സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ മുന്‍നിരയിലുളള താരമാണ് നദിയ മൊയ്തു. ഒരിടവേളയ്ക്കു ശേഷം ‘ഭീഷ്മപര്‍വ്വം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നദിയ തിരിച്ചെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ആരാധകർക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. വനിതാദിന ആശംസകൾ അറിയിച്ചു കൊണ്ടുള്ള വീഡിയോയാണ് നദിയ ഷെയർ ചെയ്തത്.
ജിമ്മിൽ വർക്കൗട്ട് ചെയ്യുകയാണ് നാദിയ. അൻപത്താറു വയസ്സുള്ള താരം വളരെ ഉന്മേഷത്തോടെയാണ് വ്യായാമങ്ങൾ ചെയ്യുന്നത്. “മുൻപിൽ വരുന്ന തടസ്സങ്ങളും, സ്റ്റീരിയോടൈപ്പും തകർക്കപ്പെടണം, അത് ജിമ്മിനു അകത്തായാലും പുറത്തായാലും” നദിയ വീഡിയോയ്ക്ക് താഴെ കുറിച്ചു.
മുംബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുകയാണ് നദിയ. 1988 ൽ ഷിരിഷ് ഗോദ്ബോലെയുമായി വിവാഹിതയായ നദിയ 2007 കാലഘട്ടം വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008 ലാണ് മുംബൈയിൽ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാലോകത്തെത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറുപത്തോളം സിനിമകളില്‍ നദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നദിയ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയാണ് തിരിച്ചുവരുന്നത്.’വണ്ടർ വുമൺ’ ആണ് അവസാനമായി നദിയയുടെ പുറത്തിറങ്ങിയ ചിത്രം.