ആരാധകരോടുളള മോശം പെരുമാറ്റം മൂലം തുടർച്ചയായി വാർത്തകളിൽ നിറയുകയാണ് തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ. അടുത്തിടെ ഷൂട്ടിങ് സെറ്റിൽവച്ച് പരസ്യമായി തന്റെ അസിസ്റ്റന്റിനെ തല്ലുന്ന ബാലകൃഷ്ണയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ തിരക്കിനിടയിൽപെട്ട് തന്റെ ദേഹത്തേക്ക് വീണ ആരാധകനെ തല്ലിയിരിക്കുകയാണ് ബാലകൃഷ്ണ.

ആന്ധ്രാപ്രദേശിലെ നന്ദ്‌യാലിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് നടനും തെലുങ്ക് ദേശം പാർട്ടി എംഎൽഎയും കൂടിയായ ബാലകൃഷ്ണ. ഇതിനിടയിലാണ് സംഭവം. നടനെ സ്വീകരിക്കാനായി പാർട്ടി പ്രവർത്തകരും ആരാധകരും എത്തിയിരുന്നു. ഇതിനിടയിൽ നടന്റെ ഫോട്ടോയെടുക്കാനായി ചിലർ തിരക്ക് കൂട്ടി. തിരക്കിനിടയിൽപെട്ട ആരാധകരിൽ ഒരാൾ ബാലകൃഷ്ണയുടെ ദേഹത്തേക്ക് പെട്ടെന്ന് വീണു. നടൻ ഉടൻതന്നെ ആരാധകന്റെ കരണത്തടിക്കുകയായിരുന്നു.

ഏതാനും ആഴ്ചകൾക്കു മുൻപ് ചെരുപ്പ് അഴിച്ചുമാറ്റാത്തതിനാൽ തന്റെ അസിസ്റ്റന്റിനെ നടൻ പരസ്യമായി തല്ലിയിരുന്നു. സംവിധായകൻ കെ.എസ്.രവികുമാറിന്റെ ഷൂട്ടിങ് സെറ്റിൽവച്ചായിരുന്നു സംഭവം. സംവിധായകനുമായി നന്ദമുരി ബാലകൃഷ്ണ എന്തോ സംസാരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. അതിനിടയിൽ തന്റെ അസിസ്റ്റന്റിനെ അടുത്തേക്ക് വിളിച്ചു. അസിസ്റ്റന്റ് അടുത്ത് എത്തിയപ്പോൾ അയാളുടെ തലയിൽ അടിച്ചു. എന്നിട്ട് തന്റെ ചെരുപ്പ് അഴിച്ചു മാറ്റാൻ ഓർഡർ നൽകി. അസിസ്റ്റന്റ് ചെരുപ്പ് അഴിച്ചുമാറ്റുന്നതുവരെ സംവിധായകനുമായി നന്ദമുരി സംസാരം തുടർന്നു. സംഭവം ആരോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഇതിനു മുൻപ് തിരമല ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഒപ്പം നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെയും ബാലകൃഷ്ണ തല്ലിയിരുന്നു.

തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ടി.റാമറാവുവിന്റെ ആറാമത്തെ മകനാണ് നന്ദമുരി ബാലകൃഷ്ണ. ബാലതാരമായിട്ടാണ് നന്ദമുരി സിനിമയിലെത്തിയത്. ഇതിനോടകം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ നൂറാമത്തെ സിനിമയാണ് ഗൗതമി പുത്ര ശതകര്‍ണി. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗൗതമി പുത്ര സതകര്‍ണിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ