ഓസ്കർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയ ഗാനവമാണ് ആർആർആർ ലെ “നാട്ടു നാട്ടു” എന്നത്. എംഎം കീരവാണിയുടെ സംഗീതത്തിൽ ഒരുങ്ങിയ ഗാനം ലോകമെമ്പാടും ഏറ്റുപാടി. നാട്ടു നാട്ടു എന്ന ഗാനം പോലെ തന്നെ അതിലെ ഡാൻസ് സ്റ്റെപ്പുകളും ഏറെ ശ്രദ്ധ നേടി. സൗത്ത് കൊറിയ, ജർമനി എന്നിവടങ്ങളിലെ എംബസി ജീവനക്കാർ മുതൽ ലോക പ്രശസ്ത പോപ്പ് ബാൻഡായ ബിടിഎസ് അംഗങ്ങൾ വരെ നാട്ടു നാട്ടു നൃത്തം ചെയ്തു.
ഇന്ത്യൻ ഫോക്ക് സ്റ്റൈലിൽ കൊറിയോഗ്രാഫ് ചെയ്ത ഗാനത്തിന്റെ ഒരുപാട് രസകരമായ എഡിറ്റുകളും സോഷ്യൽ മീഡിയയിൽ പിറവിടെയുത്തു. ടോം ആൻഡ് ജെറി കഥാപാത്രങ്ങൾ നാട്ടു നാട്ടു നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് ലഭിച്ചത് മില്യൺ വ്യൂസ് ആണ്.
എന്നാൽ ഒരു മലയാളം ഗാനത്തിന് നാട്ടു നാട്ടുവിന്റെ സ്റ്റെപ്പ് ചെയ്താൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ? മോഹൻലാൽ ഹിറ്റ് ചിത്രം ‘നരസിംഹ’ ത്തിലെ ധാംകിണക്ക ധില്ലം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് നാട്ടു നാട്ടുവിന്റെ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഗാനവും രംഗങ്ങളും തമ്മിൽ നല്ലവണ്ണം ചേർന്നു പോകുന്നുണ്ട്.
ധാംകിണക്ക ധില്ലം ഗാനം ആലപിച്ച ഗായകൻ എം ജി ശ്രീകുമാറാണ് വീഡിയോ പങ്കുവച്ചത്. “ഓസ്‌ക്കാറിന്റെ നിറവിൽ ധാംകിണക്ക ധില്ലം പാട്ടും. എഡിറ്റ് ചെയ്തവരെ സമ്മതിച്ചു” എന്നാണ് ശ്രീകുമാർ കുറിച്ചത്. ഈ ഗാനത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ഓസ്കർ ലഭിക്കുമായിരുന്നു, അടിപൊളി എഡിറ്റിങ്ങ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.