കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗം അഭിമന്യുവിന്റെ ജീവചരിത്രമല്ല “നാൻ പെറ്റ മകൻ” സിനിമയെന്ന് സംവിധായകൻ സജി പാലമേൽ. ചിത്രത്തിന്റെ ഷൂട്ടിങ് മഹാരാജാസ് കോളേജിൽ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എറണാകുളം മഹാരാജാസ് കോളേജിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവാണ് ഷൂട്ടിങിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നടൻ ജോയ് മാത്യുവും ചടങ്ങിൽ സംബന്ധിച്ചു.
“മഹാരാജാസ് കോളേജിൽ 15ദിവസം ഷൂട്ടിങുണ്ട്. അത്രയും ദിവസം തന്നെ വട്ടവടയിലും ഷൂട്ടിങുണ്ട്. വിവിധ കോളേജുകളിൽ നിന്ന് അഭിമന്യുവിന്റെ പ്രായത്തിലുളള വിദ്യാർത്ഥികൾ കഥാപാത്രമായി എത്തുന്നുണ്ട്. എന്നാൽ അഭിമന്യുവിന്റെ ജീവിതകഥ അതേപടി പകർത്തിയെഴുതുന്നതല്ല സിനിമ,” സജി പറഞ്ഞു.
“അഭിമന്യുവിന്റെ ജീവിതത്തിൽ ഒരു നന്മയുണ്ട്. അത് വട്ടവടയെന്ന ഗ്രാമത്തിന്റെ സംസ്കാരം കൂടിയാണ്. അത് പ്രമേയമാക്കി സിനിമാറ്റിക് എലമെന്റ്സ് ചേർത്താണ് ചിത്രം അവതരിപ്പിക്കുന്നത്. അഭിമന്യു മഹാരാജാസിന്റെ ജീവചരിത്രമായി ചിത്രത്തെ അവതരിപ്പിക്കുകയല്ല,” സജി പറഞ്ഞു.
അഭിമന്യു കേസ്; മൂന്നാം പ്രതി ആരിഫ് പിടിയിലായത് പിതാവിനെ കണ്ട് മടങ്ങുമ്പോൾ
ചിത്രത്തിൽ ജോയ് മാത്യു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈമൺ ബ്രിട്ടോയുടെ ജീവിതവുമായി ബന്ധപ്പെടുത്തി, നെൽസൺ ക്രിസ്റ്റോ എന്ന പേരിലാണ് ജോയ് മാത്യു ചിത്രത്തിൽ വേഷമിടുന്നത്. “അഭിമന്യു ഉൾപ്പെട്ട വിദ്യാർത്ഥി സംഘടനയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് അദ്ദേഹം,” സജി പറഞ്ഞു.
മലപ്പുറം സ്വദേശിനി ഷൈമയാണ് ചിത്രത്തിൽ നായികാ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. “അഭിമന്യുവിന്റെ ജീവിതത്തിലെ നന്മ കണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് അവർ. ഒരേ ക്ലാസിൽ പഠിക്കുന്നവരാണ് ഇരുവരും,” സജി പറഞ്ഞു.
“ജാതി-മത-വർഗ ഭേദമന്യേ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കരയിപ്പിച്ചതാണ് അഭിമന്യുവിന്റെ വധം. അതിനാൽ തന്നെ വർഗ്ഗീയതയ്ക്ക് എതിരായ വലിയ സന്ദേശമാണ് ചിത്രത്തിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നത്,” സജി പറഞ്ഞു.
അഭിമന്യുവായി വേഷമിടുന്നതറിഞ്ഞ് നിരവധി പേരാണ് തന്നെ വിളിച്ചതെന്ന് നടൻ മിനോൺ പറഞ്ഞു. “അഭിമന്യുവിന്റെ മരണം എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു. ആ വാർത്തകൾ തുടർച്ചയായി വായിച്ചിരുന്നു. മലയാള സിനിമയിൽ അഭിമന്യുവിന്റെ പ്രായക്കാരനായ ഞാൻ മാത്രമേ ഉളളൂവെന്നതാകാം എനിക്ക് ചിത്രത്തിലേക്ക് വഴി തുറന്നത്. അഭിമന്യുവിനെ കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങൾ അനുകരിക്കാൻ ഞാൻ ഒരിക്കലും ശ്രമിക്കില്ല. എല്ലാവരും എന്നോട് ആവശ്യപ്പെട്ടതും അതാണ്,” മിനോൺ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“101 ചോദ്യങ്ങൾ എന്ന സിനിമയിൽ എനിക്ക് അവാർഡ് ലഭിച്ചപ്പോൾ നാട്ടിൽ ഒരു സ്വീകരണം നടന്നിരുന്നു. അന്ന് ആ സ്വീകരണ പരിപാടിക്ക് ശേഷം ഒഴിവുദിവസത്തെ കളി നാടകമായി അവതരിപ്പിച്ചു. അന്ന് നാടകത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് സജി അങ്കിളായിരുന്നു. അന്ന് തൊട്ടുളള പരിചയമാണ് ചിത്രത്തിലേക്ക് തന്നെ എത്തിച്ചത്,” മിനോൺ പറഞ്ഞു.
അഭിമന്യുവിന്റെ ആഗ്രഹം പോലെ സഹോദരിയുടെ വിവാഹം നടത്തി വട്ടവടക്കാര്‍
ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മിനോൺ. ചിത്രത്തിന്റെ ഷൂട്ടിങിൽ ആദ്യാവസാനം മിനോൺ കൂടെയുണ്ടാകും. ജനുവരിയിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് സജിയുടെ പദ്ധതി.
മഹാരാജാസ് കോളേജിൽ ഞായറാഴ്ചയും ഷൂട്ടിങ് നടക്കും. പിന്നെ ഡിസംബർ 22 മുതൽ 30 വരെയാണ് ഷൂട്ടിങ്. അതിന് ശേഷം ജനുവരി അഞ്ച്, ആറ് തീയ്യതികളിലും ഇവിടെ ഷൂട്ടിങ് ഉണ്ടാകും. കോളേജ് ഹോസ്റ്റലും പരിസരങ്ങൾക്കും പുറമെ ജോയ് മാത്യുവും മിനോണും ചേർന്നുളള രംഗങ്ങൾ പുറത്തും ചിത്രീകരിക്കും.
ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, നടി സരയു, സീനാ ഭാസ്ക്കര്‍, വട്ടവടയിലെ ഗ്രാമവാസികള്‍, മഹാരാജാസിലെ അഭിമന്യുവിന്‍റെ സഹപാഠികള്‍ തുടങ്ങിയവർ കഥാപാത്രങ്ങളായി അണിനിരക്കും.
റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അഭിമന്യുവിന്റെ സ്വദേശമായ വട്ടവടയിലും എറണാകുളം മഹാരാജാസ് കോളേജിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്.