ഓര്‍ക്കുന്നില്ലേ ‘നോക്കെത്താദൂരത്ത്‌ കണ്ണും നട്ട്’ എന്ന ചിത്രത്തില്‍ ‘കോസ്മോഫ്രില്‍’ കണ്ണടയും വച്ച് ശ്രീകുമാറിനെ കളിപ്പിച്ച ഗേളിയെ? “ഈ കണ്ണട വച്ചാല്‍ ആളുകള്‍ ഇട്ടിരിക്കുന്ന ഡ്രസ്സൊന്നും കാണാന്‍ കഴിയില്ല” എന്ന് തുടങ്ങുന്ന രംഗം മലയാള സിനിമയിലെ തന്നെ ഐക്കോണിക്ക് രംഗങ്ങളില്‍ ഒന്നാണ്. നദിയ മൊയ്തുവും മോഹന്‍ലാലും ചേർന്നാണ്‌ അത് അഭിനയിച്ചു പൊലിപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ആ ചിത്രം നദിയ മൊയ്തുവിന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു.

‘നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ടി’ന്‍റെ വിജയത്തിന് ശേഷം തമിഴ്, മലയാള ചിത്രങ്ങളില്‍ സജീവമായി. മലയാളത്തില്‍ പ്രധാനമായും മമ്മൂട്ടി, റഹ്മാന്‍, ശങ്കര്‍ എന്നിവരോടൊപ്പം വേഷമിട്ട നദിയ ഹരിഹരന്‍ സംവിധാനം ചെയ്ത ‘പഞ്ചാഗ്നി’യില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചുവെങ്കിലും അതില്‍ ലാലിന്‍റെ നായിക ഗീതയായിരുന്നു. ഇപ്പോഴിതാ 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്‍റെ നായികയായി നദിയ വീണ്ടുമെത്തുന്നു, അജോയ് വര്‍മ്മ സംവിധാനം ചെയുന്ന ‘നീരാളി’യിലൂടെ. അതിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ ഐഇ മലയാളത്തോട് പങ്കു വയ്ക്കുകയാണ് നദിയ മൊയ്തു.

“വളരെ സന്തോഷമുണ്ട്, ലാലേട്ടനുമായി വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍. ‘നീരാളി’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യയുടെ വേഷമാണ് എനിക്ക്. വളരെ ‘റിഫ്രെഷിങ്’ ആണ് അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത്. അജോയ് വര്‍മ്മ-സന്തോഷ്‌ തുണ്ടിയില്‍ എന്നിവരുടെ നല്ല ടീം ആണ് സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്”, നദിയ പറഞ്ഞു.

തന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യമായി മുംബൈയില്‍ ഒരു ചിത്രം ഷൂട്ട്‌ ചെയ്യുന്നതിന്‍റെ ത്രില്ലിലും കൂടിയാണവര്‍.

“അങ്ങനെയൊരു ‘കോഇന്‍സിടെന്‍സ് ‘കൂടിയുണ്ട് എന്നെ സംബന്ധിച്ച് ഈ ചിത്രത്തിന്. ഞാന്‍ ജനിച്ചു വളര്‍ന്ന നഗരമാണ് മുംബൈ. പക്ഷെ ഒരിക്കല്‍ പോലും എനിക്ക് മുംബൈയില്‍ ഷൂട്ട്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ‘നീരാളി’യിലൂടെ അങ്ങനെയൊരു ഭാഗ്യവും കൂടി കൈവന്നു. വീട്ടില്‍ നിന്നും പോയി വരാം എന്നൊരു സൗകര്യവും കൂടിയുണ്ട്.”, അവര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ എല്ലോറാ സ്റ്റുഡിയോയിലാണ് ഇപ്പോള്‍ ‘നീരാളി’യുടെ ചിത്രീകരണം നടക്കുന്നത്. ‘ഒടിയന്‍’ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം ക്രമീകരിച്ച മോഹന്‍ലാല്‍ ഈ ചിത്രത്തിലും വളരെ ‘ട്രിം’ ആയ ഗെറ്റപ്പിലാണെത്തുക.

“വെയ്‌റ്റ് കുറഞ്ഞപ്പോള്‍ അദ്ദേഹം ആളാകെ മാറി, ഒരു പുതിയ മോഹന്‍ലാല്‍ ആയ പോലെ. അടുത്ത ദിവസങ്ങളില്‍ സീരിയസായ കുറച്ചു സീനുകളാണ് ഞങ്ങള്‍ ഒരുമിച്ചു ഷൂട്ട്‌ ചെയ്തത്”, നദിയ വെളിപ്പെടുത്തി.

Nadia Moidu

പ്രണവിന്‍റെ ചിത്രം ‘ആദി’യെക്കുറിച്ചുള്ള നല്ല റിപ്പോര്‍ട്ടുകള്‍ താനും കേട്ടുവെന്നും അതിനെക്കുറിച്ച് മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതിങ്ങനെയെന്നും നദിയ പറയുന്നു.

“ആദി എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ. പക്ഷെ അതിലെ പ്രണവിന്‍റെ അഭിനയത്തെക്കുറിച്ച് ധാരാളം നല്ല അഭിപ്രായങ്ങള്‍ കേട്ടിരുന്നു. ലാലേട്ടനോട് അതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം വളരെ മോടെസ്റ്റ് ആയി ‘താങ്ക് യൂ’ എന്ന് മാത്രം പറഞ്ഞു. ഉള്ളില്‍ സന്തോഷിക്കുന്നുണ്ടാകും തീര്‍ച്ച.”, അവര്‍ പറഞ്ഞു നിര്‍ത്തി.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.   മുംബൈ കൂടാതെ സതര, മംഗോളിയ, തായ്‌ലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ചിത്രീകരണം നടത്താന്‍ ഉദ്ദേശിക്കുന്ന ചിത്രം മെയ്‌ 4 ന് റിലീസ് ചെയ്യാന്‍ ആണ് പദ്ധതി.

സാജു തോമസാണ്  ‘നീരാളി’യുടെ  തിരക്കഥയൊരുക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്‍റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാക്കള്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ്.  സന്തോഷ്‌ തുണ്ടിയിലാണ് ക്യാമറ.

ചിത്രങ്ങള്‍ക്ക് കടപ്പാട്: നദിയ മൊയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook