scorecardresearch

സെറ്റിൽ മോഹൻലാൽ സ്റ്റാറല്ല, നടൻ: നദിയ മൊയ്‌തു

“എന്റെ പ്രായത്തിലുളളവർക്ക് പറ്റിയ ക്യാരക്‌ടർ ഉളള സിനിമകൾ കുറവാണ്. സ്റ്റിരിയോടൈപ്പ്ഡ്‌ കഥാപാത്രങ്ങളാണ് എല്ലാം”, സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, മലയാളത്തിലെ ഏറ്റവും പുതിയ ചിത്രമായ ‘നീരാളി’യെക്കുറിച്ച്, നദിയാ മൊയ്തു സംസാരിക്കുന്നു

സെറ്റിൽ മോഹൻലാൽ സ്റ്റാറല്ല, നടൻ: നദിയ മൊയ്‌തു
nadiya mohanlal

32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നദിയാ മൊയ്തു വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. അജോയ് വര്‍മ്മയുടെ സംവിധാനത്തില്‍ നാളെ റിലീസ് ചെയ്യാനിരിക്കുന്ന ‘നീരാളി’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ ഭാര്യാ വേഷത്തിലാണ് നദിയാ എത്തുന്നത്‌. മോഹൻലാലുമായി വീണ്ടും ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നദിയ.

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത്‌ കണ്ണും നട്ട് എന്ന ചിത്രമാണ് മോഹന്‍ലാല്‍-നദിയാ കൂട്ടുകെട്ടിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രം. അതിനു ശേഷം 1986 ൽ പുറത്തിറങ്ങിയ, ഹരിഹരന്റെ ‘പഞ്ചാഗ്നി’ എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നുവെങ്കിലും അതില്‍ അവര്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല.

കാലങ്ങള്‍ക്ക് ശേഷം ഇരുവരെയും സ്ക്രീനിൽ ഒരുമിച്ച് കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ‘നീരാളി’യുടെ വിശേഷങ്ങളെക്കുറിച്ച് നദിയ മൊയ്‌തു ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട്…

  • ‘നീരാളി’യിലെ കഥാപാത്രം

‘നീരാളി’യിൽ മോഹൻലാലിന്റെ ഭാര്യയുടെ വേഷമാണ് എനിക്ക്. ആദ്യം വണ്‍ ലൈന്‍ കേട്ടപ്പോൾ കഥാപാത്രത്തെക്കുറിച്ച് ചെറിയൊരു സംശയം ഉണ്ടായിരുന്നു. പിന്നീട് തിരക്കഥാകൃത്ത് വീട്ടിൽ വന്ന് മുഴുവൻ കഥയും പറഞ്ഞു തന്നു. പിന്നെ ലാലേട്ടനുമായി വീണ്ടും അഭിനയിക്കുന്ന ഒരു സന്തോഷം കൂടിയായപ്പോൾ യെസ് പറഞ്ഞു.

 

  • മോഹൻലാലുമായി വർഷങ്ങൾക്കുശേഷം ഒന്നിക്കുന്നതിനെക്കുറിച്ച്

32 വർഷങ്ങൾക്കുശേഷമാണ് ഞാൻ ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുന്നത്. നീരാളിയിലേക്ക് എന്നെ സജസ്റ്റ് ചെയ്‌തത് മോഹൻലാൽ ആണ്. മോഹൻലാലുമായിട്ട് വളരെ കുറച്ച് സിനിമകളേ ഞാൻ ചെയ്‌തിട്ടുളളൂ. മമ്മൂട്ടിയുമായിട്ടാണ് കൂടുതൽ അഭിനയിച്ചത്. ഈ സിനിമയുടെ ഷൂട്ടിങ് ബോംബൈയിലായിരുന്നു. അതെനിക്ക് കുറച്ചു കൂടി കംഫർട്ടബിൾ ആയി. ‘നീരാളി’ ടീമിലും കൂടുതലും ബോംബൈയിലുളളവർ ആയിരുന്നു.

80കളിലെ അഭിനേതാക്കളുടെ ഒത്തുചേരൽ ഉണ്ട്. അപ്പോൾ ലാലേട്ടനെ കാണാറുണ്ട്. പിന്നെ ഞങ്ങളുടെ കോമൺ ഫ്രണ്ട്സിന്റെ വീട്ടിൽ വരുമ്പോൾ കാണാറുണ്ട്. അതു കൊണ്ട് ഒരുപാട് വർഷത്തിനുശേഷം മോഹൻലാലിനെ കാണുന്നു എന്നൊരു തോന്നലുണ്ടായില്ല. 32 വർഷത്തിനു മുൻപ് ഒപ്പം അഭിനയിച്ചതിനെക്കാൾ കൂടുതൽ കംഫർട്ടബിൾ ആണ് ഇന്ന് അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ. കാരണം ഞങ്ങൾ രണ്ടുപേരും മെച്യുവേഡ് ആണ്. ഞങ്ങൾക്കിടയിൽ സംസാരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. പിന്നെ ലാലേട്ടന്റെ ഒരു പ്രത്യേകത അദ്ദേഹം ഒരിക്കലും സ്റ്റാർ പവർ സെറ്റിലേക്ക് കൊണ്ടു വരില്ല.

Read More: ആഹാരം, വ്യായാമം, സന്തോഷം; നദിയ മൊയ്‌തുവിന്റെ സൗന്ദര്യ രഹസ്യങ്ങള്‍

Mohanlal and Nadia moidu at Neerali Audio Launch

മോഹന്‍ലാല്‍, നദിയാ മൊയ്തു എന്നിവര്‍ ‘നീരാളി’ ഓഡിയോ ലോഞ്ച് വേളയില്‍

  • മലയാളത്തിൽ അധികം കാണാറില്ലല്ലോ?

എന്റെ പ്രായത്തിലുളളവർക്ക് പറ്റിയ ക്യാരക്‌ടർ ഉളള സിനിമകൾ കുറവാണ്. സ്റ്റിരിയോടൈപ്പ്ഡ്‌ കഥാപാത്രങ്ങളാണ് എല്ലാം. നദിയായ്‌ക്ക് ചെറുപ്പമായിട്ട് അഭിനയിക്കാം എന്നൊക്കെ പറഞ്ഞു ചിലര്‍ വിളിക്കാറുണ്ട്. പക്ഷേ അതൊന്നും പ്രാക്‌ടിക്കൽ ആയിട്ട് നടക്കാത്ത കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയമാണിത്. മക്കൾ വലുതായി. അവർ സ്വന്തം കാര്യം നോക്കാൻ പ്രാപ്‌തരായി. ഇപ്പോൾ എനിക്ക് വേണ്ടി ചെയ്യാനുളള കാര്യങ്ങൾക്കുളള സമയമാണ്. അതുകൊണ്ട് തന്നെ എനിക്ക് ആസ്വദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൂടുതലായി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കെന്നല്ല ഭൂരിഭാഗം സ്ത്രീകള്‍ക്കും ജീവിതത്തിന്റെ രണ്ടാം പകുതി അങ്ങനെ ആയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

  • കുടുംബത്തെക്കുറിച്ച്

എന്റെ കുടുംബമാണ് എനിക്കെല്ലാം. അവരില്ലാതെ ഞാനില്ല. എല്ലാ കാര്യത്തിലും എനിക്കവർ വലിയ പിന്തുണയാണ്. വിവാഹം കഴിഞ്ഞ് ഏറെ വർഷത്തിനുശേഷം ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന സിനിമ ചെയ്യാൻ തന്നെ കാരണം ഭർത്താവ് ഷിരിസ് ഗോഡ്ബൊലേ നൽകിയ പ്രോൽസാഹനമാണ്. 1985ലാണ് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ റിലീസ് ആവുന്നത്. 88ൽ ഞാൻ വിവാഹിതയായി. അതു കഴിഞ്ഞ് ഒന്നോ രണ്ടോ സിനിമ ചെയ്‌തിട്ടുണ്ടാകും. വിവാഹം കഴിഞ്ഞ് 10 വർഷങ്ങൾക്കുശേഷമാണ് ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ ചെയ്യുന്നത്.

നദിയയെ നിങ്ങൾ നേരത്തെ കൊണ്ടു പോയെന്ന് സുഹൃത്തുക്കൾ ഭർത്താവിനെ കാണുമ്പോൾ പറയാറുണ്ട്. എന്റെ കഴിവ് സിനിമയിൽ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന തോന്നൽ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ വന്നപ്പോൾ അദ്ദേഹം പറഞ്ഞു, നീ ഇത് ഉറപ്പായും ചെയ്യണമെന്ന്. ‘ഇത്രയും കാലത്തിനുശേഷവും നിന്നെ ആൾക്കാർ ഓർക്കുന്നുണ്ട്. അവർ നിന്നെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട്. നീ ഉറപ്പായും സിനിമ ചെയ്യണം’.

 

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ സിനിമ ചെയ്യുമ്പോഴുണ്ടായ അതേ മനോഭാവം തന്നെയാണ് ‘എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ ചെയ്യുമ്പോഴും. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ആ സിനിമയ്ക്ക് നല്‍കും. പക്ഷേ സിനിമ ഓടുമോ ഇല്ലയോ എന്നത് എന്റെ മാത്രം കൈയ്യില്ളല്ല. ഓടണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട് തന്നെ കുറച്ചു ഡിറ്റാറ്റ്ച്ച്മഡ്‌ ആകും ഞാന്‍.

Read More: Throwback Thursday: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല്‍ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

  • മക്കൾക്ക് നദിയയുടെ സിനിമയെക്കുറിച്ചുളള അഭിപ്രായം

മക്കൾ സനമും ജനയും വിദേശത്താണ് പഠിക്കുന്നത്. സിനിമയിൽ അവരിപ്പോൾ താൽപര്യം കാണിച്ചിട്ടില്ല. പഠിത്തത്തിലാണ് ശ്രദ്ധ. എന്റെ സിനിമകൾ അവർ വളരെ കുറച്ചേ കണ്ടിട്ടുളളൂ. ‘ദൃശ്യം’ സിനിമയുടെ തെലുങ്ക് റീമേക്ക് അവർ കണ്ടിരുന്നു. അതിൽ ഞാൻ പൊലീസ് ഓഫിസറായിട്ടായിരുന്നു. മക്കൾ ക്രിട്ടിസൈസ് ചെയ്യ്യും. സത്യസന്ധമായി അഭിപ്രായം പറയും. അവർ വേറെ ജനറേഷനാണ്. അതിനാൽ തന്നെ അവർ പറയുന്നത് ഞാൻ ഉൾക്കൊളളും. അതൊരു പുതിയ പാഠമാണ്. പക്ഷേ ഭർത്താവ് അങ്ങനെയല്ല. ടിവിയിൽ എന്റെ സിനിമ വരുമ്പോൾ ഒത്തിരി താൽപര്യത്തോടെ ഇരുന്നു കാണും. അദ്ദേഹം നല്ലതു മാത്രമേ പറയൂ. എന്നെക്കാൾ കൂടുതൽ അദ്ദേഹമാണ് എന്റെ സിനിമകൾ കാണാറുളളത്. ഞാൻ അഭിനയിച്ച സിനിമകൾ ഞാൻ അധികം കാണാറില്ല. കാരണം ഞാനും എന്റെ ജോലിയെ ക്രിട്ടിക്കല്‍ ആയിട്ട് മാത്രമാണ് വിലയിരുത്തുന്നത്.

  • പുതിയ പ്രോജക്‌ടുകൾ

ഒരു തെലുങ്ക് സിനിമയുടെ സ്ക്രിപ്റ്റ് കേൾക്കുന്നുണ്ട്. പിന്നെ പരസ്യങ്ങളും ചര്‍ച്ചയിലുണ്ട്. ഒന്നും കമ്മിറ്റ് ചെയ്‌തിട്ടില്ല. പൊതുവേ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഞാൻ പുതിയ വർക്കുകളൊന്നും കമ്മിറ്റ് ചെയ്യാറില്ല. ഈ സമയത്താണ് മക്കൾക്ക് അവധി. അവർ വിദേശത്തു നിന്നും അപ്പോഴാണ് വരിക. അതിനാൽ ആ സമയം മക്കൾക്കുളളതാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nadia moidu interview mohanlal neerali