നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നായപ്പോൾ ഇരുവരുടെയും ആരാധകർ ഏറെ ആഘോഷമാക്കിയിരുന്നു. ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും വേർപിരിയുന്നുവെന്ന് അറിയിച്ചത്.
സാമന്ത തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അക്കിനേനി എന്ന പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബറിൽ നാഗചൈതന്യയാണ് ട്വിറ്ററിലൂടെ തങ്ങൾ വേർപിരിയുകയാണെന്നത് സ്ഥിരീകരിച്ചത്.
ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തെ താൻ മറികടന്നതിനെക്കുറിച്ച് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ് നാഗചൈതന്യ. ”ഞങ്ങൾ രണ്ടുപേരുടെയും നല്ലതിനുവേണ്ടിയാണ് ആ തീരുമാനം എടുത്തത്. അവൾ (സാമന്ത) സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമായിരുന്നു അത്,” നാഗചൈതന്യ അഭിമുഖത്തിൽ പറഞ്ഞു.
“ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നാഗ ചൈതന്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്.
‘യേ മായ ചെസവേ’ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2017ലാണ് വിവാഹിതരായത്.‘
Read More: ഊ അന്തവാ…’ ഐറ്റം ഡാൻസ് പരിശീലിക്കുന്ന സാമന്തയുടെ വീഡിയോ വൈറൽ