സിനിമയ്ക്ക് സ്‌ക്രിപ്റ്റ് വേണോ? തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണനോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കില്‍ വേണം എന്നായിരിക്കും മറുപടി. എന്നാല്‍ എഴുതപ്പെട്ട അക്ഷരങ്ങള്‍ മാത്രമല്ല സ്‌ക്രിപ്റ്റ് എന്നായിരിക്കും മറുപടി. സ്‌ക്രിപ്റ്റ് എന്നത് ഒരു പ്ലാന്‍ ആണെന്നാണ് ശങ്കര്‍ പറയുന്നത്. സിനിമ എന്നത് ദൃശ്യകലയാകുമ്പോള്‍ ആ പ്ലാന്‍ ദൃശ്യങ്ങളിലൂടെയോ ചിത്രങ്ങളിലൂടെയോ ആകാം. സാഹിത്യകാരന്മാര്‍ തിരക്കഥാകൃത്തുക്കളാകുമ്പോഴാണ് തിരക്കഥ എന്നത് ഭാഷാപരമായി കൂടുതല്‍ സമ്പുഷ്ടമാകുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ സമീപനത്തോട് സിനിമയിലെത്തിയ നിരവധി സംവിധായകര്‍ മലയാളത്തിലും ലോകസിനിമയിലും ഉണ്ടെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ശങ്കറിനെ സംബന്ധിച്ചിടത്തോളം സ്‌ക്രിപ്റ്റ് ഒരു സിനിമയെ എങ്ങനെ ഒരുക്കാമെന്ന തയ്യാറെടുപ്പ്, അല്ലെങ്കില്‍ പദ്ധതിയാണ്.
‘കേരളാ കഫെ’, ‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിലൂടെ വീണ്ടും തിരക്കഥാകൃത്തിന്റെ കുപ്പായമണിയുകയാണ് ശങ്കര്‍ രാമകൃഷ്ണന്‍. ‘എന്നു നിന്റെ മൊയ്തീനു’ ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന ‘മൈ സ്റ്റോറി’ സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും നവാഗതയായ റോഷ്‌നി ദിനകറാണ്. വൈശാഖാ സിനിമയാണ് ‘മൈ സ്റ്റോറി’ നാളെ തിയേറ്ററുകളിലെത്തിക്കുന്നത്. ‘മൈ സ്റ്റോറി’യെക്കുറിച്ചും അതിന്റെ തിരക്കഥാരചനയെക്കുറിച്ചും ശങ്കര്‍ രാമൃഷ്ണന്‍ ഐ ഇ മലയാളത്തോട്.
? റോഷ്‌നി ദിനകര്‍ എന്ന സംവിധായികയെ കുറിച്ച്
ഒരു നവാഗത സംവിധായികയായി റോഷ്‌നി അനുഭവപ്പെട്ടതേയില്ല. കഴിഞ്ഞ 15 വര്‍ഷമായി കന്നഡ സിനിമാ മേഖലയിലെ എത്രയോ വലിയ സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തു പരിചയമുള്ള ആളാണ് റോഷ്‌നി. കൃത്യമായ അനുഭവപരിചയത്തോടെയാണ് റോഷ്‌നി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ എത്തുന്നത്. തിരക്കഥാകൃത്തിന് വളരെ സ്വാതന്ത്ര്യം തരുന്നൊരു സംവിധായികയാണ് റോഷ്‌നി.

റോഷ്‌നിക്ക് കേരളമായും മലയാളമായുമുള്ള അടുപ്പം കുറവാണ്. സിനിമയില്‍ നമ്മളൊരു മൊമന്റ് പറയുമ്പോള്‍ റോഷ്‌നി ഒരു ബോളിവുഡ് ഔട്ട്‌ലുക്കിലാണ് ചിന്തിക്കുക. ആദ്യമായാണ് ഞാന്‍ ഒരു വനിതാ സംവിധായികയ്‌ക്കൊപ്പം ജോലി ചെയ്യുന്നത്. വളരെ ശക്തമായ സ്ത്രീപക്ഷ കാഴ്ചപ്പാടുകളുള്ള ആളാണ് റോഷ്‌നി. അവരുടെ ആ ചിന്താധാര എന്നെയും പോസിറ്റീവായി സ്വാധീനിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ സ്ത്രീകഥാപാത്രം വളരെ ശക്തമാണ്.
? എങ്ങനെയാണ് മൈ സ്‌റ്റോറിയിലേക്കെത്തുന്നത്
എന്നെ ഈ പ്രൊജക്ടിലേക്ക് ക്ഷണിക്കുന്നത് പ്രൊഡക്ഷന്‍ ഡിസൈനര്‍ അരുണ്‍ നാരായണനും പൃഥ്വിരാജുമാണ്. റോഷ്‌നിയുമായി എനിക്ക് നേരത്തേ പരിചയമുണ്ടായിരുന്നില്ല. ഞാന്‍ ഇവര്‍ക്കൊപ്പം ചേരുന്ന സമയത്ത്, അവര്‍ ആദ്യമേ ഒരു കഥയില്‍ എത്തിയിരുന്നു. അതിന്റെ ഒരു രൂപം അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നു. അത് വായിച്ച് അഭിപ്രായം പറയാനായിരുന്നു ഞാന്‍ പൃഥ്വിയെ കാണാന്‍ ‘പാവാട’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുന്നത്. എന്നാല്‍ അതിന്റെ ചര്‍ച്ചകളില്‍ നിന്നും, മലയാളി പ്രേക്ഷകരുടെ ഇടയില്‍ അത്തരം ഒരു കഥ ക്ലിക്കാകുമോ എന്നെനിക്ക് സംശയം തോന്നി. കുറച്ച് ഫാന്റസിയൊക്കെ കലര്‍ന്ന ഒന്നായിരുന്നു അത്. ഒരു കന്നഡ, തമിഴ് ടച്ചുള്ള കഥയായി തോന്നി. പിന്നെ മറ്റൊരാളുടെ കഥയില്‍ പിന്നെ വര്‍ക്ക് ചെയ്യുക എന്നത് എനിക്കും അല്‍പം പ്രയാസമാണ്. അത് ഞാന്‍ പൃഥ്വിയോട് പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ നിന്നാണ് ‘മൈ സ്റ്റോറി’യുടെ കഥയുണ്ടാകുന്നത്. റോഷ്‌നിയുമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും വളരെ താത്പര്യം തോന്നി.
? ‘എന്നു നിന്റെ മൊയ്തീന്‍‘ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും വീണ്ടും ഒരു പ്രണയ കഥയില്‍ ഒന്നിക്കുന്നു. ഇവരുടെ കോംബിനേഷനെക്കുറിച്ച്
തിരക്കഥ പൂര്‍ത്തിയായ ശേഷം മൂന്നാറിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് ഞാനും പൃഥ്വിയും ഒന്നിച്ചിരുന്ന് ഇത് മുഴുവന്‍ വായിക്കുന്നത്. പൃഥ്വി ആ കഥാപാത്രത്തിന് ഫിറ്റായിരുന്നു. പുള്ളിക്ക് അത് ഇഷ്ടമാകുകയും ചെയ്തു. ഒരേയൊരു ചോദ്യം താര എന്ന കഥാപാത്രത്തെ ആര് ചെയ്യും എന്നതായിരുന്നു. ഞങ്ങളുടെ മനസില്‍ ആദ്യം വന്നത് പാര്‍വ്വതിയുടെ പേരായിരുന്നു. ‘ടേക്ക് ഓഫ്‘ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ബ്രേക്കെടുത്ത് പാര്‍വ്വതി ആ സമയത്ത് കൊച്ചിയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ ഞങ്ങള്‍ പാര്‍വ്വതിയെ വിളിച്ചു. അതിനു മുമ്പ് പലരേയും റോഷ്‌നി ഓഡീഷന്‍ ചെയ്തിരുന്നു. പക്ഷെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍, വളരെ കോംപ്ലിക്കേറ്റഡായ ഒരു കഥാപാത്രമാണ് താര. പാര്‍വ്വതിയാണ് ഇതിന് ഏറ്റവും ചേരുക എന്നു തോന്നി. അടുത്തദിവസം രാവിലെ തന്നെ ഞങ്ങള്‍ കൊച്ചിയിലെത്തി, തിരക്കഥ വായിച്ചു. വായിച്ചു കഴിഞ്ഞ അടുത്ത സെക്കന്‍ഡില്‍ തന്നെ പാര്‍വ്വതി ഓക്കേ പറഞ്ഞു.
മൊയ്തീനിലെ കേന്ദ്രകഥാപാത്രങ്ങളായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കുറച്ച് കോംബിനേഷന്‍ സീനുകളേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ‘മൈ സ്‌റ്റോറി’യിലെ ഭൂരിഭാഗം രംഗങ്ങളും ഇവരൊന്നിച്ചാണ്. അതു വെല്ലുവിളിയായിരുന്നു.
Read More: ‘മൈ സ്റ്റോറി’ എല്ലാവരുടേയും സ്റ്റോറി: റോഷ്‌നി ദിനകര്‍
മറ്റൊരു സന്തോഷമെന്തെന്നാല്‍, ‘ഉറുമി’ എന്ന ചിത്രത്തിനു ശേഷം ഞാന്‍ മൂന്നു പ്രൊജക്ടുകള്‍ പൃഥ്വിയെ വച്ച് ആലോചിക്കുകയും എഴുതുകയും ചെയ്തതാണ്. പക്ഷെ അതൊക്കെ സ്‌ക്രീനിലേക്കെത്താന്‍ ഇനിയും സമയമെടുക്കും. ഈ സ്വപ്‌നത്തിനൊപ്പം റോഷ്‌നിയും ദിനകറും നിന്നതുകൊണ്ടാണ് ഇത് സാധ്യമായത്.
? പൂര്‍ണമായും പുറം രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയാണ് ‘മൈ സ്റ്റോറി‘? മലയാളി പ്രേക്ഷര്‍ ഈ ചിത്രത്തെ എങ്ങനെ സ്വീകരിക്കും
വിദേശ പശ്ചാത്തലത്തിലൊരുക്കിയ പല ചിത്രങ്ങളുമായും ഞാന്‍ മുമ്പും സഹകരിച്ചിട്ടുണ്ട്. അതില്‍ ‘കടല്‍കടന്നൊരു മാത്തുക്കുട്ടി‘യൊഴികെ നമ്മുടെ നാടിന്റെ വേരുകളുള്ള മറ്റൊന്നും ഇല്ല. പക്ഷെ ‘മൈ സ്റ്റോറി’ അതിലൊക്കെ ഉപരി ഒരു വൈകാരിക യാത്രയാണ്, അതൊരു കള്‍ച്ചറല്‍ ട്രിപ്പ് കൂടിയാണ്. എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു സന്തോഷം എന്താണെന്നു വച്ചാല്‍ ‘ഉറുമി’ എന്ന ചിത്രത്തിന് ഒരു പോര്‍ച്ചുഗല്‍ പശ്ചാത്തലം ഉണ്ടായിരുന്നു. എന്നാല്‍ പോര്‍ച്ചുഗലില്‍ വച്ചല്ല അതിന്റെ ചിത്രീകരണം നടന്നത്. പക്ഷെ ‘മൈ സ്റ്റോറി’ ഞങ്ങള്‍ ഷൂട്ട് ചെയ്തത് പോര്‍ച്ചുഗലില്‍ വച്ചാണ്. എനിക്ക് പുസ്തകങ്ങളിലൂടെ വളരെ അടുപ്പമുള്ളൊരു നാടാണ്.
? ‘മൈ സ്റ്റോറി’ എന്ന പേരിലേക്കെത്തിയത്
ലിസ്ബണിലെ റോസിയോ സ്‌ക്വയറില്‍ വച്ചാണ് ‘മൈ സ്റ്റോറി’യുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. ലോക്കേഷന്‍ കാണാന്‍ ഞാന്‍ ലിസ്ബണില്‍ പോയിരുന്നു. തിരിച്ചുള്ള യാത്രയില്‍ എനിക്ക് ദുബായിലേക്കായിരുന്നു എത്തേണ്ടിയിരുന്നത്. വിസ വരാന്‍ വൈകിയതുകൊണ്ട് കുറച്ചുദിവസംകൂടി ലിസ്ബണില്‍ താമസിക്കേണ്ടി വന്നു. എയര്‍പോര്‍ട്ടിലേക്കെത്താന്‍ സൗകര്യത്തിനുള്ള താമസ സ്ഥലമായിരുന്നു ഞാന്‍ അന്വേഷിച്ചിരുന്നത്. ഞാന്‍ റോസിയോ സ്‌ക്വയറിലെ ഒരു ഹോട്ടലില്‍ താമസിക്കാന്‍ തീരുമാനിച്ചു, ഒരു റൂമെടുത്തു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ റോഷ്‌നി എന്നെ വിളിച്ചു. ആ സമയത്ത് എന്റെ മനസിലുള്ള ചില പേരുകള്‍, ഹോട്ടലിലെ ലെറ്റര്‍പാഡിലെഴുതി ഞാന്‍ വാട്ട്‌സ് ആപ്പ് ചെയ്തു. ആ ചിത്രത്തില്‍ റോഷ്‌നിയുടെ കണ്ണുടക്കിയത് ‘മൈ സ്‌റ്റോറി’യിലായിരുന്നു. സത്യത്തില്‍ അത് ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ പേരായിരുന്നു. ലെറ്റര്‍പാഡില്‍ അത് പ്രിന്റ് ചെയ്തിരുന്നു. റോഷ്‌നി പൃഥ്വിയെ വിളിച്ചു പറഞ്ഞു. അതിനെക്കാള്‍ യോജിച്ച ഒരു പേര് ആ ചിത്രത്തിന് നല്‍കാന്‍ പറ്റില്ല.