‘എന്റെ 14 വര്‍ഷത്തെ വിവാഹജീവിതത്തിലെ സഹയാത്രികയായിരുന്നു വിജയ നിർമല ഗാരു,’ കഴിഞ്ഞ ദിവസം അന്തരിച്ച നടിയും സംവിധായികയുമായ വിജയ നിർമലയെ ഓർക്കുകയാണ് നടി നമ്രത ശിരോദ്കർ. നമ്രതയുടെ ഭര്‍ത്താവും തെലുങ്ക് സൂപ്പര്‍ താരവുമായ മഹേഷ് ബാബുവിന്റെ രണ്ടാനമ്മയാണ് വിജയ നിര്‍മ്മല. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച ( ജൂൺ 27) ആണ് വിജയ നിർമല മരിക്കുന്നത്.
“എന്നെ സംബന്ധിച്ചിടത്തോളം അവർ സമ്പന്നയായ ഒരു സ്ത്രീയായിരുന്നു. എന്റെ 14 വര്‍ഷത്തെ വിവാഹജീവിതത്തിലെ സഹയാത്രിക. സ്നേഹവും കരുതലും ഊഷ്മളതയും പകർന്നൊരു ആത്മാവായിരുന്നു അവർ. അവർ കരുത്തയായിരുന്നു, ധീരയും രസികയും ജീവിതത്തോട് ആസക്തിയുള്ള ഒരാളായിരുന്നു, ജീവിതത്തോടുള്ള അവരുടെ അഭിനിവേശം വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. കാഴ്ചപ്പാടുകളുള്ള, കാലത്തിനു മുന്നെ സഞ്ചരിച്ച വ്യക്തിയായിരുന്നു അവർ. ഇതാണ് എനിക്ക് വിജയ നിർമല ഗാരു,” ഇൻസ്റ്റഗ്രാമിൽ നമ്രത ശിരോദ്കർ കുറിച്ചതിങ്ങനെ.
കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും കരുത്ത പകർന്ന സാന്നിധ്യമായിരുന്നു വിജയ നിർമലയെന്നും അന്ത്യയാത്രയിൽ സ്നേഹവും പ്രാർത്ഥനകളും അർപ്പിക്കുന്നുവെന്നും നമ്രത കൂട്ടിച്ചേർക്കുന്നു. ” നിങ്ങളെ അതിഭീകരമായി മിസ്സ് ചെയ്യും വിജയ നിർമല ഗാരു. ഇനിയൊരിക്കലും നിങ്ങളെ കാണാനാവില്ലെന്നത് യഥാർത്ഥത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.”
തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മല തമിഴ് ചിത്രമായ മച്ചാ രേഖൈ (1950) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. അന്ന് ഏഴ് വയസ് മാത്രമായിരുന്നു പ്രായം. തെലുങ്കില്‍ രംഗുള രതനം ആണ് ആദ്യ ചിത്രം. പിന്നീട് തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളിലെ സ്ഥിരം നായികയായി വിജയ നിര്‍മല. 1964ല്‍ പ്രേം നസീറിനൊപ്പം മലയാള സിനിമയായ ഭാര്‍ഗവി നിലയത്തില്‍ നായികയായി അഭിനയിച്ച് താരപദവിയിലേക്ക് ഉയര്‍ന്നു. 1967ല്‍ പി.വേണു സംവിധാനം ചെയ്ത ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിലും പ്രേം നസീറിന്റെ നായികയായി.
ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന ഗിന്നസ് റെക്കോർഡിന് ഉടമ കൂടിയാണ് വിജയ നിര്‍മല. 47 ചിത്രങ്ങളാണ് ഇവർ സംവിധാനം ചെയ്തത്. 25 ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക എന്ന നേട്ടവും ഇവരുടെ പേരിലാണ്.
Read more: നടിയും സംവിധായികയുമായ വിജയ നിർമല അന്തരിച്ചു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook