നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്‌നിയുടേയും മകള്‍ നന്ദന ഷാജു നായികയായി അരങ്ങേറ്റം കുറിക്കുന്നു. ജോഷി ജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച്’ എന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നടൻ ദിലീപ് ആണ് സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചത്.

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

അച്ഛൻ ഷാജുവിനൊപ്പം ടിക്ടോക് വീഡിയോകളിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള നന്ദനയും സഹോദരി നീരാഞ്ജനയും സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ മുഖമാണ്. അയ്യപ്പനും കോശിയും, ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളിൽ നീരാഞ്ജന അഭിനയിക്കുകയും ചെയ്തിരുന്നു. പാലക്കാട് മേഴ്സി കോളേജിൽ ബിഎസ് സി ബയോടെക്നോളജി അവസാന വർഷ വിദ്യാർത്ഥിനിയാണ് നന്ദന.

Read more: ഷാജു അഭ്യർഥിച്ചു, ഗോപികയ്ക്ക് സഹായ പ്രവാഹം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook