മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയേറ്ററിൽ മികച്ച പ്രതികരണം നേടികൊണ്ട് പ്രദർശനം തുടരുകയാണ്. വ്യത്യസ്തമായ മേക്കിംഗും ട്രീറ്റ്മെന്റുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിച്ച ഫോര്‍ഡ് മസ്താംഗ് കാറും സിനിമാപ്രേമികളുടെയും വാഹനപ്രേമികളുടെയും ശ്രദ്ധ കവർന്നിരുന്നു.
ആ ഫോർഡ് മസ്താംഗ് റോഷാക്കിലേക്ക് എത്തിയതിനെ കുറിച്ചും ചിത്രത്തിനായി നടത്തിയ മോഡിഫിക്കേഷനെ കുറിച്ചും സംസാരിക്കുകയാണ് മസ്താംഗിന്റെ യഥാർത്ഥ ഉടമയായ മാത്യു. “മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്റെ സുഹൃത്താണ്. റോഷാക്ക് എന്നൊരു പടം വരുന്നുണ്ട്, ചിത്രത്തിലേക്ക് നിന്റെ വണ്ടി കൊണ്ടുവരാൻ പറ്റുമോ എന്നു ചോദിച്ചു. മമ്മൂക്കയുടെ സിനിമയെന്നു കേട്ടപ്പോൾ തന്നെ ഞാൻ ഓകെ എന്നു പറഞ്ഞു,” പത്തൊൻപതുകാരൻ മാത്യു പറയുന്നു.
പല സിനിമകളിൽ നിന്നും മസ്താംഗിന് ‘ഓഫർ’ വന്നിരുന്നെങ്കിലും ആർക്കും കൊടുത്തില്ലെന്നും മമ്മൂക്കയോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് കാർ കൊടുത്തതെന്നും മാത്യു കൂട്ടിച്ചേർത്തു. പതിനെട്ടാം ജന്മദിനത്തിന് മാത്യുവിന് സഹോദരൻ പിറന്നാൾ സമ്മാനമായി നൽകിയതാണ് ഈ മസ്താംഗ്.
ചുവപ്പു കളറിലുള്ള മസ്താംഗിനെ മോഡിഫൈ ചെയ്തും കളർ മാറ്റിയുമാണ് റോഷാക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. “ഇതിന്റെ കളർ ബ്രൈറ്റ് റെഡ് ആയിരുന്നു. സംവിധായകന് അൽപ്പം ഡൾ ലുക്കായിരുന്നു വേണ്ടിയിരുന്നത്. റോഷാക്കിനായി ചിത്രത്തിന് ഗ്രേ കളർ മാറ്റ് ഫിനിഷ് നൽകി. വണ്ടി കേടുപാടു വന്ന രീതിയിലാണ് സിനിമയിൽ ഉപയോഗിച്ചത്. ഇതിന്റെ ഒർജിനൽ പാർട്സ് എല്ലാം മാറ്റിവച്ചതിനുശേഷം ആർട്ട് വർക്ക് ചെയ്താണ് അവർ കാറിനു മുകളിൽ പരിക്കുകൾ വരുത്തിയത്.”
ആർട്ട് വർക്കെല്ലാം കഴിഞ്ഞ് മുൻഭാഗം പൊളിഞ്ഞ രീതിയിലുള്ള കാർ കണ്ടപ്പോൾ ആദ്യം സങ്കടം തോന്നിയെന്നും എന്നാൽ അതൊക്കെ ആർട്ട് വർക്ക് ആണല്ലോ എന്നോർത്ത് സമാധാനിച്ചെന്നും മാത്യു പറയുന്നു.