ദിലീപ്, മഞ്ജു വാര്യർ എന്നിവരുടെ മകൾ എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ ആളാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികമൊന്നും സജീവമല്ലായിരുന്ന മീനാക്ഷി കുറച്ചു നാളുകൾക്കു മുൻപാണ് ആക്റ്റീവാകാൻ ആരംഭിച്ചത്. മീനാക്ഷിയുടെ പിറന്നാൾ ദിവസമാണിന്ന്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത ആശംസകളറിയിച്ച് പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘പിറന്നാൾ ആശംസകൾ മീനാക്ഷി’ എന്നാണ് നമിത ചിത്രത്തിനു താഴെ കുറിച്ചത്.
നമിതയുടെ പിറന്നാൾ ദിവസവും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മീനാക്ഷി പങ്കുവച്ചിരുന്നു. താരത്തിന്റെ പല അഭിമുഖങ്ങളിലും മീനാക്ഷിയുമായുള്ള സൗഹൃദത്തിന്റെ ആഴത്തെപ്പറ്റി നമിത പറഞ്ഞിട്ടുണ്ട്.
നമിതയുടെ കഫേയുടെ ഉദ്ഘാടകളിലൊരാളായിരുന്നു മീനാക്ഷി. ചടങ്ങിൽ മീനാക്ഷിയെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ആരാധകരും പോസ്റ്റിനു താഴെ പിറന്നാൾ ആശംസകളറിയിച്ചിട്ടുണ്ട്.
അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. ദിലീപിനൊപ്പം പൊതു പരിപാടികൾ മീനാക്ഷി ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. നിമിഷങ്ങൾക്കുള്ളിൽ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയും വൈറലാകാറുമുണ്ട്.