ചെന്നൈ: തമിഴ് സിനിമയിലെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകാത്തതിന്റെ വിഷമത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത്. മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്ന തിനിക്ക് പോസ്റ്റല്‍ വോട്ട് ലഭിക്കാന്‍ കാലതാമസം വന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഇങ്ങനെ സംഭവിക്കരുതായിരുന്നെന്നും രജിനി ട്വിറ്ററില്‍ കുറിച്ചു.

‘നിലവില്‍ ഞാന്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കിലാണ്. ഇന്ന് വൈകുന്നേരം 6.45ന് മാത്രമാണ് നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള പോസ്റ്റല്‍ വോട്ട് എനിക്ക് ലഭിച്ചത്. നേരത്തെ ലഭിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്തിരുന്നു. ഈ കാലതാമസം മൂലം എനിക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല എന്നതില്‍ നിരാശയുണ്ട്. തീര്‍ത്തും ദൗര്‍ഭാഗ്യകരമാണിത്. ഒരിക്കലും ഇങ്ങനെ സംഭവിക്കരുതായിരുന്നു,’ രജിനി ട്വിറ്ററില്‍ കുറിച്ചു. ഇന്നലെയായിരുന്നു രജിനിയുടെ ട്വീറ്റ്. ഇന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Read More: പുണ്യാളന്‍ ചമയേണ്ട; നിന്റെ കള്ളങ്ങള്‍ എല്ലാവര്‍ക്കും അറിയാം: വിശാലിനോട് വരലക്ഷ്മി

തിരഞ്ഞെടുപ്പില്‍ പാണ്ഡവര്‍ അണിയുടെ സ്ഥാനാര്‍ഥികള്‍ നാസര്‍, വിശാല്‍, കാര്‍ത്തി തുടങ്ങിയവരാണ്. നാസര്‍ പ്രഡിസന്റ് സ്ഥാനത്തേക്കും വിശാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു. നിലവില്‍ ഈ സ്ഥാനങ്ങളില്‍ ഇരിക്കുന്നത് ഇവര്‍ തന്നെയാണ്. ഭാഗ്യരാജ് ആണ് നാസറിന്റെ എതിരാളി.

നടികർ സംഘം തിരഞ്ഞെടുപ്പ് ചെന്നൈ മേഖലാ റജിസ്ട്രാർ ഓഫ് സൊസൈറ്റീസ് താൽക്കാലികമായി റദ്ദാക്കിയിരുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടി ചില അംഗങ്ങൾ പരാതി നൽകിയതിനെ തുടർന്നായിരുന്നു നടപടി. ഇതേ തുടർന്ന് സംഘം ജനറൽ സെക്രട്ടറി വിശാൽ ഹൈക്കോടതിയെ മീപിക്കുകയായിരുന്നു.

മൂന്ന് വർഷത്തിൽ ഒരിക്കലാണ് നടികർ സംഘം തിരഞ്ഞെടുപ്പ് നടത്തുന്നത്. മുൻ വർഷങ്ങളിൽ ശരത് കുമാർ തുടർച്ചയായി വിജയം നേടിയപ്പോൾ കഴിഞ്ഞ വർഷം വിശാലാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറും വിശാലിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാൽ ഇത്തവണ വിശാലിനെതിരെ വരലക്ഷ്മി രംഗത്തെത്തിയിരുന്നു.

തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വിശാല്‍ വീണ്ടും ശരത്കുമാറിന്റേ പേര് വലിച്ചിഴയ്ക്കുകയും അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിരുന്നു. വിശാലിന്റെ യൂട്യൂബ് ചാനലായ ‘വിശാല്‍ ഫിലിം ഫാക്ടറി’യില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ രാധാരവിയുടേയും ശരത്കുമാറിന്റേയും നേതൃത്വത്തെ വിമര്‍ശിച്ചും പരിഹസിച്ചും പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിനെതിരെയാണ് വരലക്ഷ്മി രംഗത്തെത്തിയത്.

‘പുതിയ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയില്‍ നിങ്ങളുടെ നിലവാരത്തകര്‍ച്ച കണ്ട് എനിക്ക് ഞെട്ടലും വിഷമവും ഉണ്ടായി. നിങ്ങളെ ഞാന്‍ ഏതെങ്കിലും തരത്തില്‍ ബഹുമാനിച്ചിരുന്നെങ്കില്‍ ഇത് ഇതോടെ നഷ്ടമായി. നിയമമാണ് ഏറ്റവും വലുതെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ ആ നിയമം എന്റെ പിതാവ് കുറ്റക്കാരനെന്ന് പറഞ്ഞിട്ടില്ല, അത് തെളിയിക്കാനും സാധിച്ചിട്ടില്ല. നിങ്ങള്‍ പുണ്യാളന്‍ ചമയേണ്ട. നിങ്ങളുടെ ഇരട്ടത്താപ്പുകളും നുണകളും എല്ലാവര്‍ക്കും അറിയാം. ഇത്രയും കാലം ഞാന്‍ നിങ്ങളെ ബഹുമാനിക്കുകയും ഒരു സുഹൃത്തായി കൂടെ നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും നിങ്ങള്‍ സ്‌ക്രീനിനു പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങള്‍ പറയുന്നത് പോലെ സത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്തായാലും നിങ്ങള്‍ക്ക് എന്റെ വോട്ട് നഷ്ടമായി. ദൈവം അനുഗ്രഹിക്കട്ടെ,’വരലക്ഷ്മി ട്വിറ്ററിലൂടെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook