തെലുങ്ക് സിനിമാലോകത്തെ പ്രമുഖ താരം നന്ദമുരി ബാലകൃഷ്‌ണ പറഞ്ഞ വാക്കുകളാണ് വിവാദത്തിലായത്. ഇതിനു മുൻപും അനവധി വിവാദങ്ങളിൽ ബാലകൃഷ്‌ണയുടെ പേര് ഉയർന്നു കേട്ടിട്ടുണ്ട്. അക്കിനേനി നാഗേഷ്വർ റാവുവിനോട് അപമര്യാദായി പെരുമാറിയതിന്റെ പേരിലും വിമർശനം ഉയർന്നിരുന്നു. നേഴ്‌സുമാർക്കെതിരെ ബാലകൃഷ്‌ണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വിമർശനം നേരിടുന്നത്.
പ്രമുഖ ടോക്ക് ഷോയിൽ സംസാരിക്കുന്നതിനിടയിൽ ബാലകൃഷ്‌ണ ഒരു സംഭവത്തെക്കുറിച്ച് പറയുകയുണ്ടായി. “അപകടം ഉണ്ടായി ആശുപത്രിയിൽ ചെന്നപ്പോൾ അത് ആക്‌സിഡന്റ് ആണെന്ന് ഞാൻ പറഞ്ഞില്ല. ഒരുപക്ഷെ പറഞ്ഞാൽ ചികിത്സ വൈകുമോ എന്നായിരുന്നു ആശങ്ക. എന്നാൽ നഴ്‌സിനോട് എനിക്ക് നുണ പറയാനായില്ല കാരണം അവർ വളരെ ഹോട്ടായിരുന്നു” ബാലകൃഷ്‌ണ പറഞ്ഞു.
നഴ്‌സുമാർക്കെതിരെ ലൈംഗിക കമന്റുകൾ പറഞ്ഞു എന്ന് ഉന്നയിച്ച് ബാലകൃഷ്‌ണക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു. താരത്തിനെതിരെ ഒരുപാട് നഴ്‌സുമാരും രംഗത്തു വന്നു.ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ വിശദീകരണവുമയി എത്തിയിരിക്കുകയാണ് ബാലകൃഷ്‌ണ. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പങ്കുവച്ച കത്തിൽ കുറിച്ചത്.
“എല്ലാവർക്കും നമസ്‌കാരം, ഞാൻ നഴ്‌സുമാരെ അപമാനിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത ഞാൻ നിഷേധിക്കുന്നു. എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. രോഗികളെ സേവിക്കുന്ന സഹോദരിമാരോട് ബഹുമാനം മാത്രമാണ് എനിക്കുള്ളത്. ബാസവതരകം കാൻസർ സെന്ററിലെ നഴ്‌സുമാരുടെ സേവനം ഞാൻ കണ്ടതാണ്. രാത്രിയും പകലും രോഗികളുടെ ജീവൻ രക്ഷിക്കാൻ പ്രയത്നിക്കുന്ന നഴ്‌സുമാരോട് ബഹുമാനം മാത്രം. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കോവിഡ് സമയത്ത് ഒരുപാട് പേർ അവരുടെ ജീവൻ പോലും ത്യജിച്ച് സേവനം ചെയ്‌തു. എന്റെ വാക്കുകൾ നിങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക” നന്ദമുരളി ബാലകൃഷ്‌ണ കുറിച്ചു.
തിയേറ്ററിലിപ്പോഴും നിറഞ്ഞോടുന്ന ‘വീര സിംഹ റെഡ്ഡി’യിലാണ് നന്ദമുരി ബാലകൃഷ്‌ണ അവസാനമായി അഭിനയിച്ചത്. അനിൽ രവിപുഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന എൻബികെ108 ആണ് ബാലകൃഷ്‌ണയുടെ പുതിയ ചിത്രം.