തന്റെ ഭാര്യ കടുത്ത ലാലേട്ടന്‍ ആരാധികയാണെന്ന് ഏതുവേദിയിലും പറയാൻ മടിയില്ലാത്തയാളാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രം. ഇത്തവണ  തിരുവനന്തപുരം വിമന്‍സ് കോളേജായിരുന്നു വേദി. തന്റെ ഭാര്യയ്ക്കു മോഹൻ ലാലിനോടുള്ള ആരാധനയെക്കുറിച്ച് വിക്രം വെളിപ്പെടുത്തിയപ്പോള്‍ വിദ്യാര്‍ഥിനികള്‍ കയ്യടിക്കുകയും ആരവം മുഴക്കുകയും ചെയ്തു.

Read Also: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം

“എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തേക്കാള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരു കേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ഭാര്യ പറയും ലാലേട്ടന്റെ അത്രയ്ക്കു ആയിട്ടില്ലെന്ന്. അന്യന്‍ ഞാന്‍ നന്നായിട്ടു ചെയ്തു. അപ്പോഴും ഭാര്യ പറഞ്ഞു ‘ലാലേട്ടനാണെങ്കില്‍ അതു വേറെ ലെവലായേനെ’ എന്ന്.”-വിക്രം പറഞ്ഞു.

മകന്‍ ധ്രുവ് വിക്രം നായകനാകുന്ന ‘ആദിത്യവര്‍മ’ എന്ന ചിത്രത്തിന്റെ ടിക്കറ്റ് ലോഞ്ച് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു വിക്രം.

മമ്മൂട്ടിക്കൊപ്പം മലയാളത്തിൽ അഭിനയിച്ച വിക്രം എന്നാണ് മോഹന്‍ലാലിനൊപ്പം ഒരു ചിത്രം ചെയ്യുക എന്ന് അവതാരക ചോദിച്ചപ്പോള്‍ അതിനുള്ള മറുപടിയും വിക്രം നല്‍കി. ലാലേട്ടനൊപ്പം തീര്‍ച്ചയായും അഭിനയിക്കുമെന്നാണ് വിക്രം പറഞ്ഞത്.

ടിക്കറ്റ് ലോഞ്ച് നിര്‍വഹിച്ച ശേഷം ആരാധകരുടെ ആവശ്യപ്രകാരം വിക്രം അന്യനിലെ പാട്ടും ഡയലോഗും അവതരിപ്പിച്ചു. മകന്‍ ധ്രുവിന്റെ സിനിമ എല്ലാവരും കാണണമെന്നും വിക്രം ആവശ്യപ്പെട്ടു. ടിക്കറ്റ് ലോഞ്ചിനു ശേഷം വിദ്യാര്‍ഥികള്‍ക്ക് വിക്രം ഉപദേശവും നല്‍കി. ”എല്ലാവരും സ്വപ്‌നങ്ങളെ പിന്തുടരണം. എല്ലാവര്‍ക്കും അവരുവരുടേതായ സ്വപ്‌നങ്ങള്‍ ഉണ്ടാകും. അത് നേടിയെടുക്കാനായി എല്ലാവരും പ്രവര്‍ത്തിക്കണം”. അഭിനയിക്കണമെന്ന സ്വപ്‌നം നേടിയെടുക്കാന്‍ താന്‍ പ്രയത്‌നിച്ചതുകൊണ്ടാണ് ഇവിടെ വരെ എത്തിയതെന്നും വിക്രം പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ധ്രുവത്തിലാണ് വിക്രം ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. പിന്നീട് മമ്മൂട്ടിക്കൊപ്പം സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും വിക്രം അഭിനയിച്ചു. എന്നാല്‍, മോഹന്‍ലാലിനൊപ്പം ഇതുവരെ വിക്രം ഒരു സിനിമ ചെയ്തിട്ടില്ല.

മമ്മൂക്കയെയും മോഹന്‍ലാലിനെയും തനിക്കു വലിയ ഇഷ്ടമാണെന്നും രണ്ടുപേരും മികച്ച നടന്‍മാരാണെന്നും വിക്രം നേരത്തെ പറഞ്ഞിട്ടുണ്ട്. ധ്രുവം സിനിമയില്‍ ജയറാം മരിക്കുന്ന ഭാഗത്ത് മമ്മൂക്ക കരയുന്നതു കണ്ട് അതിശയിച്ചു പോയിട്ടുണ്ടെന്നും വിക്രം നേരത്തെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി അഭിനയത്തില്‍ കാണിക്കുന്ന കരിസ്മ തനിക്കു ഏറെ ഇഷ്ടമാണെന്നും വിക്രം നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook