തെന്നിന്ത്യൻ താരജോഡികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്‌ചയം കഴിഞ്ഞു. ഹൈദരാബാദിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു നിശ്‌ചയം. അടുത്ത ബന്ധുക്കളും സിനിമയിൽ നിന്നുളള ചില സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹ നിശ്‌ചയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വാക്കുകളിലൂടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യെന്നാണ് നാഗാർജുന ചിത്രങ്ങൾക്കൊപ്പം ട്വിറ്ററിൽ കുറിച്ചത്.
ഹിന്ദു-ക്രിസ്‌ത്യൻ രീതിയിലായിരുന്നു ചടങ്ങുകൾ. നീല നിറത്തിലുളള കോട്ടണിഞ്ഞാണ് നാഗ എത്തിയത്. പ്രശസ്‌ത ഡിസൈനർ ക്രേഷ ബജാജ് ഒരുക്കിയ സാരിയാണ് സാമന്ത അണിഞ്ഞത്. തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇരുവരുടെയും വിവാഹം.
https://www.youtube.com/watch?v=JnSaXEpAaxA
യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗചൈതന്യയും സാമന്തയും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗർ, സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.
നാഗാർജുനയുടെയും ലക്ഷ്‌മി ദഗുപതിയുടെയും മകനാണ് നാഗചൈതന്യ. പിന്നീട് ലക്ഷ്‌മിയുമായി വേർപിരിഞ്ഞ നാഗാർജുന നടി അമലയെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ അഖിൽ എന്ന ഒരു മകനുണ്ട്.