നടനും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണയുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഒരു ആരാധകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവേ ആന്ധ്രാപ്രദേശിലെ നാല്‍ഗോണ്ട ഹൈവേയില്‍ നെല്ലൂരിനടുത്ത് വച്ചുണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം അയച്ച അവസാനത്തെ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെപ്റ്റംബര്‍ രണ്ടിന് അദ്ദേഹത്തിന്റെ 62-ാം പിറന്നാളാണ്. എന്നാല്‍ തന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നും അതിനായി നീക്കിവച്ച തുക പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കണമെന്നുമാണ് കത്തില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഒപ്പം മഴക്കെടുതിയില്‍ വലയുന്ന ആന്ധ്രാപ്രദേശ് മേഖലയ്ക്കും സഹായം എത്തിക്കാന്‍ ആരാധകര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
#NandamuriHarikrishna 's last letter to his fans asking them not to celebrate his 62th Birthday on September 2nd, instead of spending money on bouquets n garland's use the money for #KeralaFloodRelief n rain effected areas in #AndhraPradesh pic.twitter.com/V5ttVFHnkm
— Nellutla Kavitha (@iamKavithaRao) August 29, 2018
കാര്‍ ഓടിക്കവേ പുറകിലെ സീറ്റില്‍ നിന്നും വെള്ളക്കുപ്പി എടുക്കാനായി തിരിഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടം സംഭവിച്ചത്. അമിത വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നത്. മനുഷ്യന്റെ പിഴവുകൊണ്ടു സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഒരു ക്ലാസിക് ഉദാഹരണമാണ് നന്ദമുരി ഹരികൃഷ്ണയുടേതെന്ന് പൊലീസ് സൂപ്രണ്ട് എ.വി.രംഗനാഥ് പറയുന്നു.
എസ്യുവിയുടെ ടൊയോട്ട ഫോര്‍ച്യൂണര്‍ ആയിരുന്നു അദ്ദേഹം ഓടിച്ചിരുന്ന വാഹനം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ സ്പീഡിലായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. മാത്രമല്ല, അദ്ദേഹം സീറ്റ് ബെല്‍റ്റും ധരിച്ചിരുന്നില്ല. വാഹനത്തില്‍ നിന്നും 30 മീറ്ററോളം ദൂരേയ്ക്ക് ഹരികൃഷ്ണ തെറിച്ചുവീഴുകയായിരുന്നു. തലയില്‍ പരുക്കേറ്റ ഹരികൃഷ്ണയെ ഉടന്‍ തന്നെ അടുത്തുള്ള കാമിനേനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
2014ല്‍ നാല്‍ഗോണ്ടയ്ക്കടുത്ത് വച്ച് നടന്ന റോഡപകടത്തില്‍ ഹരികൃഷ്ണയുടെ മകനും മരണപ്പെട്ടിരുന്നു. ഹരികൃഷ്ണയുടെ മക്കളായ കല്യാണ്‍ റാം, നന്ദകുമാരി താരക രാമ റാവു എന്നിവരും നടന്മാരാണ്. ഭാര്യ ലക്ഷ്മി ഹരികൃഷ്ണ, മകള്‍ സുഭാഷിണി എന്നിവര്‍ മറ്റ് കുടുംബാംഗങ്ങള്‍.
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി സ്ഥാപകനുമായ എന്‍ടിആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. 2008-2013 കാലഘട്ടത്തില്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. തെലുങ്കുദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാണ് അദ്ദേഹം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook