ഇതുവരെ തനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള നടിമാരിൽ ഏറ്റവും മികച്ച കെമിസ്ട്രി തോന്നിയിട്ടുള്ളത് തന്റെ മുൻ ഭാര്യയായ സാമന്ത റൂത്ത് പ്രഭുവിനോടാണെന്ന് നടൻ നാഗ ചൈതന്യ. പുതിയ ചിത്രമായ ബംഗരാജുവിന്റെ പ്രമോഷൻ വേളയിലായിരുന്നു അവതാരകന്റെ ചോദ്യത്തിന് നാഗചൈതന്യ സാമന്തയുടെ പേര് പറഞ്ഞത്.
“നിങ്ങൾ ഇതുവരെ പ്രവർത്തിച്ചിട്ടുള്ള നടിമാരിൽ ഏറ്റവും മികച്ച ഓൺ-സ്ക്രീൻ കെമിസ്ട്രി ആരുമായാണ് ?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒട്ടുമാലോചിക്കാതെ സാമന്തയുടെ പേരാണ് നാഗചൈതന്യ പറഞ്ഞത്. യെ മായ ചേസാവേ, മാനം, മജിലി തുടങ്ങിയ ചിത്രങ്ങളിൽ നാഗചൈതന്യയും സാമന്തയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
2017 ൽ ആണ് നാഗ ചൈതന്യയും സാമന്തയും വിവാഹിതരായത്. 2021ൽ ആഴ്ചകളോളം നീണ്ട കിംവദന്തികൾക്ക് ശേഷം ഇരുവരും തങ്ങളുടെ വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
”ഞങ്ങൾ രണ്ടുപേരുടെയും നല്ലതിനുവേണ്ടിയാണ് ആ തീരുമാനം എടുത്തത്. അവൾ (സാമന്ത) സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമായിരുന്നു അത്,” ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നാഗചൈതന്യ പറഞ്ഞു.
തെലുഗു സൂപ്പർതാരമായ നാഗാർജുനയും മകൻ നാഗ ചൈതന്യയും ഒരുമിക്കുന്ന ചിത്രമാണ് ‘ബംഗരാജു’ വൻ പ്രതീക്ഷയാണ് ഉള്ളത്. യുവനടി കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ബംഗരാജുവിന്റെ പ്രമോഷനിടെ എത്ര ശാന്തമായാണ് നാഗചൈതന്യ വേർപിരിയൽ കൈകാര്യം ചെയ്തതെന്ന് നാഗാർജുന പറഞ്ഞു. “എല്ലായിടത്തും അവൻ എത്രമാത്രം ശാന്തനായിരുന്നു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു വാക്ക് കൊണ്ടുപോലും അവൻ പ്രകോപിതനായില്ല. ഏതൊരു അച്ഛനെയും പോലെ ഞാനും അവനെക്കുറിച്ച് വളരെ വിഷമിച്ചിരുന്നു. പക്ഷേ എന്നെക്കുറിച്ച് അവന് ആശങ്കയുണ്ടായിരുന്നു. അവൻ എന്നോട് ചോദിക്കും, ‘ഡാഡ്, നിങ്ങൾ ഓകെ അല്ലേ?” ഇത് ഞാൻ നിന്നോടല്ലേ ചോദിക്കേണ്ടതെന്നായിരുന്നു അപ്പോഴെന്റെ ഭാവം,” ഫസ്റ്റ്പോസ്റ്റിനു നൽകിയ അഭിമുഖത്തിൽ നാഗാർജുന പറഞ്ഞതിങ്ങനെ.