/indian-express-malayalam/media/media_files/uploads/2020/09/nakshatra.jpg)
മലയാള സിനിമയിൽ പ്രിയപ്പെട്ട താരജോഡികളിൽ എന്നും മുന്നിലാണ് പൂർണിമയും ഇന്ദ്രജിത്തും. പ്രേക്ഷകർക്കും ഏറെയിഷ്ടമാണ് ഈ കുടുംബത്തെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പൂർണിമയും ഇന്ദ്രജിത്തും മാത്രമല്ല, മക്കളായ പ്രാർഥനയും നക്ഷത്രയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്ന് തന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിയ്ക്കും ഒപ്പമുള്ള തന്റെ ആദ്യചിത്രമാണ് നക്ഷത്ര പങ്കുവച്ചത്.
അടുത്തിടെ ഇന്ദ്രജിത്ത് യോദ്ധയിലെ പാട്ടുപാടുന്ന ഒരു വീഡിയോ പൂർണിമ പങ്കുവച്ചിരുന്നു.
‘പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി’ എന്നു തുടങ്ങുന്ന പാട്ട് പാടിയൊപ്പിക്കുന്ന ഇന്ദ്രജിത്തിന്റെ ഒരു വീഡിയോ​ ആണ് പൂർണിമ പങ്കുവച്ചിരുന്നത്. 2019 സെപ്റ്റംബർ 21 നു ഷൂട്ട് ചെയ്ത വീഡിയോ ആയിരുന്നു ഇത്. വാക്കുകൾ തെറ്റാതെ വേഗത്തിൽ പാടിയൊപ്പിക്കേണ്ട ഗാനം രസകരമായി തന്നെ ആലപിക്കുന്നുണ്ട് ഇന്ദ്രജിത്ത്. ഇൻസ്റ്റഗ്രാം വീഡിയോയിലാണ് പൂർണിമ വീഡിയോ പങ്കുവച്ചിരുന്നത്.
ഇളയ മകൾ നച്ചു എന്നു വിളിക്കുന്ന നക്ഷത്ര പാട്ടുപാടുന്ന ഒരു പഴയ വീഡിയോയും അടുത്തിടെ പൂർണിമ പങ്കുവച്ചിരുന്നു. അഞ്ചു വർഷം മുൻപുള്ള വീഡിയോയിൽ, ‘പ്രേമ’ത്തിലെ മലരേ എന്നു തുടങ്ങുന്ന പാട്ട് ആസ്വദിച്ച് പാടുകയാണ് നക്ഷത്രക്കുട്ടി. വരികൾ പലയിടത്തും തെറ്റിപ്പോവുന്നുണ്ടെങ്കിലും ഈണത്തിൽ ലയിച്ചു പാടുകയാണ് നക്ഷത്ര.
“ഇത്ര വർഷത്തിനിടെ കേട്ടതിൽ ഏറ്റവും ക്യൂട്ടായ വേർഷൻ. കുറച്ചു സമയം എടുത്തു എന്താണ് എന്നു മനസ്സിലാകാൻ,” എന്നാണ് വിജയ് യേശുദാസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വിവാഹവാർഷിക ദിനത്തിൽ ഇന്ദ്രജിത്തുമായുള്ള പ്രണയത്തിന്റെയും വിവാഹത്തിന്റെയും വിശേഷങ്ങളും പൂർണിമ പങ്കുവച്ചിരുന്നു.
“അന്ന് അവനെന്നോട് വിവാഹാഭ്യർഥന നടത്തി. ഞങ്ങൾ​ ആദ്യമായി ഒന്നിച്ച് ഒരു ഫൊട്ടോ എടുത്ത ദിവസം. എനിക്ക് 21 വയസായിരുന്നു. അവന് 20ഉം. ഞാൻ ഒരു നടിയായിരുന്നു. അവൻ ഒരു വിദ്യാർഥിയും. ഈ ദിവസം ഞാൻ വളരെ വ്യക്തമായി ഓർക്കുന്നു. ദൈവമേ, ഞങ്ങൾ വളരെയധികം പ്രണയത്തിലായിരുന്നു. ഞങ്ങളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. തൊണ്ട വരണ്ടു പോകുന്നുണ്ടായിരുന്നു. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു. ഇത് എന്താണെന്ന് ഊഹിക്കാമോ? ഈ ചിത്രം എടുത്തത് അമ്മയാണ്. ഇത് ക്ലിക്കുചെയ്യുമ്പോൾ ഞങ്ങളുടെ തലയിൽ എന്തായിരുന്നു ഉണ്ടായിരുന്നതെന്ന് അമ്മയ്ക്ക് എപ്പോഴെങ്കിലും അറിയാമോ എന്ന് ഞാൻ അത്ഭുതത്തോടെ ഓർക്കുമായിരുന്നു. ഇപ്പോൾ അമ്മയെ നന്നായി അറിയാം. അമ്മയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്. 3 വർഷത്തെ പ്രണയവും 17 വർഷത്തെ ദാമ്പത്യവും. നമ്മുടേത് മനോഹരമായ യാത്രയായിരുന്നു ഇന്ദ്രാ. വാർഷികാശംസകൾ,” എന്നായിരുന്നു പൂർണിമ കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us