മലയാളി എന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’. നദിയയുടെ ഗേളിയേയും മോഹൻലാലിന്റെ ശ്രീകുമാറിനെയും പത്മിനി അവതരിപ്പിച്ച കുഞ്ഞൂഞ്ഞമ്മയേയും ചിത്രത്തിലെ ‘കോസ്മോഫ്രില്‍’ കണ്ണടയെയും ഒന്നും അത്ര പെട്ടെന്ന് വിസ്മരിക്കാനാവില്ല. ”നോക്കെത്താദൂരത്തി’ലെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുകയാണ് നദിയ മൊയ്തു. ഹാലോവീൻ ആശംസകൾ നേർന്നുകൊണ്ടാണ് നദിയ ചിത്രത്തിലെ രസകരമായൊരു സീൻ പങ്കു വച്ചിരിക്കുന്നത്.
ചിത്രത്തിൽ മുഖംമൂടിയണിഞ്ഞ് ഗേളി ശ്രീകുമാറിനെ ഭയപ്പെടുത്തുന്ന രംഗമാണ് നദിയ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്റെ മുഖഭാവങ്ങളാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.
1984-ൽ പുറത്തിറങ്ങിയ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ സിനിമ അരങ്ങേറ്റം. ബോംബെയിൽ നിന്നെത്തിയ കൊച്ചുമോളുടെയും അമ്മച്ചിയുടെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞതിനൊപ്പം മനോഹരമായൊരു പ്രണയകഥ കൂടിയാണ് ചിത്രം പറഞ്ഞത്.
ബ്രെയിൻ ട്യൂമറിന്റെ വേഷത്തിൽ മരണം തന്റെ അടുത്തെത്തി എന്നറിഞ്ഞ ഗേളി, ഡൽഹിയിലെ തന്റെ വീട്ടിൽ നിന്നും ആരോടും ഒന്നും പറയാതെ ഒളിച്ചോടി നാട്ടിലെ അമ്മച്ചിയുടെ അടുത്തേക്ക് എത്തുകയാണ്. അവസാനനാളുകൾ ആഘോഷപൂർവ്വം ജീവിച്ചു തീർക്കുക എന്ന ഉദ്ദേശത്തോടെ നാട്ടിലെത്തുന്ന ഗേളി കുഞ്ഞൂഞ്ഞമ്മയുടെ അയൽവാസിയായ ശ്രീകുമാറിനെ പരിചയപ്പെടുന്നു.
കൊച്ചുകൊച്ചു വഴക്കുകൾക്കും കുസൃതികൾക്കുമൊടുവിൽ ഗേളിയും ശ്രീകുമാറും തമ്മിൽ പ്രണയത്തിലാവുന്നു. ഒടുവിൽ ഗേളിയുടെ അസുഖവിവരങ്ങളും നാട്ടിലേക്കുള്ള ഒളിച്ചോട്ടത്തിനു പിന്നിലെ കഥ എല്ലാവരും അറിയുകയും ഗേളിയുടെ ഡാഡി വന്ന് മകളെ ഒരു എമർജൻസി ശസ്ത്രക്രിയയ്ക്കായി ഡൽഹിയിലേക്ക് തന്നെ തിരികെ കൊണ്ടുപോവുകയും ചെയ്യുന്നു. മരണത്തിലേക്കോ ജീവിതത്തിലേക്കോ എന്നു തീർച്ചയില്ലാതെ ഗേളി ഡാഡിയ്ക്ക് ഒപ്പം പോവുമ്പോൾ, ഗേളിയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശ്രീകുമാറും കുഞ്ഞൂഞ്ഞമ്മയും.
Read more: ഐഫോണിന്റെ പുതിയ മോഡൽ ആദ്യം സ്വന്തമാക്കി മമ്മൂട്ടി
‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല്‍ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്തു
ബോംബെ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സറീനാ മൊയ്തു സിനിമയിലേക്ക് എത്തിപ്പെടുന്നത് ആഗ്രഹം കൊണ്ടോ പരിശ്രമം കൊണ്ടോ അല്ല; ആകസ്മികത കൊണ്ട് മാത്രമാണ്. മുംബൈ താമസിച്ചിരുന്ന ആ പതിനെട്ടുകാരിക്ക് മലയാളം സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സിനിമയില്‍ എത്തിയതിനെക്കുറിച്ച് നദിയ ഒരിക്കല്‍ പറഞ്ഞതിങ്ങനെ.
“ആ കാലത്ത് ഗൾഫിൽ പോകുന്നവരെല്ലാം ബോംബെയിൽ വന്നിട്ടാണ് പോകുന്നത്. അങ്ങനെ വരുന്ന പല ബന്ധുക്കളും അവരുടെ പരിചയക്കാരുമൊക്കെ എന്റെ വീട്ടിലാണ് താമസിക്കാറുളളത്. അങ്ങനെ ഒരിക്കല്‍ ഫാസിൽ അങ്കിളിന്റെ (സംവിധായകന് ഫാസില്‍) സഹോദരനും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. വീട്ടിൽ വന്നിട്ട് അദ്ദേഹം തിരിച്ച് ആലപ്പുഴയ്ക്ക് ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരന് താനൊരു പുതിയ സ്ക്രിപ്റ്റ് എഴുതുന്നുണ്ടെന്നും അതിലേക്ക് ഒരു പുതുമുഖ നടി വേണമെന്നും പറയുന്നത്. ബോംബയില്‍ എന്നെ കണ്ട കാര്യം പറഞ്ഞപ്പോള്‍ ഫാസില്‍ അങ്കിളിന് കാണാന്‍ താത്പര്യം തോന്നി വീട്ടിലേക്ക് വരുകയായിരുന്നു.”
കേരളത്തില്‍ നിന്നും തന്നെക്കാണാനായി ഒരാള്‍ വരുന്നു എന്ന് കോളേജില്‍ പോയിരുന്ന സറീനയ്ക്ക് അറിയില്ലായിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അവിടെ ഒരാള്‍ അച്ഛനമ്മമാരോട് സംസാരിച്ചിരിക്കുന്നത് കണ്ടു. അയാള്‍ തന്നെത്തന്നെ ശ്രദ്ധിക്കുന്നത് സറീനയുടെ ശ്രദ്ധയില്‍പെട്ടു.
“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്ടങ്ങൾ എന്താണ്, സ്പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്ടർ എനിക്ക് ചേരുമെന്ന്.”
നടപ്പ് കഴിഞ്ഞു വീട്ടിലെത്തിയ ഉടന്‍, ഡിന്നര്‍ കഴിക്കുന്നതിന് മുന്‍പ് തന്നെ, ഫാസില്‍ സറീനയ്ക്ക് ആ ചിത്രത്തിന്റെ കഥ പറഞ്ഞു കേള്‍പ്പിച്ചു. ഇടയ്ക്ക് അഭിനയിച്ചു കാണിച്ച് അദ്ദേഹം കഥ പറഞ്ഞു കേട്ടത് സിനിമ നേരില്‍ കണ്ടത് പോലെയായിരുന്നു എന്ന് നദിയ മൊയ്തു ഓര്‍ക്കുന്നു.
“കഥ കേട്ട ശേഷം അച്ഛനും അമ്മയും എനിക്ക് അഭിനയിക്കാൻ സമ്മതമാണോയെന്ന് ചോദിച്ചു. സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാൻ അപ്പോഴൊന്നും ചിന്തിച്ചിട്ടു പോലുമില്ല. ഫാസിൽ അങ്കിളിന്റെ കുടുംബത്തെ നന്നായി അറിയാവുന്നതുകൊണ്ട് വേറൊന്നും ചിന്തിച്ചില്ല. പോയി ചെയ്തു നോക്കാമെന്ന് വിചാരിച്ചു. പോകുന്നതിന് മുന്‍പ് അദ്ദേഹം എന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്തു.
അടുത്ത ദിവസം നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ അവിടെ വച്ച് അദ്ദേഹം എം.ടി.വാസുദേവൻ നായരെ കണ്ടു. എന്റെ ഫോട്ടോ കാണിച്ചിട്ട് എന്റെ അടുത്ത പടത്തിൽ ഈ കുട്ടിയാണ് നായിക എന്നു പറഞ്ഞു. എന്റെ കണ്ണു കൊളളാമെന്നും, നല്ല പവർഫുൾ ആണെന്നും എം.ടി പറഞ്ഞുവത്രേ.
Read more: മക്കൾക്കൊപ്പം നദിയ മൊയ്തു; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook