Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

പ്രേക്ഷകരെ വിസ്മയിപ്പിച്ച കുട്ടിച്ചാത്തനും ലക്ഷ്മിയും ഇന്ന്

ഇന്ത്യൻ സിനിമയുടെ വിസ്മയമായ ‘മൈ ഡിയർ കുട്ടിച്ചാത്തനി’ലെ ബാലതാരങ്ങളുടെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും

Sonia-My-dear-kuttichathan, M.-P.-Ramnath-My-Dear-Kuttichathan

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച ചിത്രമാണ് ‘മൈഡിയർ കുട്ടിച്ചാത്തൻ’. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രം. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ചിത്രം. അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗ് ചിത്രത്തെ കുറിച്ച് അറിയുകയും കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകരായ നവോദയ അപ്പച്ചനും സംഘവും പ്രൊജക്ടറുകളും സ്പെഷൽ സ്ക്രീനുകളുമായി രാഷ്ട്രപതി ഭവനിലെത്തി ഗ്യാനി സിംഗിനായി സിനിമ പ്രദർശനം സംഘടിപ്പിച്ചുവെന്നും കഥകളുണ്ട്.

1984ലെ ഓണറിലീസായാണ് മൈഡിയർ കുട്ടിച്ചാത്തൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. നല്ലവനായ ഒരു കുട്ടിച്ചാത്തന്റെയും ഒരു പറ്റം കുട്ടികളുടെയും കഥയാണ് ചിത്രം പറഞ്ഞത്. എംപി രാമനാഥ് ആണ് കുട്ടിച്ചാത്തനായി എത്തിയത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ അഭിനയത്തിന് രാമനാഥിന് ദേശീയ പുരസ്കാരം ലഭിച്ചു. അതിനു മുൻപ് 1981ൽ പുറത്തിറങ്ങിയ ഓപ്പോൾ എന്ന ചിത്രത്തിലെ അഭിനയത്തിനും രാമനാഥിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മാസ്റ്റർ അരവിന്ദ് എന്ന പേരിലായിരുന്നു രാമനാഥൻ അക്കാലത്ത് അഭിനയിച്ചത്.

രണ്ടു ദേശീയ അവാർഡ് നേടിയിട്ടും പിന്നീട് അഭിനയത്തിലേക്ക് തിരിയാതെ പഠനത്തിൽ ശ്രദ്ധിക്കുകയാണ് രാമനാഥൻ ചെയ്തത്. ചെന്നെ ലയോള കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടി. ഇന്ന് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അദ്ദേഹം.

തമിഴ് നാട് സ്വദേശിയായ സോണിയ ആണ് ചിത്രത്തിൽ ലക്ഷ്മിയെ അവതരിപ്പിച്ചത്. തമിഴ്, മലയാളം, കന്നട, തെലുങ്ക് സിനിമകളിലും സീരിയലുകളിലും സജീവമാണ് സോണിയ ഇന്ന്. ‘ഇവൾ ഒരു നാടോടി’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ബാലതാരമായി​ അരങ്ങേറ്റം കുറിച്ച ആളാണ് സോണിയ. നൊമ്പരത്തി പൂവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും സോണിയ നേടിയിരുന്നു. ആദ്യകാലത്ത് ബേബി ശാലിനിയുടെ ചിത്രങ്ങൾക്ക് ശബ്ദം നൽകിയതും ലക്ഷ്മി ആയിരുന്നു. തമിഴ് നടൻ ബോസ് വെങ്കട്ട് ആണ് സോണിയയുടെ ഭർത്താവ്. തേജസ്വിൻ, ഭാവതരണി എന്നിങ്ങനെ ഒരു മകനും മകളുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്.

മാസ്റ്റർ മുകേഷ്, സൂര്യകിരൺ, കൊട്ടാരക്കര ശ്രീധരൻ നായർ, രാജൻ പി ദേവ്, ആലുമ്മൂടൻ, ലത്തീഫ്, സൈനുദ്ധീൻ, ദലീപ് താഹിൽ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചാത്തന് ശബ്ദം നൽകിയത് നെടുമുടി വേണുവായിരുന്നു.

ജിജോ പുന്നൂസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. നല്ലവനായ കുട്ടിച്ചാത്തൻ എന്ന ആശയമായിരുന്നു ചിത്രത്തിലേക്ക് ജിജോയെ എത്തിച്ചത്. അമർചിത്രകഥയുടെ എഡിറ്ററായ അനന്ത് പൈ, കഥാകൃത്തായ സക്കറിയ, കാർട്ടൂണിസ്റ്റ് ടോംസ്, സംവിധായകൻ പത്മരാജൻ എന്നിവരുമായി ജിജോ ചർച്ചകൾ നടത്തി. ഒടുവിൽ രഘുനാഥ് പലേരി തിരക്കഥാകൃത്തായി എത്തി. മൂന്നു കുട്ടികളും, അവരുടെ ചങ്ങാതിയായി മാറുന്ന കുട്ടിചാത്തന്റെയും കഥ പലേരി തിരക്കഥയാക്കി.

90 ദിവസമായിരുന്നു മൈ ഡിയർ കുട്ടിച്ചാത്തന്റെ ഷൂട്ടിങ് നടന്നത്. അതിൽ തന്നെ 14 ദിവസങ്ങൾ ചെലവഴിച്ചത് ‘ആലിപ്പഴം പെറുക്കാൻ’ എന്ന അത്ഭുത ഗാനത്തിന്റെ ചിത്രീകരണത്തിനു വേണ്ടിയായിരുന്നു. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി ജാനകിയും ശൈലജയും ചേർന്ന് ആലപിച്ച ആ ഗാനം ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയാണ്.

ഇന്ത്യയെ ഒന്നാകെ തന്നെ അത്ഭുതപ്പെടുത്തിയ മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയും പ്രേക്ഷകർക്ക് ഒരു വിസ്മയമാണ്. അത്രയും ശ്രദ്ധേയമായ സിനിമകൾ ചെയ്തതിനു ശേഷം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും മാറി നടക്കുന്ന ജിജോയെ ആണ് പ്രേക്ഷകർ കണ്ടത്.

ഒരിക്കൽ ഒരു ചാനൽ അഭിമുഖത്തിനിടെ ഇന്ത്യയിലെ നമ്പർ വൺ സംവിധായകനായി മണിരത്നത്തെ അവതാരകൻ വിലയിരുത്തിയപ്പോൾ അതു ജിജോ മൈഡിയർ കുട്ടിച്ചാത്തന് ശേഷം സിനിമകൾ ഒന്നും ചെയ്യാത്തത് കൊണ്ടാണെന്നാണ് മണിരത്നം തിരുത്തിയത്. “ജിജോ തുടർന്നും സിനിമകൾ ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകർ എന്ന് കരുതുന്നവർ പലർക്കും അദ്ദേഹത്തെക്കാൾ ഒരുപാട് താഴെ മാത്രമാകും സ്ഥാനമുണ്ടാകുക,” എന്നായിരുന്നു മണിരത്നത്തിന്റെ മറുപടി.

നവോദയ അപ്പച്ചന്റെ മകൻ കൂടിയായ ജിജോ പുന്നൂസ് നടനായാണ് തന്റെ കരിയർ ആരംഭിച്ചത്. പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നീ രണ്ടു സിനിമകളാണ് ജിജോ സംവിധാനം ചെയ്തത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ബൈബിൾ കി കഹാനിയ എന്ന ടെലിവിഷൻ സീരിയലിന്റെ ക്രിയേറ്റീവ് ഡയറക്ടറായും ജിജോ പ്രവർത്തിച്ചിരുന്നു. ഏറെ നാളുകൾക്കു ശേഷം ജിജോ വാർത്തകളിൽ നിറഞ്ഞത് മോഹൻലാൽ ചിത്രം ‘ബറോസു’മായി ബന്ധപ്പെട്ടാണ്. മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ബറോസിന്റെ തിരക്കഥ ഒരുക്കുന്നത് ജിജോ​ ആണ്.

Read more: മോഹൻലാൽ ചിത്രം ‘ബറോസ്സി’നൊപ്പം വാർത്തകളിൽ നിറയുന്ന ജിജോ പുന്നൂസ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: My dear kuttichathan child artists latest photos

Next Story
സ്വിം സ്യൂട്ടിലുളള ഫൊട്ടോയ്ക്ക് മോശം കമന്റിട്ടയാൾക്ക് ചുട്ട മറുപടി കൊടുത്ത് ദിയ കൃഷ്ണdiya krishna, instagram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express