കൊച്ചി: നമിത പ്രമോദിനെതിരെയുണ്ടായ സോഷ്യല്‍മീഡിയാ വാര്‍ത്താപ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി തന്നെ രംഗത്ത്. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്നും പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകളും നമ്മുടെ സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നമിത പറഞ്ഞു.

“അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവ്. അതിന്റെ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഈ കുറിപ്പ്. മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് ഞാനിപ്പോൾ. തെങ്കാശിയിലാണ് ഷൂട്ടിംഗ്. അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും എനിക്കില്ല. ബാങ്കിൽ മാത്രമല്ല; മറ്റൊരിടത്തും. സങ്കൽപ്പത്തിൽ വാർത്തകൾ മെനയുന്നവർ അതിന് ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നതായും നമിത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടും കളളപ്പണം ഉണ്ടെന്ന പ്രചരണവും നടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നമിതയ്ക്ക് എതിരെ മാത്രമല്ല മറ്റു ചില നടികളെ ചുറ്റിപ്പറ്റിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍​ ഊഹാപോഹ കഥകള്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരെയാണ് താരത്തിന്റെ പ്രതികരണം.

നിലവില്‍ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റിമേക്കില്‍ അഭിനയിക്കുകയാണ് നമിത. ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ പ്രിയദർശനാണ്. ചിത്രത്തിൽ മഹേഷ് ഭാവനയായി ഫഹദ് തകർത്തഭിനയിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് ഉദയനിധി സ്റ്റാലിനാണ്. അപർണ്ണ മുരളി ചെയ്ത കഥാപാത്രത്തെയാണ് തമിഴിൽ നമിത പ്രമോദ് അവതരിപ്പിക്കുന്നത്. സൗമ്യ എന്ന അനുശ്രീയുടെ കഥാപാത്രമായി മലയാളിയായ പാർവതി നായർ വേഷമിടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ