തെന്നിന്ത്യയിലെ മുൻനിര താരങ്ങളിലൊരാളാണ് നാഗ ചൈതന്യ. സിനിമാ ജീവിതത്തിലെ വെല്ലുവിളികളെ പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും ഒരുപാട് ചർച്ചകൾക്ക് വഴിവച്ചിരുന്നു. സൂപ്പർ താരം സാമന്ത റൂത്ത് പ്രഭുവുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിനു ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ്സു തുറക്കുകയാണ് നാഗ ചൈതന്യ.
ഇർഫാൻസ് വ്യൂ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. ജീവിതത്തിലെ ഏറ്റവും കുറ്റബോധം തോന്നുന്ന നിമിഷം ഏതാണെന്നാണ് അവതാരകൻ ചോദിച്ചത്. തന്റെ ജീവിതത്തിൽ അങ്ങനെ പ്രത്യേകമായി ഒന്നിനോടും ഒരു കുറ്റബോധം തോന്നിയിട്ടില്ലെന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. താൻ തിരഞ്ഞെടുത്ത കുറച്ച് ചിത്രങ്ങൾ വർക്കായില്ല എന്നത് ഒഴിച്ചു നിർത്തിയാൽ മറ്റൊന്നുമില്ലെന്നും താരം കൂട്ടിച്ചേർത്തു.
സാമന്തയുമായി വേർപിരിഞ്ഞതിനു ശേഷം നാഗ നടി ശോഭിതയുമായി ബന്ധത്തിലാണെന്നും പറയപ്പെടുന്നുണ്ട്. ഇരുവരും ഒന്നിച്ച് ലണ്ടനിൽ വച്ച് പകർത്തിയ ചിത്രം ഏറെ വൈറലായിരുന്നു. നാഗ ചൈതന്യ ചിത്രത്തിനായി പോസ് ചെയ്യുമ്പോൾ ക്യാമറയിൽ നിന്ന് മുഖം മറച്ചു നിൽക്കുകയാണ് ശോഭിത. കഴിഞ്ഞ ആറു മാസമായി ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരങ്ങൾ ഇതുവരെ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
നാഗചൈത്യനയുടെ സഹോദരനും നടനുമായ അഖിൽ അക്കിനേനിയോട് ശോഭിതയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചിരുന്നു. ഏജന്റ് എന്ന ചിത്രത്തിന്റെ പ്രമോഷനിടയിലായിരുന്നു ചോദ്യം. ഇതിനെ കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് അഖിൽ മറുപടി പറഞ്ഞത്.
ബോക്സ് ഓഫീസ് പരാജയമായിരുന്ന ‘ലാൽ സിങ്ങ് ചദ്ദ’ യിലാണ് നാഗ ചൈതന്യ അവസാനമായി അഭിനയിച്ചത്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയിൻ സെൽവൻ 2’ ലാണ് ശോഭിത അവസാനമായി അഭിനയിച്ചത്.