ജ്യോതികയുടെ മഗിലേര്‍ മട്ടുമിന്‍റെ വഴിയെ പഴയ കാല ചിത്രത്തിന്‍റെ പേര് സ്വീകരിച്ച മറ്റൊരു പുതിയ തമിഴ് ചിത്രം കൂടി. അതും ബോക്സ്‌ ഓഫീസ് നിറഞ്ഞോടിയ ഒരു കമലഹാസന്‍ സിനിമയുടെ തന്നെ. സത്യ.

അര്‍ജുന്‍ എന്ന ഹിന്ദി ചിത്രത്തിന്‍റെ തമിഴ് പതിപ്പായ ഈ സിനിമ സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണ. ജാവേദ്‌ അഖ്തറിന്‍റെ കഥ. അമല ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിച്ച ഈ ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ, ബഹദൂര്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇളയരാജയുടെ സൂപ്പര്‍ ഹിറ്റ്‌ ഗാനങ്ങളിലൊന്നായ ‘വളയോസൈ കല കലവെന്റ്രു’ ഈ ചിത്രത്തിലേതാണ്.

പുതിയ സത്യയില്‍ നായകനാകുന്നത് സത്യരാജിന്‍റെ മകന്‍ സിബിരാജ്. സൈതാന്‍ സംവിധാനം ചെയ്ത പ്രദീപ്‌ കൃഷ്ണമൂര്‍ത്തിയാണ് സംവിധായകന്‍. വരലക്ഷ്മി ശരത്കുമാര്‍ നായികയാകുന്ന ചിത്രത്തില്‍ മലയാളത്തിന്‍റെ രമ്യ നമ്പീശനും തുല്യ റോളില്‍ എത്തുന്നു.

സത്യ എന്ന ടൈറ്റില്‍ കമലഹാസന്‍റെ അനുവാദത്തോട് കൂടിയാണ് ഉപയോഗിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ടു ദിവസം മുമ്പ് റിലീസ് ചെയ്ത ഫസ്റ്റ് ലുക്കില്‍ നിന്നും ഇതും പഴയ സത്യ പോലെ ഒരു ഗ്യാങ്ങ്‌സ്റ്റർ ചിത്രം തന്നെയായിരിക്കും എന്നാണ് മനസ്സിലാക്കുന്നത്.   സിനിമ നിര്‍മ്മിക്കുന്നതും സത്യരാജാണ്.  ഈ വർഷം പകുതിയോടെയാകും റിലീസ്.

ഇതിനിടെ അങ്ങ് ബോളിവുഡിലും ഒരു പഴയ കമലഹാസന്‍ സിനിമ ചര്‍ച്ചാവിഷയമായി. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഒരു കുള്ളനായി എത്തുന്നു എന്നതുമായി ബന്ധപ്പെട്ട്. 51 വയസ്സുകാരനായ ഷാരൂഖ് ആദ്യമായാണ്‌ ഇങ്ങനെ ഒരു പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നത്.

ഷാരൂഖ് - കമല്‍

ഷാരൂഖ് – കമല്‍

അപൂര്‍വ്വ സഹോദരര്‍കളിലെ കമലഹാസന്‍റെ കുള്ളനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തന്‍റെ ലുക്ക്‌ എന്ന് ഷാരൂഖ് പറയുന്നു. തങ്ങളുടെ പരിശ്രമങ്ങള്‍ ജനങ്ങള്‍ക്ക്‌ ഇഷ്ടമാകണം എന്നത് പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച്‌ 21 നു ആരംഭിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ആറു മാസം കൊണ്ട് പൂര്‍ത്തിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook