ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’വിന്റെ നൃത്ത ചിത്രീകരണത്തിനു പിന്നിലെ കഥകൾ വെളിപ്പെടുത്തി നൃത്തസംവിധായകൻ പ്രേം രക്ഷിത്. ഗാനത്തിന്റെ ഹുക്ക്-സ്റ്റെപ്പ് കൊറിയോഗ്രാഫി ചെയ്യാനും എഞ്ചിനീയറിംഗ് ചെയ്യാനുമായി താൻ രണ്ടു മാസത്തോളമെടുത്തു. നടന്മാരായ രാം ചരണും ജൂനിയർ എൻടിആറിനും ‘നാട്ടു നാട്ടി’ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെടുത്തു. ബ്രേക്കില്ലാതെയാണ് അവർ നൃത്തചിത്രീകരണം നടത്തിയത് എന്നും പ്രേം രക്ഷിത് ഓർത്തു.
“ആ പ്രഖ്യാപനം വന്നപ്പോൾ ഞാൻ ബ്ലാങ്ക് ആയി, ഒന്നര മണിക്കൂറിലധികം ഞാൻ എന്റെ ശുചിമുറിയിൽ കരഞ്ഞു. ഗോൾഡൻ ഗ്ലോബ് സാധ്യമല്ലെന്ന് തോന്നിയെങ്കിലും രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണ് യഥാർത്ഥത്തിൽ അത് സംഭവിച്ചത്. ഞാൻ വളരെ സന്തോഷവാനാണ്. ജൂനിയർ എൻടിആർ ചേട്ടൻ, ചരൺ സാർ എന്നീ രണ്ട് നായകന്മാർ കാരണമാണ് ഇതെല്ലാം സംഭവിച്ചത്, കാരണം അവർ ഇരുവരും നല്ല നർത്തകരാണ്. കീരവാണി സാറിന്റെ സംഗീതം അതിനു മാറ്റ് കൂട്ടി,” നിരവധി ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രേം, ഗാനം ഗോൾഡൻ ഗ്ലോബ് നേടിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചു.

“ഷൂട്ടിങ്ങിനു മുൻപ് രാജമൗലി സാർ എന്നോട് എല്ലാം വിശദമായി പറഞ്ഞു, എന്ത് തരം പാട്ടാണ്, എന്താണ് ആശയം, അങ്ങനെ എല്ലാം.”
പാട്ട് റിഹേഴ്സൽ ചെയ്യാനും ചിത്രീകരിക്കാനും കലാകാരന്മാർ ഏകദേശം 20 ദിവസമെടുത്തു, നൃത്തത്തിന് ചുവടുകൾ ഒരുക്കാൻ പ്രേം രണ്ട് മാസം ചെലവഴിച്ചു. ഈ ഗാനം ഒരു പെപ്പി ഡാൻസ് നമ്പറാണ്, എന്നാൽ ഹൈ എനർജി നമ്പറാണെങ്കിലും പാട്ടിന്റെ ഷൂട്ടിംഗ് സമയത്ത് അഭിനേതാക്കൾ ഇടവേളകളൊന്നും എടുത്തില്ല.
“അഭിനേതാക്കൾ ഇടവേള ചോദിച്ചില്ല, കാരണം അവരുടെഅർപ്പണബോധമാണ്. ഞാൻ അവരോട് പറഞ്ഞതെന്തും അവർ ചെയ്യുമായിരുന്നു. പാക്ക് അപ്പ് കഴിഞ്ഞ് രാജമൗലി സാർ ഞങ്ങളോടൊപ്പം റിഹേഴ്സൽ ചെയ്യാറുണ്ടായിരുന്നു. രാവിലെ 6 മണിക്ക് ഉണരുകയും രാത്രി 10 മണിക്ക് ഉറങ്ങുകയും ചെയ്യുന്ന ഒരു ഷെഡ്യൂളിൽ, വളരെ കഠിനാധ്വാനം ചെയ്താണ് ആ ഗാനം ഉണ്ടായത്.”
എം എം കീരവാണി ഈണം പകർന്ന ‘നാട്ടു നാട്ടു’ ഗാനം ആലപിച്ചിരിക്കുന്നത് കാല ഭൈരവയും രാഹുൽ സിപ്ലിഗുങ്ങും ചേർന്നാണ്. തമിഴിൽ ‘നാട്ടു കൂത്ത്,’ ഹിന്ദിയിൽ ‘നാച്ചോ നാച്ചോ,’ മലയാളത്തിൽ ‘കരിന്തോൾ,’ കന്നഡയിൽ ‘ഹാളി നാട്ടു’ എന്നിങ്ങനെയാണ് ഗാനം ഡബ്ബ് ചെയ്തിട്ടുള്ളത്.
റാമും ജൂനിയർ എൻടിആറും അവരുടെ നൃത്ത വൈദഗ്ധ്യത്തിന് പേരു കേട്ടവരാണ്, പ്രേം പറയുന്നു, “ഒരാൾ സിംഹവും മറ്റൊന്ന് ചീറ്റയുമാണ്.” നൃത്തസംവിധായകന്റെ മനസ്സിലെ ഒരേയൊരു ആശങ്ക അവരുടെ ശൈലിയുമായി പൊരുത്തപ്പെടുക എന്നതായിരുന്നു, ആ വെല്ലുവിളി തന്നെയാണ് പാട്ടിനായി 118 വ്യത്യസ്ത ചുവടുകൾ ഉണ്ടാക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
“അവർ രണ്ടുപേരും നല്ല നർത്തകരാണ്, പക്ഷേ ബുദ്ധിമുട്ടുള്ള കാര്യം അവരുടെ ശൈലിയായിരുന്നു. അവ രണ്ടും തമ്മിൽ പൊരുത്തപ്പെടണം, അതിനർത്ഥം ഞാൻ പുതിയ എന്തെങ്കിലും ഉണ്ടാക്കണം എന്നാണ്, അത് രണ്ടു പേർക്കും അനുയോജ്യമാകണം. ചരൺ സാർ മാത്രം നൃത്തം ചെയ്യുന്ന ചുവടുകൾ കൊടുത്താൽ, താരക് സാർ അത് ചെയ്യില്ല,” താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് പ്രേം പറയുന്നു.
ഹൈദരാബാദിൽ താമസിക്കുന്ന, പോണ്ടിച്ചേരി സ്വദേശിയായ നൃത്തസംവിധായകൻ, ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്ക് ബുദ്ധിമുട്ടേറിയ ധാരാളം സാഹചര്യങ്ങൾ നേരിടേണ്ടി വന്നതായും വെളിപ്പെടുത്തുന്നു. “സാധാരണയായി, ഓരോ പാട്ടിനും ഞങ്ങൾ 2-3 ചുവടുകളാണ് ചിട്ടപ്പെടുത്തുക, എന്നാൽ ഈ ഗാനത്തിനായി 118-ലധികം ചുവടുകളാണ് ചിട്ടപ്പെടുത്തിയത്.”
ജനുവരി 24 ന് ഓസ്കാർ നോമിനേഷനുകൾ പ്രഖ്യാപിക്കാനിരിക്കെ, വലിയ ലക്ഷ്യങ്ങളിലേക്ക് കണ്ണുനട്ടിരിക്കുകയാണ്രാജമൗലിയും ടീമും. “ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. ഇപ്പോൾ ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചു, ഞങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് പോകണമെന്ന് എനിക്ക് തോന്നുന്നു,” പ്രേം പറഞ്ഞു.
(യാഷിക മാതുറുമായുള്ള അഭിമുഖത്തിൽ നിന്ന്)