സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍ ഇന്ന് സ്ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. പലപ്പോഴും സെലിബ്രിറ്റികളായിരിക്കും ഇത്തരം അതിക്രമങ്ങള്‍ക്കും അസഭ്യ വാക്കുകള്‍ക്കും ഇരയാവുക. പലരും തങ്ങളോട് അസഭ്യം പറയുന്നവര്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞ് മാറി പോവുകയാണ് പതിവ്. എന്നാല്‍ ചിലര്‍ ഇത്തരക്കാര്‍ക്ക് ചുട്ട മറുപടി കൊടുക്കാറുണ്ട്.

അത്തരത്തില്‍ തന്നോട് അസഭ്യം പറഞ്ഞയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ബാലതാരമായ നന്ദന വര്‍മ്മ. ഗപ്പി, അയാളും ഞാനും തമ്മില്‍, മിലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നന്ദന. സോഷ്യല്‍ മീഡിയയിലും താരത്തിന് നല്ല ആരാധക പിന്തുണയുണ്ട്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് ഒരാള്‍ അസഭ്യം നിറഞ്ഞ കമന്റുമായെത്തിയത്. ഇയാളുടെ കമന്റിന് നന്ദന നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ‘ചേട്ടന്റെ അമ്മയെ പോയി വിളിക്കൂ,’ എന്നായിരുന്നു തന്നെ അസഭ്യം പറഞ്ഞയാള്‍ക്ക് നന്ദന നല്‍കിയ മറുപടി.

മറുപടി കിട്ടിയതോടെ കമന്റിട്ട യുവാവ് മുങ്ങിയെങ്കിലും കമന്റും മറുപടിയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നന്ദനയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ക്ക് ഇതുപോലെ തന്നെ മറുപടി നല്‍കണമെന്നാണ് അവര്‍ പറയുന്നത്. അതേസമയം, നന്ദനയുടെ മറുപടി അല്‍പ്പം കടന്നു പോയെന്നു പറയുന്നവരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ