നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിനു വേണ്ടി തിരക്കഥാക്യത്ത് സുരേഷ് ബാബു വരച്ച കാരിക്കേച്ചറിന്റെ ചിത്രം ശ്രദ്ധ നേടിയിരുന്നു. കുടുംബത്തിലെ അംഗങ്ങൾക്കൊപ്പം വളർത്തുമൃഗങ്ങളും ക്യാൻവാസിലിടം നേടി. ‘തന്റെ കുടുംബാംഗങ്ങളാണ് ഇവരെല്ലാ’മെന്നാണ് മോഹൻലാൽ വീഡിയോയിൽ പറഞ്ഞത്. ഇതിൽ പുതിയതായി കുടുംബത്തിലേക്ക് വന്ന ഒരു പൂച്ചയുടെ കൂടി ഉൾപ്പെടുത്താനുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്.
സിമ്പ എന്ന പേരിട്ടിരിക്കുന്ന ആ പൂച്ചയും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ. ലാലേട്ടനൊപ്പം നിൽക്കുന്ന സിമ്പയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ‘കിങ്ങും സിമ്പ’യും എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കുറിച്ചത്.
എന്നാൽ കൗതുകമുള്ള കാര്യമെന്നത് മോഹൻലാൽ ചിത്രം പങ്കുവച്ചതിനു പിന്നാലെ താരങ്ങളായ നാദിർഷായും മിഥുൻ രമേഷും തങ്ങളുടെ വീട്ടിലെ പൂച്ചകുട്ടികൾക്കൊപ്പം ചിത്രം ഷെയർ ചെയ്‌തിരിക്കുകയാണ്.
മോഹൻലാലിന്റെ ചിത്രത്തിനൊപ്പം തന്റെ ചിത്രവും ചേർത്ത് നാദിർഷാ കുറിച്ചത് ‘എന്നാപ്പിന്നെ ഞാനും’ എന്നാണ്. മിഥുൻ തന്റെ കേശു പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് പൂച്ചകുട്ടന്മാർക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ.
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘റാം’ ആണ് മോഹൻലാലിന്റെ പുതിയ ചിത്രം. തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയായെന്നുളള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം ‘എലോൺ’ ഈ മാസം റിലീസിനെത്തും. രജനികാന്ത് ചിത്രം ‘ജെയിലറി’ൽ അതിഥി വേഷത്തിലെത്തുന്നുണ്ട് മോഹൻലാൽ.