കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിൽ പങ്കെടുക്കാൻ പതിവുപോലെ ഇത്തവണയും മുംബൈയില്‍ നിന്നും അഭിനേത്രിയായ  നദിയ മൊയ്തു എത്തി. ബിനാലെയുടെ മുന്‍ പതിപ്പുകളിലുമെല്ലാം മുടങ്ങാതെ അവര്‍  എത്തിയിരുന്നു. കലയോടുള്ള ഇഷ്ടം തന്നെയാണ് ഓരോ ബിനാലെ കാലത്തും കൊച്ചിയിൽ എത്തിച്ചേരാൻ ജെജെ സ്കൂൾ ഓഫ് ആർട്സിലെ ഈ പഴയ വിദ്യാർത്ഥിനിയ്ക്ക് പ്രചോദനമാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയുമായി അടുത്ത പരിചയവും നദിയയ്ക്കുണ്ട്.

“ഒാരോ തവണയും കൂടുതൽ മികച്ച രീതിയിലാണ് സംഘാടകർ ബിനാലെ സംഘടിപ്പിക്കുന്നത്. ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്, അതിന് അനുസരിച്ചുള്ള റിസൽറ്റും കാണാൻ സാധിക്കുന്നുണ്ട്,” ബിനാലെ സന്ദർശനത്തിനിടെ നദിയ പറഞ്ഞു.

 

ബിനാലെ കാഴ്ചകളുടെ കൂട്ടത്തില്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ട് ആണ് തന്റെ ഇഷ്ടവിഷയം എന്നാണ് നാദിയ മൊയ്തു പറയുന്നത്.” എനിക്ക് ക്രിയേറ്റീവ് ആയ കാര്യങ്ങൾ കാണാൻ ഇഷ്ടമാണ്. അബ്‌സ്ട്രാക്റ്റ് ആർട്ടെനിക്ക് ഇഷ്ടമാണ്. നമ്മൾ കണ്ണുകൊണ്ടു കാണുന്നതിനേക്കാൾ ആഴമേറിയ അർത്ഥമുണ്ടാവും ഒാരോ ആർട്ടിനും. ആർട്ട് എപ്പോഴും ഒരു ഓപ്പണ്‍ എൻറഡ് ഫിലിം പോലെയാണ്, കാഴ്ചക്കാർക്ക് പൂരിപ്പിക്കാൻ അതെന്തെങ്കിലും പകരം തരും,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നദിയ.

ഇപ്പോള്‍ മുംബൈയിലെ സിനിമാ-സ്വകാര്യ ജീവിതത്തിരക്കുകള്‍ക്കിടയിലും സുഹൃത്തുക്കൾക്കൊപ്പം എക്‌സിബിഷൻ, ആർട് ഫെസ്റ്റിവൽ എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കാനും സമയം കണ്ടെത്തുന്നു നദിയ, സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ആർട്ടിന്റെ ലോകത്തേക്ക് പോകുമായിരുന്നു എന്നും വിശ്വസിക്കുന്നു. ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലേക്ക് നദിയയ്ക്ക് അവസരം ലഭിക്കുന്നത്.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത് 1985ലാണ്. 1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ തിരിച്ചെത്തിയത് 10 വർഷങ്ങൾക്കു ശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു. അടുത്തിടെ റിലീസ്​ ആയ ‘നീരാളി’ എന്ന ചിത്രത്തിലും മോഹൻലാലിന്റെ നായികയായി മലയാളത്തിലേക്കും നദിയ മൊയ്തു തിരിച്ചെത്തിയിരുന്നു. ഫോർട്ട് കൊച്ചിയിൽ ഒരു ഷോർട്ട്ഫിലിമിന്റെ ഷൂട്ടിലാണ് നദിയ ഇപ്പോൾ. സത്യജിത്ത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ഷോർട്ട്ഫിലിം ഒരുക്കുന്നത്. ഇതാദ്യമായാണ് നദിയ ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നത്.

Read more: Throwback Thursday: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല്‍ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ