മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥയെ ആസ്പദമാക്കിയുളള ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ഈയടുത്താണ് പുറത്തിറങ്ങിയത്. കോണ്‍ഗ്രസിനേയും മന്‍മോഹന്‍ സിങ്ങിനേയും അപകീര്‍ത്തിപ്പെടുത്താനുളള ബിജെപിയുടെ പ്രൊപ്പഗാണ്ട സിനിമയായിരുന്നു ഇതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ ചിത്രത്തിനൊപ്പം തന്നെ പുറത്തിറങ്ങിയ ‘ഉറി’ എന്ന ചിത്രം ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ആക്രമണത്തെ വരച്ച് കാണിച്ചതായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥയും സിനിമയാവുകയാണ്.
എന്നാല്‍ ബിജെപിയുടെ തന്ത്രത്തിന് അതേപടി മറുപടിയാണ് പുതിയ ചിത്രമെന്നാണ് സൂചന. കാരണം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതമാണ് സിനിമയാവുന്നത്. സംവിധാനം ചെയ്യുന്നതാവട്ടെ മലായളിയായ രൂപേഷ് പോളും. ‘മൈ നൈം ഈസ് രാഗാ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസിനായി രാഹുല്‍ ചെയ്ത കാര്യങ്ങളും, പാര്‍ട്ടി തിരിച്ചുവന്നതും ചിത്രത്തിന്റെ ഭാഗമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് രാഷ്ട്രീയ മൈലേജ് ഈ ചിത്രത്തിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ദിരയും രാഹുലും തമ്മിലുള്ള അടുപ്പമാണ് ടീസറിന്റെ ആദ്യ ഭാഗങ്ങളില്‍ കാണാനാവുക. ഇന്ദിരാഗാന്ധി വധവും ചിത്രത്തിന്റെ ഭാഗമാകുന്നു. 1984 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയമാകുക. പ്രശസ്ത നടന്‍ അശ്വിനി കുമാറാണ് രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവതരിപ്പിക്കുന്നത് ഹിമന്ത കപാഡിയയാണ്.
ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്ററില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരന്‍ രാജു ഖേറാണ് രാഹുലിന്റെ ബയോപിക്കില്‍ മന്‍മോഹനായി അഭിനയിക്കുന്നത്. ഡാനിയേലെ പെറ്റിറ്റെ ആണ് സോണിയാ ഗാന്ധിയായി വേഷമിടുന്നത്.