പൂർണഗർഭം ധരിച്ച പുരുഷന്റെ ചിത്രവുമായി നാൻ സെയ്ത കുറുന്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗർഭകാലത്തെ കുറിച്ചുള്ള റൊമാന്റിക് കോമഡി ചിത്രമാണ് നാൻ സെയ്ത കുറുന്പ്. നായികയല്ല, നായകനാണ് കഥയിലെ ഗർഭധാരി എന്നതാണ് സിനിമയുടെ ട്വിസ്റ്റ്.

1982 ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ ‘മൂൻട്രുമുഖം’ എന്ന സിനിമയിലെ പോപ്പുലർ റൊമാന്റിക് നന്പറായിരുന്നു ‘നാൻ സെയ്ത കുറുന്പ്’ എന്ന ടൈറ്റിൽ. ഭാര്യ ഗർഭിണിയാണെന്നറിയുന്പോൾ ആഹ്ലാദവാനായ രജനീകാന്ത് പാട്ടുപാടി നൃത്തം ചെയ്യുന്നതാണ് പാട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. ‘നാൻ സെയ്ത കുറുന്പ്’ എന്ന പുതിയ തമിഴ് ചിത്രം സംസാരിക്കുന്നതും വളരെ കൗതുകമുണർത്തുന്ന ഒരു വിഷയമാണ്.

പ്രശസ്ത കൊമേഡിയനായ മഹാവിഷ്ണു നാൻ സെയ്ത കുറുന്പിലൂടെ സിനിമാസംവിധായകനായി തന്റെ അരങ്ങേറ്റം കുറിക്കുകയാണ്. കയൽ ഫെയിം ചന്ദ്രനും മലയാള നടനായ അഞ്ജു കുര്യനുമാണ് പ്രധാന റോളുകളിൽ എത്തുന്നത്. ഗർഭധാരണത്തെയും ജെൻഡർ റോളുകളെയും വേറിട്ടൊരു കാഴ്ചപ്പാടിൽ നോക്കി കാണുകയാണ് സിനിമ.

ലോകസിനിമയിൽ തന്നെ, അധികം കൈകാര്യം ചെയ്യപ്പെടാത്ത പ്ലോട്ടെന്ന വിശേഷണവും ഈ കഥയ്ക്കുണ്ട്. 1994 ൽ ജൂനിയർ എന്ന സിനിമയിൽ ഹോളിവുഡ് സൂപ്പർസ്റ്റാർ അർനോൾഡ് ഷ്വാസ്നഗർ ഏറെക്കുറെ സമാനമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. പരീക്ഷണാർത്ഥം ഗർഭം ധരിക്കുന്ന ഒരു ശാസ്ത്രഞ്ജന്റെ കഥയായിരുന്നു ജൂനിയർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook