Dileep starrer My Santa to release today: ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ‘മൈ സാന്റ’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി.  ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം തരണം ചെയ്തു ക്രിസ്മസ് ദിനത്തില്‍ തന്നെ ‘മൈ സാന്റ’ റിലീസ് ചെയ്തു.

ഒരു കൊച്ചു പെൺകുട്ടിയും സാന്റായും തമ്മിലുള്ള​ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനുശ്രീ, സണ്ണി വെയ്ൻ എന്നിവരും ചിത്രത്തിലുണ്ട്. നിഷാദ് കോയ, അജീഷ് ​ഒ കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. നവാഗതനായ ജെമിൻ സിറിയക് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

ദിലീപേട്ടൻ എന്ന സുഹൃത്ത്

“എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദിലീപേട്ടൻ. ഞാനെപ്പോഴും പറയാറുണ്ട്, സിനിമയിൽ ഒരുപടി മേലെ സൗഹൃദം ആരോടെങ്കിലും ഉണ്ടെങ്കിൽ അത് ദിലീപേട്ടനോടും ചാക്കോച്ചനോടും ആണെന്ന്. രണ്ടുപേരുടെ അടുത്തും ഒരു കംഫർട്ട് തോന്നിയിട്ടുണ്ട്.

ദിലീപേട്ടനോടൊപ്പം, മുൻപ് ‘ചന്ദ്രേട്ടൻ എവിടെയാ’ എന്ന ചിത്രം ചെയ്തു.  ‘മൈ സാന്റ’യിൽ ആദ്യം മുതൽ അവസാനം വരെയുള്ളൊരു കഥാപാത്രമൊന്നുമല്ല എന്റേത്.  ഒരു കുട്ടിയും സാന്റയും തമ്മിലുള്ള ആത്മബന്ധമായതു കൊണ്ട് ദിലീപേട്ടനും ആ കുട്ടിയുമാണ് കൂടുതൽ സീനുകളിൽ.  ആ കുട്ടി എല്ലാം തുറന്നു പറയുന്ന ഒരു ക്ലാസ്മേറ്റ് ഉണ്ട് ചിത്രത്തിൽ. ആ ക്ലാസ്സ്മേറ്റിന്റെ അമ്മയായാണ് ഞാനെത്തുന്നത്.  കുട്ടികൾക്ക് ഇഷ്ടം തോന്നുന്ന ഒരു ചിത്രമായിരിക്കും ‘മൈ സാന്റ’ എന്നാണ് പ്രതീക്ഷ. ആ രീതിയിലാണ് ചിത്രമെടുത്തിരിക്കുന്നത്,” ‘മൈ സാന്റ’യില്‍ അഭിനയിച്ചതിന്റെ അനുഭവങ്ങളെക്കുറിച്ച് നടി അനുശ്രീ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ. അനുശ്രീയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.

Read Here: ഇരട്ടിമധുരവുമായി ഒരു ക്രിസ്മസ്: അനുശ്രീ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook