നടൻ നാഗാർജുനയുടെയും നടി അമലയുടെയും മകനും യുവനടനുമായ അഖിൽ അക്കിനേനിയുടെ വിവാഹം റദ്ദാക്കി. ഫാഷൻ ഡിസൈനർ ശ്രിയ ഭൂപാലുമായാണ് അഖിലിന്റെ വിവാഹം നിശ്‌ചയിച്ചിരുന്നത്. വരുന്ന മേയിൽ ഇറ്റലിയിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹം റദ്ദാക്കിയതായി ഇരുവീട്ടുകാരും സുഹൃത്തുക്കളെ അറിയിച്ചെന്നാണ് വിവരം. എന്നാൽ വിവാഹം റദ്ദാക്കാനുളള കാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഡിസംബർ 9നാണ് ഹൈദരാബാദിലെ പ്രമുഖ വ്യവസായായ ജി.വി.കെ.റെഡ്ഡിയുടെ പേരക്കുട്ടി 22കാരിയായ ശ്രേയ ഭൂപാലുമായി 22കാരനായ അഖിലിന്റെ വിവാഹം നിശ്‌ചയിച്ചത്. റോമിൽ വച്ച് വിവാഹം നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. സിനിമയിലെ പ്രമുഖ കുടുംബവും വ്യവസായ പ്രമുഖരുടെ കുടുംബവും ഒന്നിക്കുന്ന ചടങ്ങിലേക്ക് 700 അതിഥികളെയും ക്ഷണിച്ചിരുന്നു.

ഇവർക്കെല്ലാം ഇറ്റലിയിലേക്ക് വിവാഹത്തിനായി പോകാനുളള എല്ലാ സൗകര്യവും ചെയ്‌തിരുന്നു. എന്നാൽ വിവാഹത്തിനുളള അവസാന ഒരുക്കൾ നടക്കുന്നതിനിടെയാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി പ്രണയത്തിലായിരുന്ന അഖിലിനെയും ശ്രിയയെയും അനുനയിപ്പിക്കാൻ നാഗാർജുനയും ജിവികെയും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

വിക്രം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ അഭിനയിക്കാനായി അഖിൽ ഗോവയ്‌ക്കും ശ്രിയ അമേരിക്കയിലേക്കും മടങ്ങി. ശ്രിയ സോം എന്ന പേരിൽ സ്വന്തം സ്ഥാപനം നടത്തുകയാണ് ശ്രിയ. കഴിഞ്ഞ ആഴ്‌ച വരെ ഇരുവരും തമ്മിൽ പ്രശ്‌നമുളളതായി തോന്നിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

നാഗാർജുനയുടെ മൂത്ത മകനും നടനുമായ നാഗചൈതന്യയുടെയും നടി സാമന്തയുടെയും വിവാഹ നിശ്‌ചയം ജനുവരിയിലാണ് കഴിഞ്ഞത്. ഇരുവരുടെയും വിവാഹം ഈ വർഷം ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ