്രയുടെ മനോഹരമായ ആലാപനവും കഥാസന്ദർഭത്തിൽ ആ പാട്ടിനുള്ള പ്രാധാന്യവും അതിമനോഹരമായ ചിത്രീകരണവും ആ ഗാനരംഗത്തെ മികവേറിയൊരു അനുഭവമാക്കുകയായിരുന്നു. എന്നാൽ, സിനിമാപ്രേമികൾക്ക് ഇന്നും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ആ മനോഹരഗാനരംഗം ചിത്രീകരിച്ചത് സംവിധായകൻ രഞ്ജിത്തല്ല, മറ്റൊരു സംവിധായകനാണെന്ന് എത്രപേർക്ക് അറിയാം.
സംവിധായകൻ സിബി മലയിലാണ് നന്ദനത്തിലെ ആ ഗാനരംഗം ചിത്രീകരിച്ചത്. സമാന സ്വഭാവമുള്ള നിരവധി ഗാനരംഗങ്ങൾ ചെയ്ത് ഏറെ അനുഭവപരിചയമുള്ള സിബിമലയിലിനെ ആ ഗാനരംഗം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു രഞ്ജിത്ത്.
“രഞ്ജിത്ത് എന്നോട് ഒരിക്കൽ നന്ദനത്തിന്റെ കഥ പറഞ്ഞു ഫോണിൽ. അതി ഗംഭീരമായ ആശയമാണല്ലോ എന്നു ഞാൻ പറഞ്ഞു. നായികയായി എന്റെ സിനിമയായ ഇഷ്ടത്തിൽ അഭിനയിച്ച നവ്യയാണ് എന്നും പറഞ്ഞു. അന്ന് നായകനെ തീരുമാനിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ സുകുവേട്ടന്റെ മോനാണെന്ന് പറഞ്ഞ് പൃഥ്വിയെ എനിക്ക് രഞ്ജിത്ത് പരിചയപ്പെടുത്തി തന്നു.”
“ആ ചിത്രത്തിന്റെ ക്ലൈമാക്സിൽ നവ്യ പാടി അഭിനയിക്കുന്ന കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന പാട്ട് ഷൂട്ട് ചെയ്ത് തരാമോ എന്ന് രഞ്ജിത് എന്നോട് ചോദിച്ചു. ഞാൻ അത്തരത്തിലുള്ള പാട്ടുകൾ ഷൂട്ട് ചെയ്ത പരിചയമുള്ള ആളാണെന്ന ധൈര്യത്തിലാണ് എന്നെ വിളിച്ചത്. ആ പാട്ട് സീൻ ഷൂട്ട് ചെയ്തത് ഞാനാണ്,” സിബി മലയിൽ പറയുന്നു.
നന്ദനവുമായി ബന്ധപ്പെട്ടാണ് പൃഥ്വിയെ പരിചയപ്പെടുന്നതെങ്കിലും പിന്നീട് തനിക്കും പൃഥ്വിയ്ക്കുമിടയിലെ ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടായി എന്നും സിബി മലയിൽ പറയുന്നു. നൂറു ശതമാനം അതു തന്റെ കുഴപ്പം കൊണ്ടുണ്ടായ പ്രശ്നമല്ലെന്നും സിബി മലയിൽ വ്യക്തമാക്കി.
സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ: “അമൃതം എന്ന ചിത്രത്തിലേക്ക് ജയറാമിന്റെ അനിയനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തു. എഴുത്തുകാരനും നിർമാതാവുമൊക്കെ പോയി പൃഥ്വിയോട് കഥ പറഞ്ഞു. പിന്നീട് നിർമാതാക്കൾ എന്നോട് പറഞ്ഞു, അദ്ദേഹം ചോദിക്കുന്ന പ്രതിഫലം കൂടുതലാണ് എന്ന്. അതിൽ എനിക്ക് ഇടപെടാൻ പറ്റില്ല, അതു നിങ്ങൾ തീരുമാനിക്കുക, നിങ്ങൾക്കെന്താണോ ആ കഥാപാത്രത്തിന് ബഡ്ജറ്റ് ഉള്ളത്, അതു പറയുക. അത് അദ്ദേഹത്തിനു പറ്റുമെങ്കിൽ അദ്ദേഹം ചെയ്യട്ടെ, അല്ലെങ്കിൽ വേറെ ഓപ്ഷൻ നോക്കാം എന്നു പറഞ്ഞു. അവർ തമ്മിൽ സംസാരിച്ചിട്ട് പ്രതിഫലത്തിന്റെ കാര്യത്തിൽ ധാരണയിലെത്തിയില്ല. അങ്ങനെയാണ് ആ വേഷത്തിലേക്ക് അരുൺ എത്തിയത്. വർഷങ്ങൾക്കു ശേഷമാണ് ഞാൻ മനസ്സിലാക്കുന്നത്, പൃഥ്വി ധരിച്ചിരിക്കുന്നത് ഞാനാണ് ആ സിനിമയിൽ നിന്ന് മാറ്റിയതെന്ന്, അതിലെനിക്കിപ്പോഴും ക്ലാരിറ്റിയില്ല. അതൊരു അകൽച്ചയായി ഇപ്പോഴും കിടപ്പുണ്ട്. അത് മാറുമോ എന്നറിയില്ല, മാറേണ്ട ഘട്ടങ്ങൾ കഴിഞ്ഞു,” സിബി മലയിൽ പറയുന്നു.
പത്തൊൻപതാം വയസ്സിൽ, കോളേജിലെ വേനൽ അവധിക്കാലത്ത് ഓസ്ട്രേലിയയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയ പൃഥ്വിയുടെ ജീവിതം തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു നന്ദനം. ഒരു അവധിക്കാലത്തിന്റെ ബോറടി മാറ്റാൻ അമ്മ മല്ലികാ സുകുമാരൻ പറഞ്ഞിട്ട് രഞ്ജിത്തിനെ കാണാൻ പോയ പൃഥ്വിരാജ് ‘നന്ദനം’ എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിൽ എത്തിയത് ഒരു നിയോഗം പോലെയാണ്. ഒന്ന് അഭിനയിച്ചു നോക്കിയിട്ട്, വെക്കേഷൻ തീരുമ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് തിരിച്ചുപോയി പഠനം തുടരാം എന്നായിരുന്നു രഞ്ജിത്തിനെ കാണാൻ പോകുമ്പോൾ പൃഥ്വിയുടെ പ്ലാൻ. എന്നാൽ രഞ്ജിത്തുമായുള്ള ആ കണ്ടുമുട്ടൽ പൃഥ്വിയെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു 360 ഡിഗ്രിയിലുള്ള മാറ്റം തന്നെയായിരുന്നു. അവധി കഴിഞ്ഞ് പൃഥ്വിയ്ക്ക് തിരിച്ച് കോളേജിലേക്ക് പോകേണ്ടി വന്നില്ല, പകരം മലയാള സിനിമയിലെ യങ് സൂപ്പർ സ്റ്റാർ പദവിയിലേക്കായിരുന്നു പൃഥ്വിരാജ് സുകുമാരൻ വളർന്നത്.