/indian-express-malayalam/media/media_files/uploads/2023/08/Baby-Shalini-Hari-Dev-Krishnan.jpg)
Baby Shalini, Hari Dev Krishnan
മലയാളികൾക്ക് എക്കാലവും അവരുടെ മാമാട്ടിക്കുട്ടിയമ്മയാണ് ശാലിനി. ശാലിനിയോളം ഹൃദയം കവർന്നൊരു ബാലതാരം മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. കിലുക്കാംപെട്ടിയായ ബേബി ശാലിനി എന്ന പെൺകുട്ടി മലയാള സിനിമാപ്രേക്ഷകരെ സംബന്ധിച്ച് അവരുടെ നൊസ്റ്റാൾജിയയുടെ കൂടെ ഭാഗമാണ്.
അഞ്ചാം വയസ്സിലാണ് ശാലിനി സിനിമയിലേക്ക് എത്തുന്നത്. 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യ്ക്ക് ആയിരുന്നു ആദ്യചിത്രം. ഇതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാലിനിക്ക് ലഭിച്ചു. പിന്നീട് ഒരുപിടി ചിത്രങ്ങളിൽ ശാലിനി ബാലതാരമായി വേഷമിട്ടു. ഒരിടവേളയ്ക്ക് ശേഷം ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ നായികയായി കൊണ്ട് ശാലിനി അഭിനയത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ചിത്രത്തിൽ ശാലിനിയുടെ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനായിരുന്നു.
ശാലിനിയുടെ ആദ്യ നായകൻ കുഞ്ചാക്കോ ബോബനല്ല, അത് തിരുവനന്തപുരം സ്വദേശി ഹരിദേവ് കൃഷ്ണനാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. 1984ൽ പുറത്തിറങ്ങിയ മുത്തോടു മുത്ത് എന്ന ചിത്രത്തിൽ ശാലിനിയ്ക്ക് ഒപ്പം അഭിനയിച്ച ബാലതാരമാണ് ഹരി. ശങ്കറിന്റെ കുട്ടിക്കാലമാണ് ചിത്രത്തിൽ ഹരിദേവ് അവതരിപ്പിച്ചത്.
ചിത്രത്തിൽ അച്ചിമോളുടെ അനിലേട്ടനായി എത്തിയത് ഹരിയായിരുന്നു. സിനിമാസ്വാദകരുടെ കൂട്ടായ്മയായ മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസിൽ (m3db) സന്ന്യാസു പെരുന്തയിൽ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.
നടൻ മധുവിന്റെ അനന്തിരവനാണ് ഹരിദേവ്. ഉമ ആര്‍ട്‌സ് സിനിമയുടെ ബാനറില്‍ ചെയ്ത ഒരു ചിത്രത്തില്‍ അമ്മാവനായ മധുവാണ് ഹരിയെ ആദ്യം ക്യാമറയ്ക്ക് മുന്നില്‍പിടിച്ചു നിര്‍ത്തുന്നത്. പിന്നീട് ശ്രീകുമാരന്‍ തമ്പിയുടെ ഒരു ചിത്രത്തിലും അഭിനയിച്ചു.
/indian-express-malayalam/media/media_files/uploads/2023/08/Haridev-Krishnan.jpg)
മുത്തോടുമുത്ത് കൂടാതെ എന്റെ കളിത്തോഴൻ, നന്ദി വീണ്ടും വരിക തുടങ്ങി അഞ്ചോളം സിനിമകളിലും ഏതാനും സീരിയലുകളിലും ഹരിദേവ് അഭിനയിച്ചിട്ടുണ്ട്.
സിനിമ അഭിനയത്തിലേക്ക് തിരികെ പോയില്ലെങ്കിലും നാടകങ്ങളും ഷോർട്ട് ഫിലിം മേക്കിംഗുമൊക്കെയായി കലാപ്രവർത്തനങ്ങൾ തുടരുകയാണ് ഹരിദേവ്. നോട്ട് ഫോര്‍ സെയില്‍ എന്നൊരു ഹ്രസ്വചിത്രത്തിന്റെ കഥയൊരുക്കിയതും ഹരിദേവ് ആയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.