‘നടിമാരിലെ മമ്മൂട്ടി’, ‘പ്രതാപിയായ അംബാസഡര്‍ കാര്‍’ എന്നൊക്കെയാണ് പ്രായം തട്ടാത്തവര്‍, യൗവ്വനം കാത്തുസൂക്ഷിക്കുന്നവര്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ നദിയ മൊയ്‌തുവിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. വലിയൊരു അളവ് വരെ അത് സത്യമാണ് താനും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, പ്രായം അമ്പതു കഴിഞ്ഞിട്ടും ചുറുചുറുക്കിനൊരു കുറവുമില്ല നദിയ മൊയ്‌തുവിന്. മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ആദ്യ നായകനായ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു എന്നത് കൊണ്ട് വീണ്ടും സിനിമാ വാര്‍ത്തകളില്‍ നിറയുകയാണ് ഈ അഭിനേത്രി.

ജീവിതത്തോടുള്ള നന്ദി കാത്തുസൂക്ഷിക്കുന്നതാണ് തന്‍റെ യൗവനത്തിന്റെ രഹസ്യം എന്നും, ആഹാര-വ്യായാമ രീതികള്‍ ചിട്ടപ്പെടുത്തുന്നതും അതിനെ സഹായിക്കുമെന്നും, സര്‍വ്വോപരി പോസിറ്റീവ് ആയി എല്ലാറ്റിനെയും കാണാന്‍ ശ്രമിക്കും എന്നും നദിയ മൊയ്‌തു പറയുന്നു.

“ജീവിതത്തിൽ ഒരു ഡിസിപ്ലിൻ ഉണ്ട്. നന്നായി വ്യായാമം ചെയ്യും. ധാരാളം നടക്കും, സൈക്കിള്‍ ചെയ്യും. ഭക്ഷണം ശ്രദ്ധിക്കും – എല്ലാത്തരം ആഹാരവും കഴിക്കും, പക്ഷേ മിതത്വം പാലിക്കും.

‘പോസിറ്റീവ് എനർജി’യില്‍ വിശ്വസിക്കുന്നു. ജീവിതത്തോടുളള എന്റെ ആറ്റിറ്റ്യൂഡ് ആണ് അത്.

ഞാൻ മക്കളോട് എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, ജീവിതത്തിൽ എപ്പോഴും ‘താങ്ക്ഫുൾ’ ആയിരിക്കണം. നമുക്ക് കുറേ ആഗ്രഹിക്കാം, ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കില്ല. കിട്ടുന്നതെന്താണോ അതിൽ സന്തോഷം കാണുക. അങ്ങനെ ചെയ്‌താൽ നമുക്കെപ്പോഴും ജീവിതത്തിൽ സന്തോഷം ഉണ്ടാവും. നമ്മുടെ മനസ്സിനും ശരീരത്തിനും അത് യുവത്വം നൽകും. മനസ്സിന്റെ സൗന്ദര്യമാണ് ശരീരത്തില്‍ കാണുക.

എന്റെ കുടുംബമാണ് എനിക്കെല്ലാം. ഭർത്താവ് ഷിരീഷ് ഗോഡ്ബേയും മക്കൾ സനമും ജനയും ആണ് എന്റെ ലോകം. അവരില്ലാതെ ഞാനില്ല. എല്ലാ കാര്യത്തിലും എനിക്കവർ വലിയ പിന്തുണയാണ്. വിവാഹം കഴിഞ്ഞ് ഏറെ വർഷത്തിനുശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ സിനിമ ചെയ്യാൻ തന്നെ കാരണം ഭർത്താവ് നൽകിയ പ്രോൽസാഹനമാണ്. 1985ലാണ് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത്. 88ൽ ഞാൻ വിവാഹിതയായി. അതു കഴിഞ്ഞ് ഒന്നോ രണ്ടോ സിനിമ ചെയ്‌തിട്ടുണ്ടാകും. വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്കുശേഷമാണ് ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ ചെയ്യുന്നത്. കുടുംബം തന്ന ധൈര്യത്തിലാണ് എനിക്കത് നന്നായി ചെയ്യാന്‍ പറ്റിയത്.

നദിയയെ നിങ്ങൾ വളരെ നേരത്തെ സിനിമയില്‍ നിന്നും കൊണ്ടു പോയെന്ന് ഭർത്താവിനെ കാണുമ്പോൾ ചില സുഹൃത്തുക്കൾ പറയാറുണ്ട്. വിവാഹം കഴിച്ചു അമേരിക്കയില്‍ പോയതിനാല്‍ എന്റെ കഴിവ് സിനിമയിൽ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന തോന്നൽ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ വന്നപ്പോൾ അദ്ദേഹം പറഞ്ഞു, ‘നീ ഇത് ഉറപ്പായും ചെയ്യണം. ഇത്രയും കാലത്തിനു ശേഷവും നിന്നെ ആൾക്കാർ ഓർക്കുന്നുണ്ട്. അവർ നിന്നെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട്.’

Read More: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല്‍ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

മക്കൾ രണ്ടു പേരും വിദേശത്താണ് പഠിക്കുന്നത്. എന്റെ സിനിമകൾ അവർ വളരെ കുറച്ചേ കണ്ടിട്ടുളളൂ. ‘ദൃശ്യം’ സിനിമയുടെ തെലുങ്ക് റീമേക്ക് അവർ കണ്ടിരുന്നു. അതിൽ ഞാൻ പൊലീസ് ഓഫിസറായിട്ടായിരുന്നു. മക്കൾ കാര്യമായി വിമര്‍ശിക്കും സത്യസന്ധമായി അഭിപ്രായം പറയും. അവർ വേറെ ജനറേഷനാണ്. അതിനാൽ തന്നെ അവർ പറയുന്നത് ഞാൻ ഉൾക്കൊളളും. അതൊരു പുതിയ പാഠമാണ്. പക്ഷേ ഭർത്താവ് അങ്ങനെയല്ല. അദ്ദേഹം നല്ലതു മാത്രമേ പറയൂ. എന്നെക്കാൾ കൂടുതൽ അദ്ദേഹമാണ് എന്റെ സിനിമകൾ കാണാറുളളത്. ഞാൻ അഭിനയിച്ച സിനിമകൾ ഞാൻ അധികം കാണാറില്ല. പക്ഷേ ഭർത്താവ് ടിവിയിൽ എന്റെ സിനിമ വരുമ്പോൾ ഒത്തിരി താൽപര്യത്തോടെ ഇരുന്നു കാണും.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ സിനിമ ചെയ്യുമ്പോഴുണ്ടായ അതേ മനോഭാവം തന്നെയാണ് ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ ചെയ്യുമ്പോഴും. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിന് കൊടുക്കും. എന്നാല്‍ സിനിമയുടെ വിജയത്തെക്കുറിച്ച് – എല്ലാ സിനിമയും വിജയിക്കണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു കൊണ്ട് തന്നെ – ആകുലപ്പെടാറില്ല. കാരണം അത് നമ്മുടെ കൈയ്യില്‍ അല്ല. നമ്മുടെ ജോലി നമ്മള്‍ നന്നായി ചെയ്യുക എന്നതേ ഒരു അഭിനേതാവിന് സിനിമയില്‍ ചെയ്യാന്‍ സാധിക്കൂ.

സിനിമ ഇല്ലാത്തപ്പോള്‍ വീട്ടിൽ വെറുതെ ഇരുന്നു സമയം കളയാനാണ് എനിക്ക് കൂടുതൽ ഇഷ്‌ടം. ബോംബൈയിൽ കുറേ നല്ല സുഹൃത്തുക്കളുണ്ട്. ഞങ്ങൾ ചേർന്ന് ഒരു കുക്കിങ് ക്ലബ് തുടങ്ങിയിട്ടുണ്ട്. ബോംബൈയിൽ താമസിക്കുന്ന പല രാജ്യങ്ങളിലുളളവർ ചേര്‍ന്നതാണ് അത്. മാസത്തിൽ ഒരിക്കൽ ഞങ്ങൾ ഒരുമിച്ച് കൂടും. ഓരോ നാട്ടിലെയും വ്യത്യസ്‌ത വിഭവങ്ങൾ ഉണ്ടാക്കും. എക്‌സിബിഷൻ, ആർട് ഫെസ്റ്റിവൽ ഇവ വരുമ്പോഴൊക്കെ ഒന്നിച്ചു പോകും. എന്തെങ്കിലുമൊക്കെ ചെയ്‌തു ഇപ്പോഴും എന്‍ഗേജ്ഡ്‌ ആവാന്‍ ശ്രമിക്കും.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ