സുരേഷ് ഗോപിയുടെ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാകുന്നത്.അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അത്തരക്കാരുടെ സർവ്വനാശത്തിനായി താൻ പ്രാർത്ഥിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ശിവരാത്രിയോടനുബന്ധിച്ച് ആലുവ ശിവ ക്ഷേത്രത്തിലെത്തിയതാണ് താരം.
സുരേഷ് ഗോപിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. വിശ്വാസികളുടെ മാത്രം വോട്ട് മതിയെന്നു പറയാൻ ധൈര്യമുണ്ടോ എന്നാണ് കൂടുതൽ പേരും ചോദിച്ചത്.എഴുത്തുകാരൻ എൻ എസ് മാധവൻ താരത്തിനെതിരെ സോഷ്യൽ മീഡിയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ!” എന്നാണ് എൻ എസ് മാധവൻ ട്വീറ്റ് ചെയ്‌തത്.
ലക്ഷദ്വീപ് വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെ പിന്തുണച്ച് സുരേഷ് ഗോപി മാത്രമായിരുന്നു സിനിമാ മേഖലയിൽ നിന്ന് രംഗത്തെത്തിയത്. ഇതിനെ അഭിന്ദിച്ച് എൻ എസ് മാധവൻ പങ്കുവച്ച പോസ്റ്റ് റീ ട്വീറ്റ് ചെയ്താണ് ‘എന്റെ പിഴ’ എന്ന് കുറിച്ചത്.
“അവിശ്വാസികളോട് എനിക്ക് ഒട്ടും സ്നേഹമില്ല. അവരുടെ സർവ്വനാശത്തിനു വേണ്ടി ശ്രീകോവിലിനു മുൻപിൽ നിന്ന് പ്രാർത്ഥിക്കണം. മതത്തെയും മത സ്ഥാപനത്തെയും വിശ്വാസത്തെയും എതിർക്കുന്നവർക്ക് സമാധാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കി നൽകരുത്. വിശ്വാസികളുടെ അതിർത്തിയിലേക്ക് നുഴഞ്ഞു കയറാൻ ആരും ശ്രമിക്കരുത്. ഞങ്ങൾ സർവ്വ ലോകത്തിനു വേണ്ടി പ്രാർത്ഥിച്ച് സമാധാനത്തോടെ പോകാൻ ആഗ്രഹിക്കുന്നു” സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ.