ഷൂട്ടിങ് സെറ്റിൽവച്ച് പരസ്യമായി തന്റെ അസിസ്റ്റന്റിനെ തല്ലിയിരിക്കുകയാണ് തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ. അസിസ്റ്റന്റ് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാതിരുന്നതാണ് നന്ദമുരിയെ പ്രകോപിപ്പിച്ചത്. നടന്റെ ഈ പ്രവൃത്തി ഏവരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
സംവിധായകൻ കെ.എസ്.രവികുമാറിന്റെ ഷൂട്ടിങ് സെറ്റിൽവച്ചായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംവിധായകനുമായി നന്ദമുരി എന്തോ സംസാരിച്ചുകൊണ്ടു നിൽക്കുകയാണ്. അതിനിടയിൽ തന്റെ അസിസ്റ്റന്റിനെ അടുത്തേക്ക് വിളിച്ചു. അസിസ്റ്റന്റ് അടുത്ത് എത്തിയപ്പോൾ അയാളുടെ തലയിൽ അടിച്ചു. എന്നിട്ട് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാൻ ഓർഡർ നൽകി. അസിസ്റ്റന്റ് ചെരുപ്പ് അഴിച്ചുമാറ്റുന്നതുവരെ സംവിധായകനുമായി നന്ദമുരി സംസാരം തുടർന്നു. സംഭവം ആരോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.
തന്റെ അസിസ്റ്റന്റിനോടുളള നടന്റെ പെരുമാറ്റം അദ്ദേഹത്തിന്റെ ആരാധകരെ മാത്രമല്ല ടോളിവുഡിന് മുഴുവൻ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഇതിനു മുൻപും തന്റെ മോശം പ്രവൃത്തിയിലൂടെ നന്ദമുരി വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ നടനോടൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ നന്ദമുരി തല്ലിയത് വിവാദമായിരുന്നു.
തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി.റാമറാവുവിന്റെ ആറാമത്തെ മകനാണ് നന്ദമുരി ബാലകൃഷ്ണ. ബാലതാരമായിട്ടാണ് നന്ദമുരി സിനിമയിലെത്തിയത്. ഇതിനോടകം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയാണ് ഗൗതമി പുത്ര ശതകര്‍ണി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗൗതമി പുത്ര സതകര്‍ണിയുടെ കഥയാണ് ചിത്രം പറഞ്ഞത്. തെലുങ്ക് സിനിമാ പ്രേമികൾ ‘ബാലയ്യ’യെന്നാണ് നന്ദമുരിയെ സ്നേഹത്തോടെ വിളിക്കുന്നത്.