ലോക്ക്ഡൗൺ ദിവസങ്ങൾക്കിടയിലും മനോഹരമായൊരു യാത്രയുടെ ഓർമകളിലാണ് നടി നദിയ മൊയ്തു. കഴിഞ്ഞ വർഷം കുടുംബത്തിനൊപ്പം ജപ്പാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് താരം. മറക്കാനാവാത്ത ഒരു ഒത്തുകൂടലിന്റെ ഓർമകൾ എന്നാണ് കഴിഞ്ഞുപോയ ആ അവധിക്കാലയാത്രയെ നദിയ വിശേഷിപ്പിക്കുന്നത്. മകൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ അധികം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ല. അതിനാൽ തന്നെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പെൺമക്കൾക്കൊപ്പം അവരോളം തന്നെ ചുറുചുറുക്കോടെയിരിക്കുന്ന നദിയയെ ആണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.
തെന്നിന്ത്യൻ ഭാഷകളിലും തിളക്കമേറിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നദിയ മലയാളിക്ക് എന്നും പ്രിയപ്പെട്ട ഗേളിയാണ്. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില് സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഒരിക്കൽ നദിയ പറഞ്ഞതിങ്ങനെ: “ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്ടങ്ങൾ എന്താണ്, സ്പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്ടർ എനിക്ക് ചേരുമെന്ന്.”
1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.
ശിരീഷ് ഗോഡ്ബോലെയാണ് നദിയയുടെ ഭർത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. ഏറെനാൾ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയിൽ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ കാല വിശേഷങ്ങൾ പങ്കിടാൻ നദിയ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് ലൈവിലും അതിഥിയായി എത്തിയിരുന്നു.
വീഡിയോ കാണാം:
Read more: എന്തൊരു തുടക്കമായിരുന്നു അത്; നദിയയുടെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആദ്യ ചിത്രത്തെ കുറിച്ച്