scorecardresearch

മമ്മൂട്ടിയുടേയും ജോയ് മാത്യുവിന്‍റെയും മാത്രമല്ല, മുത്തുമണിയുടേയും കൂടിയാണ് 'അങ്കിള്‍'

"വളരെ ബാലന്‍സ്ഡായി ചെയ്യേണ്ട ഒരു കഥാപാത്രമാണ്. അവരുടെ ഉള്ളില്‍ മകളെക്കുറിച്ചുള്ള എല്ലാ ആധികളും ഉണ്ട്. പക്ഷെ കരഞ്ഞും ടെന്‍ഷനടിച്ചും ഇരിക്കുന്ന ആളല്ല", 'അങ്കിളി'ലെ കഥാപാത്രത്തെക്കുറിച്ച് മുത്തുമണി

"വളരെ ബാലന്‍സ്ഡായി ചെയ്യേണ്ട ഒരു കഥാപാത്രമാണ്. അവരുടെ ഉള്ളില്‍ മകളെക്കുറിച്ചുള്ള എല്ലാ ആധികളും ഉണ്ട്. പക്ഷെ കരഞ്ഞും ടെന്‍ഷനടിച്ചും ഇരിക്കുന്ന ആളല്ല", 'അങ്കിളി'ലെ കഥാപാത്രത്തെക്കുറിച്ച് മുത്തുമണി

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
മമ്മൂട്ടിയുടേയും ജോയ് മാത്യുവിന്‍റെയും മാത്രമല്ല, മുത്തുമണിയുടേയും കൂടിയാണ് 'അങ്കിള്‍'

മമ്മൂട്ടി ചിത്രം, ജോയ് മാത്യു ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ 'അങ്കിള്‍' ഒരു മുത്തുമണി ചിത്രമാകുന്ന കാഴ്ചയാണ് ഓരോ പ്രേക്ഷകനും. ചിത്രം കണ്ടിറങ്ങിയ ഓരോരുത്തരുടേയും ഉള്ളിലേക്കും ലക്ഷ്മി എന്ന കഥാപാത്രം വളര്‍ന്നിരിക്കും. 'അങ്കിളി'നെക്കുറിച്ചും, ചിത്രത്തിലെ അനുഭവത്തെക്കുറിച്ചും മുത്തുമണി ഐ ഇ മലയാളത്തോട് സംസാരിക്കുന്നു.

Advertisment

"ലാസ്റ്റ് മിനിട്ടാണ് ഞാന്‍ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. എന്‍റെ റോള്‍ എന്താണെന്നു പോലും ഞാന്‍ ചോദിച്ചില്ല. 'ഷട്ടറൊ'ക്കെ ചെയ്ത ജോയേട്ടനോട് അത് ചോദിക്കേണ്ട ആവശ്യവും തോന്നിയില്ല. അത്രയ്ക്ക് വിശ്വാസം ഉണ്ടായിരുന്നു.

ആദ്യം ഒരു ഡോക്ടറുടെ റോളിലേക്കായിരുന്നു. എന്നാല്‍ പകുതിയിലേറെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ജോയേട്ടന്‍ പറയുന്നത് ഈ റോളൊന്നു മാറ്റിയാലോ എന്ന്."

വായിക്കാം: ആള്‍ക്കൂട്ടത്തിന്‍റെ, ആണ്‍കൂട്ടത്തിന്‍റെ കരണത്തടിക്കുന്ന 'അങ്കിള്‍'

Advertisment

Muthumani 1

2006ല്‍ പുറത്തിറങ്ങിയ 'രസതന്ത്രം' എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് മുത്തുമണി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് സ്വഭാവ നടിയായി ധാരാളം വേഷങ്ങള്‍ കൈാര്യം ചെയ്തു.  ഞാൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ വലിയമ്മയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  മമ്മൂട്ടിക്കൊപ്പം തന്നെ കടൽ കടന്നൊരു മാത്തുക്കുട്ടി, മുന്നറിയിപ്പ് എന്നീ ചിത്രങ്ങളിലും മുത്തുമണി അഭിനയിച്ചു.  എങ്കിലും ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് 'അങ്കിളി'ലെ ഈ അമ്മ വേഷം.

"ആദ്യമായാണ് ഇത്തരത്തില്‍ ഒരു അമ്മ വേഷം ചെയ്യുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് ജോയേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്ക് തീരെ ആത്മവിശ്വാസം ഇല്ലായിരുന്നു. ക്ലൈമാക്‌സാണ് ഞാന്‍ ആദ്യം കേട്ടത്. എനിക്ക് താങ്ങില്ല ഇതെന്ന് ഞാന്‍ ജോയേട്ടനോട് പറഞ്ഞു.

പക്ഷെ ജോയേട്ടന്‍ പറഞ്ഞു പുള്ളിക്ക് എന്നില്‍ നല്ല ആത്മവിശ്വാസം ഉണ്ടെന്ന്. പുള്ളിയും മമ്മൂക്കയും കൂടിയാണ് എന്നെ ഈ കഥാപാത്രമാകാന്‍ തിരഞ്ഞെടുത്തത്. മമ്മൂക്കയാണ് പറഞ്ഞതെന്ന് പിന്നീട് ജോയേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതു കേട്ടപ്പോളാണ് ഞാനും അറിഞ്ഞത്. ഭയങ്കര സന്തോഷമായി."

Muthumani 2

മമ്മൂട്ടിയ്ക്കും ജോയ് മാത്യുവിനും തെറ്റിയില്ല അക്കാര്യത്തില്‍ എന്ന് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകനും മനസിലാകും. അത്രയ്ക്കും സ്വാഭാവികമായി കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായി മാറാന്‍ മുത്തുമണിക്ക് സാധിച്ചിട്ടുണ്ട്.

"വളരെ ബാലന്‍സ്ഡായി ചെയ്യേണ്ട ഒരു കഥാപാത്രമാണ്. അവരുടെ ഉള്ളില്‍ മകളെക്കുറിച്ചുള്ള എല്ലാ ആധികളും ഉണ്ട്. പക്ഷെ കരഞ്ഞും ടെന്‍ഷനടിച്ചും ഇരിക്കുന്ന ആളല്ല. മാത്രമല്ല, സിനിമയിലെ പൊതുവില്‍ കാണുന്ന അമ്മ കഥാപാത്രങ്ങളെ പോലെ സീരിയലും കണ്ട് നടക്കുന്ന ഒരാളും അല്ല. അവര്‍ക്ക് അവരുടേതായ സ്‌പേസ് ഉണ്ട്. സന്തോഷങ്ങളുണ്ട്.

പുസ്തകം വായിക്കാന്‍ സമയം കണ്ടെത്തുന്ന സ്ത്രീയാണ്. വൈകാരികമായി പെരുമാറിയേക്കാവുന്ന പല ഘട്ടങ്ങളിലും പക്വതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവിനു പോലും അറിയാത്ത ഒരാള്‍ അവരുടെ ഉള്ളില്‍ ഉണ്ട് താനും.", മുത്തുമണി കഥാപാത്രത്തെക്കുറിച്ച് വിശദീകരിച്ചു.

"ആദ്യമായാണ് ലൊക്കേഷനില്‍ ഒരു സീന്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞ് എനിക്ക് കൈയ്യടി കിട്ടുന്നത്. വളരെ സന്തോഷം തോന്നി.

മാത്രമല്ല, സിനിമ കഴിഞ്ഞ് അറിയുന്നതും അറിയാത്തതുമായ പല നമ്പറുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മെസ്സേജുകള്‍ വരുന്നുണ്ട്. വളരെ സന്തോഷമുണ്ട്. നല്ല ദൈര്‍ഘ്യമുള്ള സംഭാഷണങ്ങളായിരുന്നു അവസാന ഭാഗങ്ങളില്‍ ഒക്കെ. എനിക്കാണെങ്കില്‍ ഇപ്പോളും ഔട്ട് ഡോര്‍ ഷൂട്ട് എന്നു കേള്‍ക്കുന്നതേ ടെന്‍ഷനാണ്. ഇത്രയും നാള്‍ ഇന്‍ഡോറില്‍ വളരെ കംഫര്‍ട്ടബിള്‍ ആയുള്ള ഇടങ്ങളിലായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത്.

Muthumani 'അങ്കിള്‍' ലൊക്കേഷൻ (ചിത്രം: ലെബിസൺ ഗോപി)

'അങ്കിളി'ന്‍റെ ലൊക്കേഷന്‍ അങ്ങനെ നോക്കുമ്പോള്‍ കുറച്ച് ചാലഞ്ചിംഗ് തന്നെ ആയിരുന്നു. മമ്മൂക്കയുടെ ആരാധകര്‍ തന്നെ ഒത്തിരി പേരുണ്ട് അദ്ദേഹത്തെ കാണാന്‍ അവിടെ. വയനാട്ടിലെ കുറേപേര്‍ ഷൂട്ടിംഗ് കാണാന്‍ വന്നിരുന്നു. അവരുടെ ഒക്കെ മുമ്പില്‍ വച്ചാണ് അഭിനയിക്കേണ്ടത്. നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അന്ന് മമ്മൂക്കയും ജോയേട്ടനും ഒക്കെ നന്നായി സപ്പോര്‍ട്ട് ചെയ്തു. 'ഈ ഡയലോഗ് ഇങ്ങനെ പറഞ്ഞൂടെ, ഇതു കൂടി ആഡ് ചെയ്തുകൂടെ, ഇത് വേണോ' എന്നൊക്കെ പറഞ്ഞ് മമ്മൂക്ക അത്രയും സഹായിച്ചു."

സമൂഹത്തിലെ എത്രയോ പേര്‍ പറയാനും ചെയ്യാനും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ആ കഥാപാത്രത്തിലൂടെ തനിക്ക് ചെയ്യാന്‍ കഴിഞ്ഞതെന്ന് മുത്തുമണിക്ക് നന്നായി അറിയാം. ഇത്രയും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും മുത്തുമണി സിനിമ ഇതുവരെ കണ്ടിട്ടില്ല.

"അങ്കിള്‍ കാണാന്‍ ഞാന്‍ ഇതുവരെ തിയേറ്ററില്‍ പോയില്ല. സത്യത്തില്‍ ഞാന്‍ അഭിനയിച്ച ഒരു സിനിമയും ആദ്യദിവസങ്ങളില്‍ തിയേറ്ററില്‍ പോയി കാണാറില്ല. ഇത്രയും വര്‍ഷം ആയിട്ടും അതിനുള്ള ധൈര്യം ഉണ്ടായിട്ടില്ല," ചിരിച്ചുകൊണ്ട് മുത്തുമണി പറയുന്നു.

ചിത്രങ്ങള്‍: ഫേസ്ബുക്ക്‌/ഇന്‍സ്റ്റാഗ്രാം

Mammootty Joy Mathew

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: