പ്രേമത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ സായ് പല്ലവി ഇപ്പോൾ കോളിവുഡിലും ടോളിവുഡിലും തിരക്കുളള നടിയാണ്. തെലുങ്കിൽ ഫിദ, മിഡിൽ ക്ലാസ് അബ്ബായ് എന്നീ 2 സിനിമകളിൽ സായ് പല്ലവി അഭിനയിച്ചു കഴിഞ്ഞു. തമിഴിൽ സായ് പല്ലവിയുടെ ആദ്യ ചിത്രമായ കാരു റിലീസിന് ഒരുങ്ങുകയാണ്. ധനുഷ് നായകനാവുന്ന മാരി 2 എന്ന തമിഴ് സിനിമയിലാണ് സായ് പല്ലവി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സിനിമകളുടെ തിരക്കിലേക്ക് സായ് പല്ലവി മാറുന്നതിനോടൊപ്പം താരത്തെക്കുറിച്ചുളള സഹ നടന്മാരുടെ പരാതികളും ഏറുകയാണ്. കാരു സിനിമയിൽ സായ് പല്ലവിക്കൊപ്പം അഭിനയിച്ച നാഗ ശൗര്യയാണ് നടിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ സ്വഭാവത്തെക്കുറിച്ച് നായകൻ തുറന്നടിച്ചത്.

ഷൂട്ടിങ് സെറ്റിൽ അനാവശ്യ കാര്യങ്ങൾക്കുപോലും സായ് പല്ലവി ബഹളം വയ്ക്കുന്നുവെന്നാണ് നാഗ ശൗര്യയുടെ പ്രധാന ആരോപണം. ചെറിയ കാര്യങ്ങൾക്ക് പോലും സായ് പല്ലവി ദേഷ്യപ്പെടുന്നുവെന്നും നടിയുടെ പെരുമാറ്റം സഹിക്കാനാവില്ലെന്നും ശൗര്യ പറഞ്ഞിട്ടുണ്ട്.

തെലുങ്ക് സിനിമ മിഡിൽ ക്ലാസ് അബ്ബായിയുടെ ഷൂട്ടിങ്ങിനിടയിൽ സായ് പല്ലവി ദേഷ്യപ്പെട്ടുവെന്നും ഇതേത്തുടർന്ന് നായകൻ നാനി ഷൂട്ടിങ് സെറ്റിൽനിന്നും ഇറങ്ങിപ്പോയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു.

തനിക്കെതിരെയുളള ആരോപണങ്ങൾക്കൊന്നും സായ് പല്ലവി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് മറ്റൊരു സവിശേഷത. കൂടെ അഭിനയിച്ച നടൻ പരസ്യമായി രംഗത്തുവന്നിട്ടും സായ് പല്ലവി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. സായ് പല്ലവി ആരോപണങ്ങളോട് പ്രതികരിക്കുമെന്നും സത്യം പുറത്തുവരുമെന്നുമുളള പ്രതീക്ഷയിലാണ് നടിയുടെ ആരാധകർ. അതേസമയം, വിവാദങ്ങളോട് എപ്പോഴും മുഖം തിരിക്കുന്ന നടിയാണ് സായ് പല്ലവി. അതിനാൽതന്നെ ഇത്തരം ആരോപണങ്ങൾക്ക് സായ് പല്ലവി മറുപടി പറയില്ലെന്നും ചില വിവരങ്ങളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook