മാസം മൂന്നു കഴിഞ്ഞെങ്കിലും നടി ശ്രീദേവിയുടെ മരണം നല്‍കിയ മരണം ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല പലര്‍ക്കും. അതില്‍ സിനിമയ്ക്ക് അകത്തുള്ളവരും പുറത്തുള്ളവരുമുണ്ട്. ശ്രീദേവിയ്‌ക്കൊപ്പം തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ നാഗാര്‍ജുനയും ഇതുതന്നെയാണ് പറയുന്നത്. ശ്രീദേവിയുടെ മരണം തന്നെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും, ദക്ഷിണേന്ത്യന്‍ സിനിമയിലെ അവരുടെ സംഭാവനകള്‍ ഒരിക്കലും വില കുറച്ചു കാണരുതെന്നും നാഗാര്‍ജുന പറയുന്നു.

‘ശ്രീദേവി പോയി എന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ജീവിതം പ്രവചനാതീതമാണ്. അകാലത്തിലുള്ള അവരുടെ വേര്‍പാട്, ചുറ്റുമുള്ള പ്രിയപ്പെട്ടവരെ കൂടുതല്‍ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എന്നെ ഓര്‍മ്മപ്പെടുത്തുന്നു. ഓരോ നിമിഷവും മനോഹരമായി ജീവിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്,’ നാഗാര്‍ജുന പറയുന്നു.

‘തെന്നിന്ത്യന്‍ സിനിമാ മേഖലയിലും ബോളിവുഡിലും ഒരുപോലെ പ്രധാനപ്പെട്ട ആളാണ് ശ്രീദേവി. മലയാളത്തിലോ, തെലുങ്കിലോ, തമിഴിലോ ആകട്ടെ, തെന്നിന്ത്യന്‍ സിനിമാ മേഖലയ്ക്ക് അവര്‍ നല്‍കിയ സംഭാവന വില കുറച്ചു കാണരുത്. തെലുങ്ക് സിനിമകളില്‍ അവര്‍ കാണിച്ചിരുന്ന പ്രൊഫഷണലിത്തെകുറിച്ചും അവരുടെ കഴിവിനെ കുറിച്ചും എനിക്ക് ഉറപ്പു പറയാന്‍ സാധിക്കും. എന്തും ചെയ്യാന്‍ കഴിഞ്ഞിരുന്നു ശ്രീദേവിക്ക്,’ നാഗാര്‍ജുന ഓര്‍ത്തു.

തനിക്കും തന്റെ അച്ഛനുമൊപ്പം ശ്രീദേവി അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ ഒരുപക്ഷെ വിശ്വസിക്കില്ല. അവര്‍ എന്റെ പിതാവിനൊപ്പം (അക്കിനേനി നാഗേശ്വര റാവു) മകളായിട്ടും, പിന്നീട് കാമുകിയായിട്ടും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പിന്നീട് എനിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ആര്‍ക്കൊപ്പം അഭിനയിച്ചാലും അവര്‍ വളരെ ഡെഡിക്കേറ്റഡ് ആയിരുന്നു. രണ്ടു പേര്‍ക്കൊപ്പവും അവര്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു.’

‘അവരുടെ പ്രൊഫഷണലിസം കണ്ടുതന്നെ അറിയേണ്ടതാണ്. രാം ഗോപാല്‍വര്‍മ സംവിധാനം ചെയ്ത ഗോവിന്ദാ ഗോവിന്ദാ എന്ന ചിത്രത്തില്‍ എനിക്കൊപ്പം അഭിനയിക്കുമ്പോള്‍, ക്യാമറയ്ക്കു മുമ്പില്‍ അവര്‍ വളരെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും അഭിനയിക്കും. ക്യാമറ ഓഫ് ചെയ്യുന്ന നിമിഷം അവര്‍ അവരുടെ ലോകത്തേക്ക്, ആ തോടിനുള്ളിലേക്ക് വലിയും. വിസ്‌മയിപ്പിച്ച ഒരു നടിയായിരുന്നു അവര്‍. സിനിമയില്‍ ജോലി ചെയ്യുന്ന കാലത്തോളം ഞാന്‍ ശ്രീദേവിയെ മിസ് ചെയ്യും”, നാഗാര്‍ജുന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ