Latest News

ഞാന്‍ ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വചിത്രം; നദിയ മൊയ്തു പറയുന്നു

ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുന്ന ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ഹ്രസ്വചിത്രത്തെ കുറിച്ച് നദിയ മൊയ്തുവും സംവിധായകനും സംസാരിക്കുന്നു

Nadiya moidu, IFFI 2020

സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയായിരുന്ന ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ഹ്രസ്വചിത്രം ഇത്തവണ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമ (നോണ്‍ ഫീച്ചര്‍) വിഭാഗത്തിൽ സ്ക്രീൻ ചെയ്യപ്പെടുകയാണ്. 37 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, മലയാളികളുടെയും തെന്നിന്ത്യയുടെയും പ്രിയതാരം നദിയ മൊയ്തുവാണ് ഈ ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന കൊച്ചുസിനിമയുടെ പിന്നിലെ വിശേഷങ്ങളും ഐഎഫ്എഫ്ഐയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷവും ഇന്ത്യൻ എക്സ്പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് നദിയ മൊയ്തുവും സംവിധായകൻ ശരൺ വേണുഗോപാലും.

“അഭിനയജീവിതത്തിൽ ഇത്ര വർഷത്തിനിടെ ഞാനാദ്യമായാണ് ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിനു വേണ്ടി ശരൺ എന്നെ അപ്രോച്ച് ചെയ്യാൻ ആദ്യം മുതൽ തന്നെ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാൻ യുഎസിൽ ആണെന്നാണ് ശരൺ കരുതിയിരുന്നത്. പിന്നെയാണ് ഞാൻ മുംബൈയിൽ ഉണ്ടെന്നറിയുന്നത്. എന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു, ഇങ്ങനെയൊരു സ്ക്രിപ്റ്റ് ഉണ്ട്, ചെയ്യാമോ എന്നു ചോദിച്ചു. കഥയെനിക്ക് മെയിൽ ചെയ്തു തന്നു, പിന്നീട് മുംബൈയിൽ നേരിട്ട് വന്ന് സംസാരിച്ചു. കഥ വായിച്ചപ്പോഴേ എനിക്കിഷ്ടമായി. കുടുംബബന്ധങ്ങളൊക്കെ പശ്ചാത്തലമായി വരുന്ന എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റിയ ഒരു കഥയായിരുന്നു. ഒരു മധ്യവയസ്കയായ സ്ത്രീ, അവരുടെ കുടുംബം. ശരൺ മുൻപ് ചെയ്തൊരു ഹ്രസ്വചിത്രവും എനിക്ക് അയച്ചു തന്നിരുന്നു. അതുകണ്ടപ്പോൾ ഇംപ്രഷൻ തോന്നി. അങ്ങനെയാണ് ‘ഒരു പാതിരാസ്വപ്നം പോലെ’ എന്ന ചിത്രം ചെയ്യുന്നത്,” നദിയ മൊയ്തു പറഞ്ഞു.

Nadiya Moidu, IFFI 2020, Oru paathira swapnam pole, Like a midnight dream, International film festival of india, ഒരു പാതിരാസ്വപ്നം പോലെ, നദിയ മൊയ്തു, Indian express malayalam, IE malayalam

തിരക്കഥ എഴുതുമ്പോൾ തന്നെ നദിയ മൊയ്തുവായിരുന്നു മനസ്സിലെന്ന് ശരൺ പറയുന്നു, “കഴിഞ്ഞ വർഷമായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ നദിയ മാഡത്തിന്റെ മുഖം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ ഇത്രയും വലിയൊരു സ്റ്റാർ എന്നെ പോലെ ഒരു സ്റ്റുഡന്റിന്റെ സിനിമയിൽ അഭിനയിക്കുമോ എന്നതിൽ സംശയമുണ്ടായിരുന്നു. സ്ക്രിപ്റ്റ് പൂർത്തിയായപ്പോൾ ആത്മവിശ്വാസം തോന്നി, മാഡത്തെ നേരിട്ട് പോയി കണ്ടു, നദിയ മാഡത്തിന് കഥ ഇഷ്ടമാവുകയും ചെയ്തു.”

രസകരമായിരുന്നു ഷൂട്ടിംഗ് ദിനങ്ങൾ എന്ന് നദിയ മൊയ്തു ഓർത്തെടുത്തു, “കുട്ടികൾക്ക് ഒരു പ്രോത്സാഹനം ആവട്ടെ എന്ന രീതിയിലാണ് ഞാൻ ഈ പ്രൊജക്റ്റിനെ സമീപിച്ചത്. ആദ്യമൊക്കെ നദിയ മാഡം, നദിയ മാഡം എന്ന ഭയത്തോടെയായിരുന്നു ഈ കുട്ടികൾ എന്നെ സമീപിച്ചത്. ഷൂട്ട് തുടങ്ങി പെട്ടെന്ന് തന്നെ അവർക്ക് ഞാനൊരു സുഹൃത്തിനെ പോലെയായിമാറി. ഞാനൊരു സീനിയർ ആർട്ടിസ്റ്റാണെന്ന് നിങ്ങൾ മറന്നല്ലേ എന്നൊക്കെ ഞാനവരെ കളിയാക്കുമായിരുന്നു.”

“മാഡം പറഞ്ഞത് ശരിയാണ്. ആദ്യം സെറ്റിൽ വരുമ്പോൾ ഞങ്ങൾക്ക് ശരിക്കും പേടിയായിരുന്നു, സീനിയർ ആർട്ടിസ്റ്റല്ലേ. പക്ഷേ ഞങ്ങളോട് എല്ലാവരും വളരെ സൗഹൃദത്തോടെയാണ് നദിയ മാം പെരുമാറിയത്. അതോടെ പേടിയൊക്കെ പോയി എല്ലാവരും റിലാക്സ്ഡ് ആയി.” നദിയ മൊയ്തുവിന്റെ വാക്കുകൾ ശരിവച്ചുകൊണ്ട് ശരൺ പറഞ്ഞു.

Nadiya Moidu, IFFI 2020, Oru paathira swapnam pole, Like a midnight dream, International film festival of india, ഒരു പാതിരാസ്വപ്നം പോലെ, നദിയ മൊയ്തു, Indian express malayalam, IE malayalam

“ഈ കുട്ടികൾക്കൊപ്പം വർക്ക് ചെയ്യുന്നത് എനിക്കും ഏറെ എനർജിയും പോസിറ്റിവിറ്റിയും തന്ന കാര്യമായിരുന്നു. തുടക്കക്കാരാണെങ്കിലും നല്ല ലക്ഷ്യബോധമുള്ള കുട്ടികളാണ് ഇവർ. ഓർഗനൈസ്ഡ് ആയാണ് അവർ വർക്ക് ചെയ്തത്. നല്ല കഠിനാധ്വാനികളാണ് ഇവർ. പത്തു ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂർതത്തിയാക്കിയത്. ഫോർട്ട് കൊച്ചിയിൽ ആയിരുന്നു ഷൂട്ട്.” നദിയ മൊയ്തു കൂട്ടിച്ചേർത്തു.

“ഐഎഫ്എഫ്ഐയിലേക്ക് കോളേജിൽ നിന്നും അവർ നേരിട്ട് അയച്ചതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരു സ്ക്രീനിംഗ് പ്ലാറ്റ്ഫോമും ഇല്ലല്ലോ. അതിനാൽ തന്നെ വലിയ സന്തോഷമുണ്ട് ഞങ്ങളുടെ കൊച്ചുസിനിമ മേളയിലെത്തുമ്പോൾ. ‘ഒരു പാതിരാസ്വപ്നം പോലെ’ കോഴ്സിന്റെ ഭാഗമായി ഞാൻ പൂർത്തിയാക്കേണ്ട ഡിപ്ലോമ ഫിലിം ആയിരുന്നു.”

കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയാണ് ശരൺ വേണുഗോപാൽ. തിരുവനന്തപുരത്ത് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെയാണ് സിനിമയോട് താൽപ്പര്യം കയറി ശരൺ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്നത്. മുൻപ് പഠനത്തിന്റെ ഭാഗമായി ‘സോപാനം’ എന്നൊരു ഹ്രസ്വചിത്രവും ശരൺ ഒരുക്കിയിരുന്നു. ബാബു നമ്പൂതിരി പ്രധാന വേഷത്തിലെത്തിയ ആ ഹ്രസ്വചിത്രം മുംബൈ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സൗണ്ട് ഡിസൈനറായ നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ എന്ന ചിത്രത്തിലും ശരൺ വർക്ക് ചെയ്തിരുന്നു.

Read more: ഓർമ്മകളിൽ അങ്ങനെയൊരു കാലം; ചിത്രങ്ങൾ പങ്കുവച്ച് നാദിയ മൊയ്തു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nadiya moidu iffi 2020 oru paathiraa swapnam pole like a midnight dream international film festival of india

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com