സിനിമയുടെ ട്രെയിലർ ലോഞ്ചും ഓഡിയോ ലോഞ്ചും പ്രീമിയറുമൊന്നും ഇപ്പോൾ മലയാളികൾക്ക് ഒരു പുതുമയുള്ള അനുഭവമല്ല. വിവിധ തരം പ്രമോഷൻ പരിപാടികളാണ് സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നതിനായി അണിയറയിൽ നടക്കാറുള്ളത്. എന്നാൽ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ ഈ പ്രമോഷൻ വീഡിയോ ഒന്നു കണ്ടു നോക്കൂ. പ്രേം നസീറും അമിതാഭ് ബച്ചനും രജനികാന്തും മുൻ മുഖ്യമന്ത്രി കരുണാകരനുമൊക്കെ ഉണ്ട് പ്രീമിയർ കാണാൻ.
ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ത്രിഡി ചലച്ചിത്രമെന്നാണ് 1984 ൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ വിശേഷിപ്പിക്കപ്പെടുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രം നിർമ്മിച്ചത് നവോദയ അപ്പച്ചനായിരുന്നു. രഘുനാഥ് പലേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സംഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.
Read More: മോഹൻലാൽ ചിത്രം ‘ബറോസ്സി’നൊപ്പം വാർത്തകളിൽ നിറയുന്ന ജിജോ പുന്നൂസ്
1984 ൽ റിലീസിനെത്തിയ ചിത്രം 1997 ൽ വീണ്ടും പുതിയ രീതിയിൽ ക്രമപ്പെടുത്തി റി-റീലിസ് ചെയ്തിരുന്നു. ആ സമയത്താണ് ആദ്യമായി മലയാള സിനിമയ്ക്ക് ഡിടിഎസ് സംവിധാനം ജിജോ പരിചയപ്പെടുത്തുന്നത്. 2011ൽ ഡിജിറ്റൽ ഫോർമാറ്റിലും ചിത്രം റിലീസിനെത്തിച്ചിരുന്നു. ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന് പതിപ്പുകൾ ഇറങ്ങിയിരുന്നു. ചോട്ടാ ചേത്തൻ (ഹിന്ദി), സുട്ടി ചാത്താൻ (തമിഴ്) എന്നിവയാണ് കുട്ടിച്ചാത്തന്റെ മറുഭാഷാപതിപ്പുകൾ.
ഓണക്കാലത്താണ് മൈ ഡിയർ കുട്ടിച്ചാത്തൻ പ്രദർശനത്തിന് എത്തുന്നത്. സാധാരണക്കാർക്ക് തികച്ചും പുതിയ ഒരു ആശയമായ ‘ഇന്ത്യയുടെ ആദ്യ 3 ഡി മൂവി’ എന്നാണ് പോസ്റ്ററുകൾ ചിത്രത്തെ വിശേഷിപ്പിച്ചത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ആളുകൾ പറഞ്ഞ് ചിത്രത്തിന് ആവശ്യത്തിന് പ്രമോഷനുമായി.
കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോ പുന്നൂസ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിജോ പുന്നൂസ് ആണ്.
ജിജോയുടെ തന്നെ സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് മലയാളത്തിലെ ആദ്യ 70 എംഎ ചിത്രമെന്ന രീതിയിലാണ്. നൂതനമായ സാങ്കേതിക വിദ്യകൾ മലയാള സിനിമയ്ക്ക് പരിചിതനാക്കിയ ഫിലിം മേക്കർ എന്ന രീതിയിൽ കൂടിയാണ് ജിജോ മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. ജിജോയുടെ ‘പടയോട്ട’ത്തിൽ മോഹൻലാൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഒപ്പം പ്രേം നസീർ, മധു, ലക്ഷ്മി, ശങ്കർ, പൂർണ്ണിമ ജയറാം, മമ്മൂട്ടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. നവോദയായുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ‘പടയോട്ടം’ അലക്സാണ്ടർ ഡ്യൂമാസിന്റെ ‘ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ’ എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ചിത്രമായിരുന്നു.