‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് ‘മൈ സ്‌റ്റോറി’ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്‌.  അങ്ങനെ വെറുതേ എത്തി എന്നു പറയാനാകില്ല. താരങ്ങളുടെ ഡേറ്റ് പ്രശ്നങ്ങള്‍, അതുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള നിര്‍മ്മാണ പ്രതിസന്ധികള്‍, നടി പാര്‍വ്വതിയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണം തുടങ്ങിയ വലിയ കടമ്പകള്‍ കടന്നാണ് ‘മൈ സ്‌റ്റോറി’ പ്രേക്ഷകരിലേക്ക് എത്തുന്നത്‌.

ഇത്രയേറെ കാത്തിരിപ്പുകൾക്കും കഷ്ടപ്പാടുകൾക്കുമൊടുവിൽ ചിത്രം വെള്ളിത്തിരയിലെത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ തീർച്ചയായും വളരെ ഉയരത്തിലായിരിക്കും. ആ പ്രതീക്ഷകളെ അത്രയൊന്നും നിരാശപ്പെടുത്താതെ തന്നെയാണ് റോഷ്നി ദിനകർ എന്ന നവാഗത സംവിധായിക തന്റെ ആദ്യ ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന ജയകൃഷ്ണന്‍ എന്ന ജയ് (പൃഥ്വിരാജ്), സിനിമയിലെ മുന്‍നിര നായികയായ താര എന്നിവരുടെ കഥയാണ് ‘മൈ സ്‌റ്റോറി’. ജയ്‌യുടെ ആദ്യ ചിത്രത്തിലെ നായിക താരയാണ്. ചിത്രത്തിന്റെ ഷൂട്ടിങിനായി ഇവര്‍ പോര്‍ച്ചുഗലില്‍ എത്തുകയാണ്. താരയുടെ വിവാഹം നേരത്തേ ഒരു കോടീശ്വരനുമായി ഉറപ്പിച്ചതാണ്. ആ വിവാഹമോ സിനിമയോ ഇപ്പോള്‍ ജീവിക്കുന്ന ജീവിതം പോലുമോ താന്‍ ആഗ്രഹിക്കുന്നതല്ലെന്ന് താരയ്ക്കറിയാം. പോര്‍ച്ചുഗലില്‍ വച്ച് താര ജയ്‌യുമായി അടുക്കുകയും ജീവിതത്തെ സ്‌നേഹിക്കാനുള്ള പ്രതീക്ഷകള്‍ അവള്‍ അയാളില്‍ കാണുകയും ചെയ്യുന്നു. ജയ്‌യോടുള്ള താരയുടെ പ്രണയമാണ് പിന്നീട് സിനിമയെ നയിക്കുന്നത്.

മലയാള സിനിമയില്‍ മുമ്പ് കണ്ടിട്ടുള്ള നിരവധി ക്ലീഷേകള്‍ ഉള്ള ചിത്രം തന്നെയാണ് ‘മൈ സ്റ്റോറി’യും. എല്ലാ പ്രണയങ്ങളിലും കാണുന്ന ‘പൈങ്കിളിത്തം’ ‘മൈ സ്‌റ്റോറി’യിലുമുണ്ട്. ജയ് എന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ് ചിത്രം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തിയാണ് ‘മൈ സ്‌റ്റോറി’ നീങ്ങുന്നത്. ആവര്‍ത്തന വിരസത തോന്നുന്ന രംഗങ്ങളുണ്ടെങ്കിലും പാര്‍വ്വതി അവതരിപ്പിച്ച താര എന്ന കഥാപാത്രത്തിലേക്ക് സിനിമ പോകുന്തോറും ‘മൈ സ്‌റ്റോറി’ കാഴ്ചക്കാരിലേക്ക് ഇറങ്ങിച്ചെല്ലും.

Read More: ‘മൈ സ്റ്റോറി’ എന്ന പേരിന് പിന്നില്‍? തിരക്കഥാകൃത്ത് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു

സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് വിധേയയായ നടിയാണ് പാര്‍വ്വതി. സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളില്‍ താനിനി അഭിനയിക്കില്ല എന്ന പ്രഖ്യാപിച്ച നടനാണ് പൃഥ്വിരാജ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒരു സ്ത്രീയും. അതുകൊണ്ടു തന്നെയായിരിക്കാം ചിത്രത്തില്‍ ഒരു വിഭാഗത്തിന്റെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഇല്ല.

കഴിഞ്ഞ പതിനഞ്ചു വർഷമായി സിനിമാരംഗത്തുള്ള റോഷ്നി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കന്നഡ സിനിമാ മേഖലയിൽ സജീവമായിരുന്ന ആളാണ് റോഷ്നി. കുടകിൽ ജനിച്ചുവളർന്ന റോഷ്നിക്ക് മലയാള സിനിമകളെക്കാൾ പരിചയവും മറ്റു അന്യാഭാഷാ ചിത്രങ്ങളോടാണ്. മൈ സ്റ്റോറിയുടെ ഓരോ ഫ്രെയിമും അത് വിളിച്ചോതുന്നുണ്ട്.

‘ഉറുമി’, ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ശങ്കര്‍ രാമകൃഷ്ണനാണ് ‘മൈ സ്‌റ്റോറി’യുടെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ സംഭാഷണങ്ങള്‍ മനോഹരമായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പലയിടങ്ങളിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ഒരുക്കിവച്ചിട്ടുണ്ട്.

‘ടേക്ക് ഓഫി’ന് ശേഷം പാര്‍വ്വതി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ‘മൈ സ്‌റ്റോറി’. തന്റെ എല്ലാ കഥാപാത്രത്തോടും എന്ന പോലെ ഇവിടെയും ഏറ്റവും സത്യസന്ധതമായി തന്നെ  പാര്‍വ്വതി ‘മൈ സ്റ്റോറി’യിലും അഭിനയിച്ചിട്ടുണ്ട്. താര എന്ന കഥാപാത്രത്തിന്റെ ഇമോഷണല്‍ ജേര്‍ണിയെ മനോഹരമായാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മനോഹരമായ ഘടകങ്ങളില്‍ ഒന്ന് പാര്‍വ്വതിയുടെ അഭിനയം തന്നെയാണ്. ജയ് എന്ന കഥാപാത്രത്തെ പൃഥ്വിരാജും ഭംഗിയാക്കി.  പക്ഷെ പലപ്പോഴും ജയ് എന്ന കഥാപാത്രം വളരെ ഡ്രമാറ്റിക്കായി അനുഭവപ്പെട്ടു.

ഷാന്‍ റഹ്മാന്റെ സംഗീതമാണ് ‘മൈ സ്റ്റോറി’യുടെ മറ്റൊരു സൗന്ദര്യം. സിനിമയില്‍ വളരെ ഒതുക്കത്തോടെ ചേര്‍ന്നൊഴുകുന്നതായി അനുഭവപ്പെടുന്ന ഗാനങ്ങൾ. രാജനാരായൺ ദേബ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. കൊളുത്തിവലിക്കുന്ന ഒരുതരം വേദന കലര്‍ന്ന സംഗീതമാണത്.

കന്നഡ സിനിമകളില്‍ ജോലി ചെയ്ത റോഷ്‌നി ദിനകര്‍ എന്ന സംവിധായിക മലയാളത്തിലൊരുക്കിയ ഒരു ബോളിവുഡ് ചിത്രം എന്നുകൂടി ‘മൈ സ്‌റ്റോറി’യെ വിശേഷിപ്പിക്കാവുന്നതാണ്. ബോളിവുഡിന്റെ ചേരുവുകള്‍ ധാരാളമുണ്ട് ‘മൈ സ്‌റ്റോറി’യില്‍. പാട്ടുകൾ ചിത്രീകരിച്ചിരിക്കുന്ന വിധം, ലൊക്കേഷൻ, കോസ്റ്റ്യൂം എന്നിവ ഉദാഹരണങ്ങളാണ്.

ജീവിതത്തില്‍ വന്ന് തൊട്ടും തൊടാതെയും, ജീവിതത്തെ കീഴ്‌മേല്‍ മറിച്ചിട്ടുമെല്ലാം പോകുന്ന മനുഷ്യരുടെ കഥയാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. എല്ലാ മനുഷ്യര്‍ക്കും ഓരോ കഥയുണ്ടല്ലോ, അത് കൊണ്ട് തന്നെയാണ് ‘മൈ സ്‌റ്റോറി’ പ്രസക്തമാകുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ