നാഗ ചൈതന്യയും സാമന്തയും തമ്മിലുളള വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. ഇരുവരുടെയും വിവാഹം ഒക്ടോബറിൽ നടക്കും. നാഗ ചൈതന്യയാണ് ഇതുസംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.
”വിവാഹം സംബന്ധിച്ച മുഴുവൻ വിവരങ്ങളും പിന്നീട് പുറത്തുവിടും. എന്നാൽ വിവാഹം പരമ്പരാഗത രീതിയിൽ ഒക്ടോബറിൽ നടക്കുമെന്ന്” നാഗ ചൈതന്യ വ്യക്തമാക്കിയതായി തെലുങ്ക് മാധ്യമം റിപ്പോർട്ട് ചെയ്തു. ഇരുവരും ഗോവയിൽ വച്ചായിരിക്കും വിവാഹിതരാവുക എന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. എന്നാൽ ഇത് നാഗ ചൈതന്യ നിഷേധിച്ചു. ഹൈദരാബാദിൽ വച്ചായിരിക്കും വിവാഹമെന്നും നാഗ സ്ഥിരീകരിച്ചു. വിവാഹത്തിനുശേഷം ഇരുവരും ന്യയോർക്കിലേക്ക് പോകുമെന്നും നാഗ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
ദീർഘനാളത്തെ പ്രണയത്തിനുശേഷം ഈ വർഷം ആദ്യമാണ് നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്ചയം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്.
‘റാറണ്ടോയ് വെഡുക’ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ഇപ്പോൾ നാഗ ചൈതന്യ. വെളളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തുക.