/indian-express-malayalam/media/media_files/uploads/2019/11/kishor-1.jpg)
ലക്ഷദ്വീപിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബങ്ങളുടെ പാശ്ചാത്തലത്തിൽ സ്വവർഗപ്രണയം, ട്രാൻസ്ജന്റർ തന്മ (Transgender Identity) എന്നിവ വ്യക്തിയിലും കുടുംബത്തിലും സൃഷ്ടിക്കുന്ന അനുരണനങ്ങളെ പഠനവിധേയമാക്കുകയാണ് ഗീതു മോഹൻദാസിന്റെ ആദ്യ മലയാള ചിത്രമായ 'മൂത്തോൻ.' ആദ്യചിത്രമായ ഹിന്ദിയിൽ എടുത്ത 'Liars Dice' (2013) മുഖേന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ കഴിവ് തെളിയിച്ചതിന് ശേഷമാണ് ഗീതുവിന്റെ മലയാള അരങ്ങേറ്റം എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പുരുഷാധിപത്യം കൊടികുത്തി വാഴുന്ന സിനിമാമേഖലയിൽ അർഹിക്കുന്ന ഇടം നേടിയെടുക്കാൻ ഒരു സ്ത്രീ സംവിധായികക്ക് ഇത്തരം തന്ത്രപൂർവമായ എൻട്രി ആവശ്യമാണ്.
അല്ലാഹുവിന്റെ വെളിച്ചപ്പാടായ, സ്വവർഗാനുരാഗിയായ, മുസ്ലീം നായകൻ എന്നത് തന്നെയാണ് ഈ സിനിമയെ മലയാളി സമൂഹത്തിന് ആവശ്യമായ കൾച്ചറൽ ഷോക്ക് ആക്കി മാറ്റുന്നത്. സ്വവർഗപ്രണയം എന്നത് പാശ്ചാത്യവൽക്കരണത്തിന്റെയും നഗരവൽക്കരണത്തിന്റെയും സന്തതിയാണെന്ന തെറ്റിദ്ധാരണ ഗ്രാമീണനും ദൈവവിശ്വാസിയുമായ അക്ബർ തിരുത്തുന്നുണ്ട്. നിവിൻ പോളിയെ പോലുള്ള, മാച്ചോ പരിവേഷമുള്ള, ഒരു മുൻനിര സൂപ്പർതാരം അക്ബറിന്റെ വേഷം ചെയ്യുമ്പോൾ അത് കൂടുതൽ ഫലവത്താകുന്നു. അമീറുമായി പ്രണയത്തിലായ ശേഷമാണ് കുത്ത് റാത്തീബിൽ കത്തികൊണ്ടുള്ള മുറിവുകൾ വേദനിപ്പിക്കാൻ തുടങ്ങിയത് എന്ന് അക്ബർ പറയുന്നുണ്ട്. പ്രണയമാണ് ദൈവത്തിന്റെ വെളിച്ചപ്പാടായ അക്ബറിനെ മനുഷ്യനാക്കുന്നത്. പ്രണയത്തിന് മതഭേദമോ ലിംഗഭേദമോ ഇല്ല. അമീറിന് തന്നോടുള്ള പ്രണയം അറിഞ്ഞ ശേഷം ആനന്ദത്തോടെയും ആശ്ചര്യത്തോടെയും കണ്ണാടിയിൽ നോക്കി നാണിച്ച് ചിരിക്കുന്ന അക്ബറിന്റെ ചിത്രം നിവിൻ പോളി എന്ന നടന്റെ അഭിനയജീവിതത്തിൽ ഒരു പൊൻതൂവലായി എന്നും നിലനിൽക്കും.
പ്രണയലോലനായ അക്‌ബറിൽ നിന്ന് മുംബൈ അധോലോകത്തിലെ മയക്കുമരുന്നിന് അടിമയായ ഭായിയായുള്ള നിവിന്റെ വേഷപകർച്ചയും എടുത്ത് പറയേണ്ടതാണ്. ഹോമോഫോബിയ ഇല്ലാത്ത ഒരു ജൂറിയാണ് ഉള്ളതെങ്കിൽ സംസ്ഥാന-ദേശീയ അവാർഡുകൾ ഈ വേഷത്തിലൂടെ നിവിന് ലഭിക്കുവാനുള്ള സാധ്യതയുണ്ട്. ഗുണ്ടയായ ഗേ വ്യക്തിയെ അവതരിപ്പിക്കുന്നതിലൂടെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കുകയാണ് ഗീതു എന്ന പ്രതിഭാധനയായ എഴുത്തുകാരി.
അക്രമാസക്തമായ ആണത്തമുള്ള ഗേ വ്യക്തിയെ 'മുംബൈ പോലീസ്' (2013) സിനിമയിലെ പൃഥ്വിരാജിന്റെ ആന്റണി മോസസിലൂടെ നമ്മൾ കണ്ടതാണ്. തന്റെ സ്വവർഗലൈംഗികത ഒളിപ്പിച്ച് വച്ച് ജീവിക്കുന്നതിന്റെ ഫ്രോയ്ഡിയൻ ബഹിർസ്ഫുരണമായിരുന്നു ആന്റണിയുടെ അക്രമാസക്തമായ അതിപൗരുഷം. എന്നാൽ തന്റെ ഭൂതകാലത്തിലെ പ്രണയനഷ്ടവും കാമുകന്റെ മരണവും പലായനവും ഒക്കെ മറക്കാനുള്ള അക്ബറിന്റെ ശ്രമത്തിലാണ് അവന്റെ മുംബൈയിലെ മയക്ക്‌മരുന്ന്ശീലവും ഗുണ്ടാജീവിതവുമെല്ലാം തുടങ്ങുന്നത്.
കണ്ണുകളിൽ പ്രണയം ഒളിപ്പിച്ച അക്ബറിന്റെ ഊമയായ കാമുകൻ അമീറായി റോഷൻ മാത്യു പ്രേക്ഷകരുടെ ഹൃദയം കവരുന്നു. കടലിൽ കുളിക്കുന്ന അക്ബറിന്റെയും അമീറിന്റെയും പ്രണയരംഗങ്ങൾ മുഖ്യധാരാ മലയാളസിനിമയിൽ ആദ്യമായി ഗേ പ്രണയം കാണിക്കുമ്പോൾ ആവശ്യമായ കൈയൊതുക്കത്തോടെ ഗീതു അവതരിപ്പിച്ചിരിക്കുന്നു. സ്വവർഗലൈംഗികത, അംഗപരിമിതി എന്നിവ ചേർത്ത് വയ്ക്കുന്നതിലും തിരക്കഥ എഴുതിയ ഗീതുവിന്റെ ഉൾക്കാഴ്ചകൾ ദർശിക്കാം.
വിവാഹം ചെയ്യുവാൻ തീരെ താൽപര്യമില്ല എന്ന് വീട്ടുകാരെ അറിയിച്ചിട്ടും അക്ബറുമായുള്ള പ്രണയബന്ധം അറിഞ്ഞിട്ടും വിവാഹവുമായി മുന്നോട്ട് പോകുന്ന കുടുംബം സമകാലിക കേരളത്തിന്റെ പരിച്ഛേദം തന്നെയാണ്. ആദ്യരാത്രിയിൽ അമീർ ആത്മഹത്യ ചെയ്യുന്നത് എൽ.ജി.ബി.ടി സമൂഹത്തിലെ വർദ്ധിച്ച ആത്മഹത്യനിരക്കിന്റെ ഒരു പ്രധാന കാരണമായ നിർബന്ധിതവിവാഹത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. പുരുഷ സ്വവർഗപ്രേമികൾക്ക് സാധാരണപുരുഷന്മാരെ അപേക്ഷിച്ച് കാമം എളുപ്പത്തിൽ കിട്ടാവുന്നതും പ്രണയം ഒരു മായപൊന്മാനായി തെന്നിമാറുന്നതുമാണ്. അതിനാൽ തന്നെയാണ് സ്വവർഗപ്രേമികളിലെ പ്രണയനഷ്ടം അത്രമേൽ ഹൃദയഭേദകമാവുന്നത്.
അമീർ പ്രണയം അറിയിക്കുന്നതിന് മുൻപ് അക്ബർ ഒരു സ്വവർഗപ്രേമിയായി സ്വയം തിരിച്ചറിഞ്ഞിരുന്നോ എന്നുള്ളത് വളരെ പ്രസക്തമായ ചോദ്യമാണ്. സ്വവർഗപ്രേമികൾ ആണെങ്കിലും രണ്ട് പേരും വളരെ വ്യത്യസ്തരായ വ്യക്തിത്വങ്ങളാണ്. ചെറുപ്പത്തിൽ അമീർ ഒതുങ്ങിയ പ്രകൃതമുള്ള നാണംകുണുങ്ങി ആയിരുന്നുവെന്ന് അക്ബറുമായുള്ള മൂസയുടെ സംഭാഷണം വെളിവാക്കുന്നുണ്ട്. എന്നാൽ അന്ന് അമീറിനെ പരിഹസിക്കാൻ താൻ കൂടിയിരുന്നില്ലെന്ന് അക്ബർ മൂസയോട് പറയുന്നത് അക്ബറിന്റെ ചെറുപ്പത്തിലെ ലൈംഗികസ്വത്വത്തെ കുറിച്ചുള്ള ഒരു സൂചനയാണ്.
കുത്ത് റാത്തീബ് സമയത്ത് യുവാവായ അമീറിനെ ആദ്യമായി കാണുന്ന അക്ബർ അവനുമായി ദീർഘനേരം മിഴികളാലുള്ള പ്രണയകൈമാറലുകൾ നടത്തുന്നുണ്ട്. ഇതും തന്റെ സ്വത്വത്തെ അക്ബർ മുൻപ് തന്നെ അറിഞ്ഞിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ചില ഗേ ആളുകൾ ബാല്യകാലത്ത് തന്നെ തങ്ങളുടെ സ്വത്വം തിരിച്ചറിയുമ്പോൾ ചിലർക്ക് കൗമാരകാലത്ത് മാത്രമേ അതിന് കഴിയുന്നുള്ളൂ എന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്. ചിലർക്ക് സ്വവർഗതാൽപര്യം ഉണ്ടെന്ന് സ്വയം അറിഞ്ഞാലും അതിനെ സ്വയം അംഗീകരിക്കാൻ മറ്റൊരാളുടെ മുൻകൈയെടുക്കൽ ആവശ്യമായി വരാറുണ്ട്.
മുംബൈയിലെ ഭായിയായ അക്ബർ ലൈംഗികതൊഴിലാളിയായ റോസി എന്ന സുന്ദരിയുമായി വേഴ്ചക്ക് ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നുണ്ട്. അക്ബർ ഒരു ബൈസെക്ഷ്വൽ ആകാനുള്ള സാധ്യതയെ ഈ ചിത്രീകരണം ഇല്ലാതാക്കുന്നുണ്ട്. ഒരുപക്ഷെ വെളിച്ചപ്പാടാകുന്ന തരത്തിലുള്ള അക്ബറിന്റെ തീവ്ര മതാഭിമുഖ്യം തന്റെ സ്വവർഗലൈംഗികതയെ ദമനം ചെയ്യാൻ ഉപയോഗിക്കുന്ന മാനസികതന്ത്രമായി വായിച്ചെടുക്കാവുന്നതാണ്. പ്രണയ നഷ്ടവും, കാമുകന്റെ മരണവും, ഗുണ്ടാജീവിതം സ്വവർഗബന്ധങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നതും, ഒക്കെയാണ് തന്റെ ലൈംഗികതയെ മയക്കു മരുന്നുകളാൽ അടിച്ചമർത്തുന്നതിലേക്ക് അയാളെ നയിക്കുന്നത്.
സഹോദരങ്ങളായവരുടെ സ്വവർഗലൈംഗികത, ട്രാൻസ്ജന്റർ ഐഡന്റിറ്റി എന്നിവ ചിത്രീകരിക്കുന്നതിലൂടെ എൽ.ജി.ബി.ടി കമ്യൂണിറ്റിക്കുള്ളിലെ സാഹോദര്യം ഈ സിനിമ ഉയർത്തി പിടിക്കുന്നുണ്ട്. ആദ്യപകുതിയിൽ നായകന്റെ സഹോദരി മുല്ലയുടെ ജന്റർ പ്രതിസന്ധികളിലാണ് സിനിമയുടെ ഊന്നൽ. സ്ത്രീശരീരത്തിൽ ജനിച്ചുവെങ്കിലും ആൺവേഷത്തിൽ ജീവിക്കാനാഗ്രഹിക്കുന്ന മുല്ലയെ ഒരു ട്രാൻസ് പുരുഷൻ എന്ന് അടയാളപ്പെടുത്താവുന്നതാണ്. ട്രാൻസ്ജന്റർ തന്മ മൂലം വീട്ടിലും സ്കൂളിലും നാട്ടിലും നേരിടുന്ന പ്രശ്നങ്ങളാണ് മുല്ലയെ നാട് വിട്ടുപോയ തന്റെ സഹോദരനെ തേടി മുംബൈയിലേക്ക് എത്തിക്കുന്നത്. ഇടവേളയ്ക്ക് തൊട്ടുമുൻപായി നായകനും പ്രേക്ഷകരും അതുവരെ മറഞ്ഞിരിക്കുന്ന ഒരു സത്യത്തെ ഒരുമിച്ച് തിരിച്ചറിയുന്നത് തിരക്കഥാ രചനയിലെ ബ്രില്യൻസ് തന്നെ!
അക്ബറും മുംബൈയിലേക്ക് നാട് വിട്ട് പോയത് തന്റെ സ്വവർഗപ്രണയം മൂലമായിരുന്നു എന്ന് സിനിമയുടെ രണ്ടാം പകുതിയിൽ മാത്രമേ നാം അറിയുന്നുള്ളൂ. കുടുംബത്തിന്റെ എതിർപ്പ് നേരിടുന്ന എല്‍.ജി.ബി.ടി മനുഷ്യർ കുടുംബം ഉപേക്ഷിച്ച് പലായനം ചെയ്യുന്നത് എക്കാലത്തെയും തുടർക്കഥയാണ്. കുടുംബത്തിന്റെ സുരക്ഷിതത്വം ഇല്ലാതായി മഹാനഗരങ്ങളിൽ എത്തിപ്പെടുന്നവർ മയക്കുമരുന്ന്-ലൈംഗികതൊഴിൽ മാഫിയകളുടെ വലയത്തിൽപെട്ട് പോവാറുണ്ട്. കുടുംബത്താൽ തിരസ്കരിക്കപ്പെടുന്ന സ്വവർഗപ്രേമികളും ട്രാൻസ് വ്യക്തികളും തങ്ങളുടെ നാശത്തിന് കാരണമായേക്കാവുന്ന കൂട്ടുകെട്ടുകളിലേക്കാണ് പലപ്പോഴും കൂപ്പുകുത്തുന്നത് എന്ന വസ്തുതയിലേക്ക് സിനിമ വെളിച്ചം വീശുന്നുണ്ട്.
Read more: ഗീതു കോംപ്രമൈസ് ഇല്ലാത്ത സംവിധായിക, ഓരോ സീനും വെല്ലുവിളി; ‘മൂത്തോൻ’ വിശേഷങ്ങളുമായി നിവിൻ പോളി
മൂത്തോനെ തേടി മുംബൈയിൽ വന്നതാണ് ഇളയോൾ. പക്ഷേ ലൈംഗികതൊഴിൽ മാഫിയ തട്ടികൊണ്ടുപോയ ഇളയോളെ തേടി പോകേണ്ടിവരുന്നുണ്ട് മൂത്തോന്. ചേട്ടൻ അനിയത്തിയെ തിരിച്ചറിഞ്ഞെങ്കിലും അനിയത്തി ചേട്ടനെ തിരിച്ചറിയാതെ പോയത് കാണികളിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. വ്യക്തികളെ വെറും ശരീരങ്ങൾ മാത്രമായി കാണുന്ന ഇടങ്ങളിൽ പെട്ടുപോയ ഇളയോൾക്ക് നിലനിൽപ്പിനായി സ്ത്രീ ലൈംഗികതൊഴിലാളിയായി മാറേണ്ടി വരുന്നു. ട്രാൻസ്ജന്റർ എന്നാൽ 'പെണ്ണായി മാറിയ ആൺ' എന്ന തെറ്റായ പൊതുബോധം നിലനിൽക്കുന്ന, ട്രാൻസ്‌പുരുഷന്മാർ അദൃശ്യരാവുന്ന സമകാലികസാഹചര്യങ്ങൾ ഈ സിനിമയിലെ ട്രാൻസ്ജന്റർ പ്രതിനിധാനം ശ്രദ്ധേയമാക്കുന്നുണ്ട്.
ഇതുവരെ പോലീസ്-ഗുണ്ട വേഷങ്ങളിൽ മാത്രം കണ്ട് ശീലിച്ച സുജിത് ശങ്കർ എന്ന നടനെ ട്രാൻസ് സ്ത്രീയായി വേഷപകർച്ച വരുത്തുന്നതിലും ഒരു സ്റ്റീരിയോടൈപ്പിന്റെ മറിച്ചിടൽ ഉണ്ട്.
സ്ത്രീ-പുരുഷ സമത്വം അല്പമെങ്കിലും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ സ്വവർഗപ്രേമികൾക്ക് ദൃശ്യതയോടെ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. ആഗോളതലത്തിൽ നോക്കുമ്പോൾ സ്വവർഗപ്രേമികളെ ഏറ്റവും കൂടുതൽ അടിച്ചമർത്തുന്നത് ഇസ്ലാമിക-അറേബ്യൻ രാജ്യങ്ങളിലാണെന്ന് കാണാം. അതിനാൽ തന്നെയാണ് ഗീതു തന്റെ ഗേ പ്രണയനായകന്മാരെ മുസ്ലീം ആക്കിയതിന് ബഹുവിധമാനങ്ങൾ കൈവരുന്നത്. ഇതിലും ഇസ്ലാമോഫോബിയ കണ്ടെത്താൻ ശ്രമിക്കുന്നവർ ഉണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. തീവ്രഹിന്ദുത്വത്തെ നേരിടാൻ അതിതീവ്രമായ ഇസ്ലാം സ്വത്വമാണ് പരിഹാരം എന്ന വിഡ്ഢിത്തം വിശ്വസിക്കുന്ന ചില ബുദ്ധിജീവികളും അതിന് കൂട്ടുനിൽക്കുന്നു എന്നത് തികച്ചും സങ്കടകരമാണ്. ഇന്ത്യയൊന്നാകെ സ്വവർഗരതി കുറ്റവിമുക്തമാക്കി മുന്നേറുമ്പോൾ തീവ്രഹിന്ദുത്വത്തെ നേരിടാനെന്ന മറയിൽ കേരളത്തിലെ മുസ്ലീം സമൂഹത്തിൽ കൂടുതൽ അറബിവൽക്കരണം നടക്കുകയാണ്. സ്വവർഗരതിയെ കുറിച്ചുള്ള സുപ്രീംകോടതി വിധികൾ ഉണ്ടായപ്പോഴൊക്കെ സ്വവർഗപ്രേമികൾക്കെതിരെ കോൺഫറൻസ് നടത്തുകയും മുഖപ്രസംഗം എഴുതുകയും പുസ്തകമിറക്കുകയും ഒക്കെയുണ്ടായത് വടക്കന്‍ കേരളത്തിലാണ് എന്നുള്ളതും ഈ സിനിമയുടെ സാമൂഹ്യപ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്.
'Liars Dice'ൽ നിന്ന് 'മൂത്തോനി'ലെത്തുമ്പോൾ ഗീതു ഒരു സംവിധായിക എന്ന നിലയിൽ ഏറെ മുന്നേറിയിരിക്കുന്നു. കേരളത്തിൽ നമുക്ക് വിരലിൽ എണ്ണാവുന്ന വനിതാ സംവിധായകർ മാത്രമേ ഉള്ളൂ. അതിൽ തന്നെ മുഖ്യധാരാസിനിമയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞത് അഞ്ജലി മേനോന് മാത്രമാണ്. അഞ്ജലിയും ശ്രീബാല കെ മേനോനും ഒക്കെ കമേർഷ്യൽ സിനിമയുടെ ഫോർമാറ്റിൽ നിന്ന്കൊണ്ട് മറ്റ് സംവിധായകരെ പോലെ മുഖ്യധാരക്ക് അപ്രിയമായ സത്യങ്ങൾ പറയാത്ത ചിത്രങ്ങൾ എടുക്കുവാനാണ് ശ്രമിക്കുന്നത്. ഇവിടെയാണ് ഗീതു വ്യത്യസ്തയാവുന്നത്. മുഖ്യധാരക്ക് പ്രിയമല്ലാത്ത വിഷയങ്ങളും എങ്ങനെ മുഖ്യധാരാപ്രേക്ഷകരെയും പിടിച്ചിരുത്തുന്ന തരത്തിൽ അവതരിപ്പിക്കാം എന്നുള്ളതിലുള്ള പാഠമാണ് ' മൂത്തോൻ'.
ഒരേ സമയം എൽ.ജി.ബി.ടി സിനിമയും മുഖ്യധാരാസിനിമയും ആകുന്ന മായാജാലമാണ് 'മൂത്തോൻ'. ഇതിനാൽ തന്നെയാണ് ഗീതുവിനെ മലയാള സിനിമയ്ക്ക് ആവശ്യമായി വരുന്നത്. ഗീതു ബാല്യകാലം മുതൽ നടിയായി വളർന്നുവന്ന മലയാളസിനിമയുടെ തട്ടകത്തിൽ തന്നെ അവർ തുടരേണമേ എന്നതാണ് മലയാളസിനിമയെ സ്നേഹിക്കുന്ന എന്നെപോലുള്ളവരുടെ പ്രാർത്ഥന...
- എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമാണ് ലേഖകൻ. 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്തകത്തിന്റെ രചയിതാവ്
Read more:‘മൂത്തോന്‍’ വന്ന വഴികള്‍: ഗീതു മോഹന്‍ദാസ് അഭിമുഖം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.